മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ തൊഴില്‍; ധാരണാപത്രം ഒപ്പുവെച്ച് മുഖ്യമന്ത്രി

മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ തൊഴില്‍; ധാരണാപത്രം ഒപ്പുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലസരങ്ങള്‍ സൃഷ്ടിക്കുന്ന ട്രിപ്പിള്‍വിന്‍ പദ്ധതിയുടെ ധാരണാപത്രത്തില്‍ നോര്‍ക്കയും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ പ്രതിവര്‍ഷം 8500ലധികം നഴ്‌സിംഗ് ബിരുദധാരികള്‍ പടിച്ചിറങ്ങുന്നുണ്ടെന്നും ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ഈ പദ്ധതി വഴി സാധിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഈ പദ്ധതിലൂടെ ലോകത്തിലെ പ്രധാന വ്യവസായവല്‍കൃത രാജ്യങ്ങളിലൊന്നായ ജര്‍മനിയിലെ ആരോഗ്യ മേഖലയിലേക്ക് റിക്രൂട്ടുമെന്റിനു വഴി തുറന്നിരിക്കുകയാണ്. കൊവിഡാനന്തരം പതിനായിരക്കണക്കിന് ഒഴിവുകളാണ് ജര്‍മ്മനിയില്‍ പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ആഗോള തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള നോര്‍ക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ പ്രധാന വ്യവസായല്‍കൃത രാജ്യങ്ങളിലൊന്നായ ജര്‍മനിയിലെ ആരോഗ്യ മേഖലയിലേക്ക് റിക്രൂട്ടുമെന്റിനു വഴി തുറന്നിരിക്കുന്നത്.

ട്രിപ്പിള്‍ വിന്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ജര്‍മനിയിലേക്കുള്ള ആദ്യത്തെ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കമുള്ള വിപുലമായ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിള്‍ വിന്‍ കണക്കാക്കപ്പെടുന്നത്.

കോവിഡാനന്തരം ജര്‍മനിയില്‍ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകള്‍ ഉണ്ടാകുമെന്നാണു കരുതപ്പെടുന്നത്. അടുത്ത പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയില്‍ ലോകമെങ്ങും 25 ലക്ഷത്തില്‍ അധികം ഒഴിവുകളും പ്രതീക്ഷക്കപ്പെടുന്നു. പ്രതിവര്‍ഷം കേരളത്തില്‍ 8500ലധികം നഴ്‌സിംഗ് ബിരുദധാരികള്‍ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ഈ പദ്ധതി വഴി സാധിക്കും. ഇന്ത്യയിലെ ജര്‍മന്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസിലെ കോണ്‍സുലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ട്, ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആന്റ് ലേബര്‍ അഫേയഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റി എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാന്‍ കേരളത്തില്‍ എത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.