ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്‌കൂളില്‍ സഹപാഠികളെ വിദ്യാര്‍ത്ഥി വെടിവെച്ചു കൊന്നു. 15 വയസ്സുകാരനായ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മിഷിഗണ്‍ പോലീസ് അറിയിച്ചു. വടക്കന്‍ ഡിട്രോയിറ്റില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള മിഷിഗണ്‍ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലാണ് ദാരുണ സംഭവം.ഡേര്‍സണ്‍ കൂപ്പര്‍ എന്ന വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നു തന്നെ കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റവരില്‍ ഒരാള്‍ അദ്ധ്യാപികയാണ്. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. അമേരിക്ക അഭിമുഖീകരിക്കുന്ന പ്രത്യേക അവസ്ഥയെന്നാണ് സംഭവത്തെ മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രേറ്റ്ചെന്‍ വിറ്റ്മെര്‍ വിശേഷിപ്പിച്ചത്.വിദ്യാര്‍ത്ഥികള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു അമേരിക്കയില്‍.
പ്രകോപനത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 14, 17 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും 16 വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരില്‍ രണ്ടു പേരെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. മറ്റ് ആറു പേരുടെ നില ഗുരുതരമല്ലെന്ന് ഓക് ലാന്‍ഡ് കൗണ്ടി അണ്ടര്‍ ഷെരീഫ് മൈക്കല്‍ ജി. മക്കേബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 15 - 20 തവണ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തെന്നു പോലീസ് കണ്ടെത്തി.പ്രതിയില്‍ നിന്ന് ഒരു കൈത്തോക്ക് കണ്ടെടുത്തതായും മക്കേബ് അറിയിച്ചു.
കൊല്ലപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചായിരുന്നോ ആക്രമണമെന്ന് വ്യക്തമായിട്ടില്ല. 60-ഓളം ആംബുലന്‍സുകള്‍ വിന്യസിച്ചാണ് 25 ഏജന്‍സികള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് റോച്ചസ്റ്റര്‍ ഹില്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോണ്‍ ലൈമാന്‍ പറഞ്ഞു.
കസ്റ്റഡിയിലെടുത്തയാളെ പ്രായപൂര്‍ത്തിയായ ആളായി കണക്കാക്കാവുന്നതാണെന്നും ഇതു സംബന്ധിച്ച നടപടി ക്രമങ്ങള്‍ ഓക്ക്ലാന്‍ഡ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ ചുമതലയാണെന്നും മക്കേബ് പറഞ്ഞു. വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നീക്കം തന്റെ ഓഫീസ് ആരംഭിച്ചതായി പ്രസ്താവനയില്‍ പ്രോസിക്യൂട്ടര്‍ കാരെന്‍ ഡി. മക്‌ഡൊണാള്‍ഡ് അറിയിച്ചു.
'ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പ് വിവരം ഭയത്തോടെയും സങ്കടത്തോടെയുമാണ് അറിഞ്ഞത്്. ഞാനും എന്റെ ഓഫീസും ഷെരീഫ് ഓഫീസുമായും ഓക്ക്ലാന്‍ഡ് കൗണ്ടി ജുവനൈല്‍ കോടതിയുമായും മറ്റ് സര്‍ക്കാര്‍, നിയമ നിര്‍വ്വഹണ സ്ഥാപനങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തുകയാണ്' മക്ഡൊണാള്‍ഡ് സി എന്‍ എന്‍ ചാനലിനോട് പറഞ്ഞു.
വെടിവെപ്പ് തന്നെ ഞെട്ടിച്ചെന്ന് ഓക്സ്ഫോര്‍ഡ് കമ്മ്യൂണിറ്റി സ്‌കൂള്‍ സൂപ്രണ്ട് ടിം ത്രോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്തുകൊണ്ടാണ് സ്‌കൂളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇല്ലാത്തതെന്ന ചോദ്യത്തിന് സൂപ്രണ്ട് കൃത്യമായ മറുപടി നല്‍കിയില്ല.സ്‌കൂളില്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ വേണമെന്ന ആവശ്യം ഈ അക്രമത്തിനു മുമ്പേ വന്നിട്ടില്ലെന്ന് ത്രോണ്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.