വാഷിംഗ്ടണ്‍: ഒമിക്രോണ്‍ ഭീതി അനുദിനം തീവ്രമാകവേ നിരവധി രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചുപൂട്ടുന്നതിനിടെ അമേരിക്കയിലേക്കുള്ള വിമാന യാത്രികര്‍ക്ക് കോവിഡ് 19 വാക്സിനേഷന്‍, പരിശോധനാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ഏതു രാജ്യത്തു നിന്നും യു.എസിലേക്ക് പറക്കുന്ന 2 വയസും അതില്‍ കൂടുതലുമുള്ള എല്ലാവര്‍ക്കും വിമാനത്തില്‍ കയറുന്നതിന് ഒരു ദിവസത്തിനകമുള്ള കൊറാണാ ടെസ്റ്റിന്റെ നെഗറ്റീവ് പരിശോധനാ ഫലം ഡിസംബര്‍ ആറു മുതല്‍ നിര്‍ബന്ധിതമാക്കി.
'ദേശീയതയോ വാക്‌സിനേഷന്‍ നിലയോ പരിഗണിക്കാതെ' ഈ പുതിയ ടെസ്റ്റിംഗ് സമയപരിധി എല്ലാവര്‍ക്കും ബാധകമാകും - വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ പറയുന്നു.അമേരിക്കയിലെത്തുന്ന വിദേശ യാത്രക്കാര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന നിബന്ധനയുണ്ട്.മുമ്പ്, വാക്‌സിനേഷന്‍ എടുക്കാത്ത യാത്രക്കാര്‍ക്ക് മാത്രമായിരുന്നു യാത്ര തുടങ്ങുന്നതിന്് ഒരു ദിവസത്തിനകമെന്ന നിബന്ധനയുണ്ടായിരുന്നത്.യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ എത്തുന്നതിന് മുമ്പ് ഒമിക്രൊണ്‍ വേരിയന്റുമായി ബന്ധപ്പെട്ട് അണുബാധ ഉണ്ടാകാനുള്ള അവസരം കുറയ്ക്കുന്നതിനാണ് പുതിയ സമയപരിധി നിശ്ചയിച്ചതെന്ന് അറിയിപ്പില്‍ പറയുന്നു.
നവംബര്‍ 8-ന് പ്രാബല്യത്തില്‍ വന്ന സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഉത്തരവ് പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ് പൗരത്വമില്ലാത്തതും നോണ്‍ ഇമ്മിഗ്രന്റ് വിഭാഗത്തില്‍പെടുന്നതുമായ എല്ലാ വിമാന യാത്രികര്‍ക്കും പൂര്‍ണ്ണ വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കിയിരുന്നു.അമേരിക്കയിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് മുമ്പ് വാക്സിനേഷന്‍ നിലയുടെ തെളിവ് നല്‍കണം. ഇതു സംബന്ധിച്ച ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സിഡിസിയുടെ അന്താരാഷ്ട്ര യാത്ര സംബന്ധിച്ച വെബ്സൈറ്റ് നിരീക്ഷിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ പുറപ്പെടുന്നതിനു മൂന്ന് ദിവസത്തിനകം പരിശോധന നടത്തേണ്ടതുണ്ടെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന നിബന്ധന. വാക്‌സിന്‍ എടുക്കാത്ത അമേരിക്കക്കാര്‍ക്കും നിയമപരമായ സ്ഥിരതാമസക്കാര്‍ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പുറപ്പെട്ട് ഒരു ദിവസത്തിനുള്ളില്‍ നടത്തിയ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കിയാല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുവാദം നല്‍കിയിരുന്നു. പുതിയ നിയമം എല്ലാവര്‍ക്കും ടെസ്റ്റിംഗ് സമയപരിധി ഒരു ദിവസമാക്കും.
'ഒരു ദിവസം' എന്നത് കൃത്യം 24 മണിക്കൂര്‍ അല്ല
അതേസമയം, 'ഒരു ദിവസം' എന്നത് കൃത്യം 24 മണിക്കൂര്‍ അല്ല. 24 മണിക്കൂര്‍ എന്നതിനേക്കാള്‍ തലേന്ന് വരെ എന്നാണ് ഇതിനര്‍ത്ഥം. 'ഉദാഹരണത്തിന്, നിങ്ങളുടെ ഫ്‌ളൈറ്റ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ആണെങ്കില്‍, തലേദിവസമായ വ്യാഴാഴ്ച എപ്പോള്‍ വേണമെങ്കിലും എടുത്ത ഒരു നെഗറ്റീവ് ടെസ്റ്റുമായി നിങ്ങള്‍ക്ക് കയറാം,' സിഡിസി വെബ്സൈറ്റില്‍ പറയുന്നു.യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പറക്കുന്ന 2 വയസോ അതില്‍ കൂടുതലോ ഉള്ള എല്ലാ വിമാന യാത്രക്കാര്‍ക്കും ഇത് ബാധകമാണ്.
