കനത്ത നാശം വിതച്ച് കടന്നുപോയത് യു.എസ് നേരിട്ട വന്‍ കൊടുങ്കാറ്റുകളിലൊന്നെന്ന് ബൈഡന്‍ ; മരണം നൂറു കവിഞ്ഞു

കനത്ത നാശം വിതച്ച് കടന്നുപോയത് യു.എസ് നേരിട്ട വന്‍  കൊടുങ്കാറ്റുകളിലൊന്നെന്ന് ബൈഡന്‍ ; മരണം നൂറു കവിഞ്ഞു


ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഒട്ടേറെ മരണവും വ്യാപക നാശ നഷ്ടവും വിതച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ചത് ചരിത്രത്തിലെ വന്‍ കൊടുങ്കാറ്റുകളിലൊന്നെന്ന് പ്രസിഡന്റ് ജോ ബൈഡന്‍.രാജ്യത്തുടനീളമായി കൊടുങ്കാറ്റ് 55 ദശലക്ഷത്തില്‍ അധികം ആളുകളെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.

കെന്റക്കിയില്‍ ആയിരുന്നു കൊടുങ്കാറ്റിന്റെ ഏറ്റവും ഭീകര താണ്ഡവം. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം പേരാണ് ഇതുവരെ മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവര്‍ണര്‍ അന്‍ഡേയ് ബെഷെര്‍ പറഞ്ഞു.വെള്ളിയാഴ്ച മുതല്‍ ശനിയാഴ്ച വൈകിട്ട് വരെയുള്ള കണക്കുകളാണ് ഗവര്‍ണര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രശ്നബാധിത മേഖലകളില്‍ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മരണ സംഖ്യ ഇനിയും ഉയരും.

പടിഞ്ഞാറന്‍ കെന്റക്കിയിലെ മേയ്ഫീല്‍ഡിലാണ് കൊടുങ്കാറ്റ് കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. ഇവിടെ മാത്രം 70 പേരാണ് മരിച്ചത്. ഇവിടെ ഒരു മെഴുകുതിരി നിര്‍മ്മാണ ഫാക്ടറിയ്ക്കുള്ളില്‍ 110 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇവിടെ കുടുങ്ങിയ ആറ് പേര്‍ മരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.



ടെന്നിസ്സേയില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. മൊനെറ്റെയിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എഡ്വാര്‍ഡ്സ് വില്ലെയിലെ ആമസോണ്‍ കമ്പനിയുടെ വെയര്‍ഹൗസ് തകര്‍ന്ന് നിരവധി പേര്‍ കുടങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഇവരെ പുറത്തെടുക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കൊടുങ്കാറ്റിന് പുറമെ രാജ്യത്തെ പല നഗരങ്ങളിലും കനത്ത മഞ്ഞ് വീഴ്ച്ചയാണ് അനുഭവപ്പെടുന്നത്. ഇതു മൂലമുള്ള അപകടങ്ങള്‍ പതിവാകുന്നതിനാല്‍ ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.