ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപിന്റെ മൃതദേഹം മറ്റന്നാളോടെ നാട്ടിലെത്തിച്ചേക്കും

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപിന്റെ മൃതദേഹം മറ്റന്നാളോടെ നാട്ടിലെത്തിച്ചേക്കും

തൃശൂര്‍: ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ മൃതദേഹം മറ്റന്നാളോടെ നാട്ടിലെത്തിച്ചേക്കും. വിശദമായ ഡിഎന്‍എ പരിശോധനക്ക് ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. സംസ്കാരത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.

ഡൽഹിയിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ തുടങ്ങുമെന്നാണ് കോയമ്പത്തൂരിലുള്ള പ്രദീപിന്റെ സഹോദരന്‍ പ്രസാദിന് കിട്ടിയിട്ടുള്ള വിവരം. ഡിഎന്‍എ പരിശോധനക്ക് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുക. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം എന്നതിനാല്‍ വിശദമായ ഡിഎന്‍എ പരിശോധന ആവശ്യമാണ്. മൃതദേഹം പാറമേക്കാവ് ശാന്തി ഗട്ടില്‍ സംസ്കാരം നടത്താനാണ് കുടുംബം ആലോചിക്കുന്നത്.

പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടില്‍ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടര്‍ന്നിരുന്നു പ്രദീപ്. നാട്ടിലെ കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. രോഗിയായ അച്ഛന്‍ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടില്‍ ഉള്ളത്.

തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും സന്ദീപ് പങ്കെടുത്തു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപും വിടപറഞ്ഞത്. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

2018ലെ മഹാപ്രളയത്തില്‍ കേരളത്തെ നെഞ്ചോട് ചേര്‍ത്ത സൈനികനായിരുന്നു പ്രദീപ്. പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുത്തു. പ്രദീപിന്റെ നേതൃത്വത്തില്‍ നിരവധി പേരെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ദൗത്യസംഘത്തില്‍ താനുമുണ്ടെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രദീപും ഉള്‍പ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.