ഭാരപ്പെട്ട മനസുമായാണ് സഹോദരി തന്റെ ആത്മീയ ഗുരുവിനെ തേടിയെത്തുന്നത്. ഗുരുവിനു മുമ്പിൽ അവൾ തന്റെ ദുഃഖങ്ങൾ പങ്കുവച്ചു. "അച്ചാ, സന്യാസത്തിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കുന്ന വ്യക്തിയാണ് ഞാൻ. എന്തെന്നറിയില്ല ഈയിടെയായി
ചെയ്യുന്ന പ്രവൃത്തികളോട് വിരക്തിയായിത്തുടങ്ങി. ഇക്കാലമത്രയും ഏൽപിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ കഴിയുംവിധം ഭംഗിയായ് നിർവഹിച്ചു. അധികാരികൾ അയച്ച സ്ഥലങ്ങളിൽ പോയി ശുശ്രൂഷ ചെയ്തു.അവർ പറഞ്ഞതിനൊന്നും എതിർപ്പ് പറഞ്ഞിട്ടില്ല.
എന്നാൽ ഇത്ര കഷ്ടപ്പെട്ടിട്ടും പലപ്പോഴും മേലധികാരികളിൽ നിന്നും സമൂഹാംഗങ്ങളിൽ നിന്നും നല്ലവാക്കുകളൊന്നും കേൾക്കാറില്ല. കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും. ആർക്കുവേണ്ടിയാണ് ഞാനീ കഷ്ടപ്പെടുന്നത്? ഈ ചിന്തകൾ എന്റെ ഉറക്കം കെടുത്തുന്നു ..." ആത്മീയ ഗുരു മറുപടി പറഞ്ഞു: "സിസ്റ്റർ പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. അർഹിക്കുന്ന അംഗീകാരമോ അഭിനന്ദനമോ പലപ്പോഴും ലഭിക്കണമെന്നില്ല. ഇനിയുമെന്തിന് നന്മ ചെയ്യണം എന്ന് നമ്മൾ ചിന്തിക്കുന്നു. ഇതൊക്കെയും നമ്മുടെ മനസിനെ ഭാരമുള്ളതാക്കുന്നു ഇങ്ങനെ പ്രതികൂലങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം നാം ഉറ്റുനോക്കേണ്ടത് ക്രിസ്തുവിലേക്കാണ്. ഇതേ അവസ്ഥയിലൂടെ തന്നെയാണ് ക്രിസ്തുവും കടന്നുപോയത്. നല്ലവാക്കുകൾക്കു പകരം കുത്തുവാക്കുകളും അപഹാസ്യങ്ങളും ക്രിസ്തുവിനും ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഉദാഹരണത്തിന്, യോഹന്നാന്‍ അപ്പം ഭക്‌ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്തവനുമായി വന്നപ്പോൾ അവനെ പിശാചു ബാധിച്ചിരിക്കുന്നു എന്നാണ് പലരും പ്രതികരിച്ചത്. എന്നാൽ ക്രിസ്തു ഭക്‌ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നപ്പോള്‍ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യൻ എന്നുമാണ് അവർ പറഞ്ഞത്....." (ലൂക്കാ 7 : 33-35).
ഈ കുത്തുവാക്കുകൾക്കു നടുവിലും ക്രിസ്തു തന്റെ പ്രേഷിതവേല തുടർന്നു എന്നതാണ് ഏറ്റവും മഹത്ക്കരം.
ദൈവത്തിലേക്ക് ദൃഷ്ടിപതിപ്പിക്കുമ്പോൾ മാത്രമേ നമുക്ക് നന്മ ചെയ്യാനും നിലപാടുകളിൽ ഉറച്ചു നിൽക്കാനും കഴിയൂ...
അദ്യന്തികമായി നമ്മെ പ്രശംസിക്കേണ്ടതും അനുമോദിക്കേണ്ടതും ദൈവമാണെന്ന യാഥാർത്ഥ്യം മനസിൽ സൂക്ഷിക്കുക ..."
ഏറെ സന്തോഷത്തോടെയാണ് ആ സഹോദരി മടങ്ങിപ്പോയത്. ഓർത്തുനോക്കാം, മനുഷ്യരുടെ പ്രശംസയ്ക്കും പുകഴ്ത്തലുകൾക്കും നമ്മൾ അമിത പ്രാധാന്യം നൽകുന്നുണ്ടോ? നമ്മുടെ പ്രവർത്തികളുടെ ലക്ഷ്യം മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റലാണോ? ഭൂരിപക്ഷം ചെയ്യുന്ന തിന്മകളിലേക്ക് ചായുകയാണോ, നമ്മുടെ സത്പേരിനെ മാത്രം ലക്ഷ്യമാക്കി മുന്നോട്ടു പോകുകയാണോ? സ്വന്തം പേര്,പദവി, അധികാരം എന്നീ വിഗ്രഹങ്ങളിൽ നിന്ന് പുറത്തുകടന്നാൽ മാത്രമേ ദൈവത്തോട് ചേർന്നുനിന്ന് നിലപാടുകൾ എടുക്കാനും നന്മകൾ ചെയ്യാനും നമുക്ക് സാധ്യമാകൂ എന്ന യാഥാർത്ഥ്യം
നമ്മെ ശക്തിപ്പെടുത്തട്ടെ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26