'ഓണ്‍ലൈനില്‍ നിന്നും ഓഫ് ലൈനിലേക്ക്'; കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാം

'ഓണ്‍ലൈനില്‍ നിന്നും ഓഫ് ലൈനിലേക്ക്'; കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാം

ഓണ്‍ലൈന്‍ ക്ലാസും വീട്ടിലിരുന്നുള്ള മടുപ്പും ഒക്കെ അവസാനിപ്പിച്ചു കുട്ടികള്‍ സ്‌കൂളിലേക്കും കോളേജിലേക്കും എത്തുമ്പോള്‍ അവരുടെ മാനസിക സമ്മര്‍ദവും പെരുമാറ്റ പ്രശ്‌നങ്ങളും ഒക്കെ നല്ലയളവില്‍ കുറയും എന്ന പ്രതീക്ഷയിലാണ് നമ്മള്‍. എന്നാല്‍ ഇപ്പോള്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുന്ന നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളിലും പരീക്ഷാ പേടി ആത്മവിശ്വാസക്കുറവ് എന്നിവ കണ്ടുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈനില്‍ നിന്നും ഓഫ് ലൈനിലേക്ക് എത്തുമ്പോള്‍ പരീക്ഷ നന്നായി എഴുതാന്‍ കഴിയുമോ എന്ന ആധികൊണ്ട് ഇനി സ്‌കൂളില്‍ അല്ലെങ്കില്‍ കോളേജില്‍ പോകുന്നില്ല എന്നു പോലും തീരുമാനിച്ച് മനസ് വിഷമിച്ചിരിക്കുകയാണ് പല കുട്ടികളും. കുട്ടികളുടെ ഇത്തരം പ്രശ്‌നങ്ങള്‍ കൊണ്ടു തന്നെ മാതാപിതാക്കളും വലിയ മാനസിക സമ്മര്‍ദത്തിലാണ്.

എന്നാല്‍ ഇങ്ങനെ പരീക്ഷാ പേടി ഉള്ള കുട്ടികളില്‍ മിക്കവരും നല്ല ബുദ്ധിയും കഴിവുമുള്ളവരാണ് എന്നതാണ് വാസ്തവം. പഠിക്കാനുള്ള കഴിവുപോലെതന്നെ എത്ര പ്രധാനമാണ് കുട്ടികളുടെ ആത്മവിശ്വാസവും പ്രശ്‌നം നേരിടാനുള്ള കഴിവും എന്നു നമ്മള്‍ ചിന്തിക്കേണ്ടത് വളരെ ആവശ്യമാണ്.

ക്ലാസ്സിലെ മറ്റു കുട്ടികളുമായി സ്വയം താരതമ്യം ചെയ്യുക എന്നതാണ് പല കുട്ടികളും നേരിടുന്ന വലിയ മറ്റൊരു പ്രശ്‌നം. മറ്റു കുട്ടികളെ അപേക്ഷിച്ചു ഞാന്‍ അത്ര പോരാ, എനിക്ക് അവര്‍ക്കൊപ്പം എത്താനാവില്ല, അവര്‍ എന്നെ കളിയാക്കും, ഒറ്റപ്പെടുത്തും, എനിക്ക് സുഹൃത്തുക്കള്‍ ആരും ഇല്ലാതെയാകും എന്നിങ്ങനെയുള്ള ചിന്തകള്‍ അവരുടെ മനസിനെ വല്ലാതെ അലട്ടുന്നതായി കുട്ടികള്‍ പറയുന്നു.

ഏറ്റവും ഭംഗിയായി ക്ലാസില്‍ അധ്യാപകര്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്ത്വവും, പഠനവും, പെരുമാറ്റവും ഒക്കെ പ്രകടമാക്കുന്ന കുട്ടികള്‍ പോലും താന്‍ ഒരു പുസ്തക പുഴു മാത്രമാണ് എന്ന ചിന്തയില്‍ സ്വയം വില ഇല്ലായ്മ നേരിടുന്നതായി കണ്ടു വരുന്നുണ്ട്. അങ്ങനെ എന്തെല്ലാം നന്മകള്‍ തനിക്കുണ്ടോ അതെല്ലാം വളരെ നിസാരമായി മാത്രം എടുത്തു കളയുകയും വിഷാദത്തിലേക്കു വീണുപോകുകയുമാവും ഉണ്ടാവുക.

ഈ നിസാര കാര്യങ്ങള്‍ക്കാണോ നീ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നത് എന്നു നമ്മള്‍ കേള്‍ക്കുന്നവര്‍ക്ക് വളരെ നിസാരമായി തോന്നുമ്പോഴും ആ കുട്ടി കടന്നു പോകുന്നത് വളരെ പ്രതീക്ഷ നഷ്ടപ്പെട്ട മാനസികാവസ്ഥയിലൂടെ ആയിരിക്കും. പലരും ആത്മഹത്യ ചെയ്യാനുള്ള മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയും.

പല കുട്ടികളിലുമുള്ള ആത്മഹത്യാ പ്രവണത ഇന്നൊരു വലിയ പ്രശ്‌നമാണ്. കുട്ടികളില്‍ പല വ്യക്തിത്വ വൈകല്യം ഉള്ളവരാണ്. അതുകൊണ്ടു തന്നെ വല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് എത്തുമ്പോള്‍ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഉണ്ടാക്കി മനസിന്റെ വേദനയെ കുറയ്ക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്.
പരീക്ഷയില്‍ മാര്‍ക്ക് നേടുന്നതില്‍ മാത്രം പ്രാധാന്യം കൊടുക്കാതെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രപ്തികൂടി അവരില്‍ വളര്‍ത്തി എടുക്കുന്നതിനു നാം പ്രാധാന്യം നല്‍കണം. കാരണം പഠിത്തത്തിലും കഴിവുകളിലും മുന്നില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് തന്നെയാണ് അധികവും പരീക്ഷയെ കുറിച്ചുള്ള പേടിയും സ്വയം വിലയില്ലയ്മയും അനുഭവപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.