വൈറ്റ് ഹൗസിലെ ഉന്നത പദവിയിലേക്ക് ഇന്ത്യന്‍ വംശജന്‍ ഗൗതം രാഘവനെ നിയമിച്ച് പ്രസിഡന്റ് ബൈഡന്‍

  വൈറ്റ് ഹൗസിലെ ഉന്നത പദവിയിലേക്ക് ഇന്ത്യന്‍ വംശജന്‍ ഗൗതം രാഘവനെ നിയമിച്ച് പ്രസിഡന്റ് ബൈഡന്‍

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ജോ ബൈഡന്റെ പഴ്‌സണല്‍ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഓഫീസ് മേധാവിയായി ഇന്തോ-അമേരിക്കനായ ഗൗതം രാഘവന്‍ നിയമിതനായി. നിലവില്‍ വൈറ്റ്ഹൗസ് ചുമതല വഹിച്ചിരുന്ന കാത്തീ റസ്സലിനെ ഐക്യരാഷ്ട്ര സഭയുടെ ആഗോളതലത്തിലെ കുട്ടികളുടെ ക്ഷേമത്തിനായുള്ള യൂണി സെഫിലേക്ക് യു എന്‍ സെക്രട്ടറി ജനറല്‍ നിയോഗിച്ചതോടെയാണ് യുഎസിലെ ഈ ഉന്നത ഔദ്യോഗിക പദവിയിലേക്ക് ഗൗതം എത്തിയത്

കാത്തിക്കൊപ്പം വൈറ്റ്ഹൗസിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ഗൗതം ഒരു പുതിയ വ്യക്തിയല്ല. സ്വാഭാവികമായ ഒരുമാറ്റം മാത്രമാണിത്. അതിനാല്‍ സമ്മര്‍ദ്ദമില്ലാതെയും വൈറ്റ്ഹൗസിന്റെ എല്ലാ പ്രവര്‍ത്തവും നിയന്ത്രിക്കാന്‍ ഗൗതമിന് സാധിക്കുമെന്നതില്‍ തനിക്കേറെ വിശ്വാസമുണ്ടെന്നു പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

കാത്തിയുടെ നേതൃത്വത്തില്‍ വൈറ്റ്ഹൗസിന് നല്ലവേഗതയായിരുന്നു. അമേരിക്കന്‍ ഭരണകൂടവും ജനങ്ങളുമായും ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ചെയ്യാനായി. അതിവേഗം തീരുമാനങ്ങള്‍ എടുക്കാനും പ്രാവര്‍ത്തികമാക്കാനും കാത്തി കാണിച്ച സാമര്‍ത്ഥ്യത്തോട് വൈറ്റ്ഹൗസും താനും എന്നും കടപ്പെട്ടിരിക്കുന്നുവെന്നു ബൈഡന്‍ പറഞ്ഞു.

ഇന്ത്യയില്‍ ജനിച്ച ഗൗതം സിയാറ്റില്‍ മേഖലയിലേക്ക്് കുടുംബത്തോടൊപ്പം കുടിയേറിയ ആളാണ്. സ്റ്റാന്‍ഡ്ഫോര്‍ഡ് സര്‍വ്വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. 2020 മുതല്‍ പ്രസിഡന്റിന്റെ ഒപ്പം വൈറ്റ്ഹൗസ് ഉപമേധാവിയായി പ്രവര്‍ത്തിച്ചു .അതിന് മുമ്പ് പ്രസിഡന്റിന്റെ വിവിധ പരിപാടികളുടെ വിവരങ്ങള്‍ തയ്യാറാക്കലും ഓര്‍മ്മിപ്പിക്കലും നടത്തുന്ന വിഭാഗം തലവനായിരുന്നു.

ഒബാമയുടെ ഭരണകാലത്തും വൈറ്റ്ഹൗസിലാണ് ഗൗതം പ്രവര്‍ത്തിച്ചിരുന്നത്. അതേ കാലഘട്ടത്തില്‍ ഏഷ്യന്‍ മേഖലയിലേയും പസഫിക് ദ്വീപുരാജ്യങ്ങളിലേയും വിഷയങ്ങളില്‍ ജനകീയ ഭരണസമിതികളുമായി ബന്ധപ്പെട്ടിരുന്ന വകുപ്പുകളുടെ ചുമതല വഹിച്ചു .'വെസ്റ്റ് വിംഗേഴ്‌സ്: സ്റ്റോറീസ് ഫ്രം ദി ഡ്രീം ചേസര്‍സ്, ചേഞ്ച് മേക്കേഴ്‌സ്, ഹോപ്പ് ക്രിയേറ്റേഴ്‌സ് ഇന്‍സൈഡ് ദി ഒബാമ വൈറ്റ് ഹൗസ്' എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ് അദ്ദേഹം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.