വിമാന യാത്രക്കാര്‍ക്ക് മാത്രമുള്ളതാണ് ഈ നിബന്ധന. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ട്രെയിനുകളിലും ബസുകളിലും മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലും യാത്രക്കാര്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന മാര്‍ച്ച് 18 വരെ നീട്ടിയതായും അധികൃതര്‍ അറിയിച്ചു.പോസ്റ്റ്-അറൈവല്‍ ടെസ്റ്റിംഗും ക്വാറന്റൈനും സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങളില്ലെന്ന് ഒരു മുതിര്‍ന്ന അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരല്ലാത്തവര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് നവംബര്‍ 26-ന് യാത്രാ നിരോധനം പ്രഖ്യാപിച്ചിരുന്നു. ബോട്‌സ്വാന, ഈശ്വതിനി, ലെസോത്തോ, മലാവി, മൊസാംബിക്, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ എന്നിവയാണ് അവ. ആ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും കഴിഞ്ഞ 14 ദിവസങ്ങളില്‍ അവിടെ യാത്ര ചെയ്ത മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും നിലവില്‍ അമേരിക്കയിലേക്ക് പ്രവേശനം അനുവദനീയമല്ല.
ആ രാജ്യങ്ങളില്‍ ഇതിനകം ഉള്ള യുഎസ് പൗരന്മാര്‍ക്കും നിയമാനുസൃത സ്ഥിരതാമസക്കാര്‍ക്കും മടങ്ങാന്‍ കഴിയും.അതേസമയം, യു എസില്‍ പ്രവേശിക്കുന്നതിന് അവര്‍ നിലവിലുള്ള നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്.യു എസ് പൗരന്മാര്‍ക്ക് ഇപ്പോഴും നിരോധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ 'സാങ്കേതികമായി കഴിയു'മെങ്കിലും ഒഴിവാക്കുന്നതാണ് ഉചിതമെന്ന് സി ഡി സി പറയുന്നു.യുഎസിലെ നാല് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഒമെക്രോണ്‍ നിരീക്ഷണം വിപുലീകരിക്കുമെന്നും സിഡിസി അറിയിച്ചു.
18 വയസ്സിന് താഴെയുള്ള കുട്ടികള്‍, വൈദ്യശാസ്ത്രപരമായി വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്ത ആളുകള്‍, വാക്സിന്‍ സമയബന്ധിതമായി ലഭ്യമല്ലാത്ത അടിയന്തര യാത്രക്കാര്‍ എന്നിവര്‍ക്കു മാത്രമാണ് സുക്ഷ്മ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വാക്സിനേഷന്‍ നിബന്ധനയില്‍ ഒഴിവുള്ളത്.ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് സിഡിസിയുടെ വെബ്സൈറ്റില്‍ മറുപടി ലഭ്യമാണ്.പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുക്കുന്നത് വരെ അന്താരാഷ്ട്ര യാത്ര ഒഴിവാക്കണമെന്ന്് സിഡിസി ശുപാര്‍ശ ചെയ്യുന്നു.
അന്താരാഷ്ട്ര യാത്ര കൂടുതല്‍ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത യാത്രക്കാരിലേക്ക് പോലും ചില കോവിഡ് 19 വകഭേദങ്ങള്‍ പകരുന്നതിനുള്ള സാധ്യത കൂടുതലാണ്. 'കോവിഡ്-19-ല്‍ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ യാത്ര മാറ്റിവയ്ക്കുക, വീട്ടിലിരിക്കുക. നിങ്ങള്‍ യാത്ര ചെയ്യുകയാണെങ്കില്‍, യാത്രയ്ക്ക് മുമ്പും സമയത്തും ശേഷവും എല്ലാ സിഡിസി നിര്‍ദ്ദേശങ്ങളും പാലിക്കുക.' - ഇതു സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നു.യു.എസില്‍ എത്തിയതിന് ശേഷം മൂന്നോ അഞ്ചോ ദിവസത്തിനുള്ളില്‍ വിമാന യാത്രക്കാര്‍ മറ്റൊരു പരിശോധന നടത്തേണ്ടതുണ്ടോ എന്നതും ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
www.cdc.gov/media
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.