തൃശൂര്‍: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മലയാളികള്‍ക്ക് വേദനയായി തൃശൂര്‍ സ്വദേശിയായ സൈനികന്‍ എ പ്രദീപിന്റെ മരണം. ജനറല്‍ ബിപിന്‍ റാവത്ത് അടക്കം കൊല്ലപ്പെട്ട അപകടത്തില്‍ പ്രദീപും ഓര്‍മ്മയായി. പ്രളയകാലത്ത് അടക്കം സേവനവുമായി എത്തിയ സൈനികനാണ് മരണപ്പെട്ട പ്രദീപ്. തൃശൂരിലെ പുത്തൂര്‍ സ്വദേശിയായ പ്രദീപിന്റെ വിയോഗത്തില്‍ മന്ത്രിമാര്‍ അടക്കമുളളവര്‍ അനുശോചിച്ചു.
സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ പ്രദീപും മരിച്ചുവെന്ന വാര്‍ത്ത ബുധനാഴ്ച രാത്രി ഏഴരയോടെയാണ് പൊന്നൂക്കരയില്‍ എത്തിയത്. ഇതേ തുടര്‍ന്ന് രാത്രി ഒമ്പതോടെ പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിന് സമീപത്തെ വീടിനരികില്‍ ജനപ്രതിനിധികള്‍ അടക്കമുള്ള ആളുകള്‍ എത്തിത്തുടങ്ങി. എങ്കിലും പ്രദീപിന്റെ വീട്ടുകാരെ വിവരമറിയിക്കാതിരിക്കാന്‍ എല്ലാവരും ശ്രമിച്ചു.
സുഹൃത്തും അയല്‍വാസിയുമായ ശിവപ്രസാദിനോട് ഒരാഴ്ച മുമ്പാണ് പ്രദീപ് യാത്ര പറഞ്ഞ് മടങ്ങിയത്. പൊന്നൂക്കരയില്‍ വീടുപണിയുന്നതിന് ചെറിയൊരു സ്ഥലം വാങ്ങിയിരുന്നു. രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍ റിട്ടയര്‍മെന്റാണ്. സേനയില്‍ തുടരുന്നതിനെപ്പറ്റിയും സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. എന്തായാലും സ്വന്തം നാട് വിട്ടൊരു സ്ഥിരതാമസം പ്രദീപിന് താത്പര്യമുണ്ടായിരുന്നില്ലെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.
2002-ലാണ് പ്രദീപ് വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് എയര്‍ ക്രൂ ആയി. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷനുകള്‍, ഉത്തരാഖണ്ഡിലും കേരളത്തിലും പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അനുശോചനക്കുറിപ്പ്:
'' സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ കൂടെ ഒരു മലയാളി കൂടിയുണ്ടായിരുന്നു. ശ്രീ.എ.പ്രദീപ്... വിടവാങ്ങല്‍ ഓര്‍മക്കനല്‍ ആണ്. അതങ്ങനെ നീറി നീറി നില്‍ക്കും. പ്രളയ കാലത്ത് നമ്മോടൊപ്പം താങ്ങായി ഉണ്ടായിരുന്നവന്‍. സ്വന്തം സഹോദരന്‍. ധീരരാണ് നമ്മെ വിട്ടുപിരിഞ്ഞ പ്രദീപ് അടക്കമുള്ളവര്‍. രാജ്യം എക്കാലവും ഓര്‍ക്കുന്നവര്‍...''
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.