യു.എസ് സെനറ്റ് 778 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ചെലവ് ബില്‍ പാസാക്കി; 11 ന് എതിരെ 88 വോട്ട്

യു.എസ് സെനറ്റ് 778 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ചെലവ് ബില്‍ പാസാക്കി; 11 ന് എതിരെ 88 വോട്ട്

വാഷിംഗ്ടണ്‍: യുഎസ് സെനറ്റ് 777 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ചെലവ് ബില്‍ 11 ന് എതിരെ 88 വോട്ടുകളോടെ പാസാക്കി. സെനറ്റില്‍ ഡെമോക്രാറ്റുകളില്‍ നിന്നും റിപ്പബ്ലിക്കന്‍മാരില്‍ നിന്നും ശക്തമായ പിന്തുണ നേടിയ ബില്‍ കഴിഞ്ഞയാഴ്ച 363-70 എന്ന നിലയില്‍ ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. ഔപചാരികമായി നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്റ്റ് (എന്‍.ഡി.എ.എ) എന്നറിയപ്പെടുന്ന അന്തിമ അംഗീകാരത്തിനായി ബില്‍ പ്രസിഡന്റ് ജോ ബൈഡന്റെ മേശയിലേക്ക് അയച്ചു.

2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള സൈനികച്ചെലവ് കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനേക്കാള്‍ 5 % വര്‍ദ്ധിപ്പിക്കാന്‍ ബല്ലില്‍ നിര്‍ദ്ദേശമുണ്ട്. സൈനിക അംഗങ്ങള്‍ക്കും സിവിലിയന്‍ പ്രതിരോധ തൊഴിലാളികള്‍ക്കും 2.7 % ശമ്പള വര്‍ദ്ധനവ്, സൈനിക നിര്‍മാണ പദ്ധതികള്‍ക്കായി 13.3 ബില്യണ്‍, കപ്പല്‍ നിര്‍മ്മാണത്തിന് 27.3 ബില്യണ്‍, പരിശീലന- ഉപകരണ ഇനത്തില്‍ 300 മില്യണ്‍ ഡോളര്‍ എന്നിവ ഇതില്‍ പെടുന്നു.

റഷ്യന്‍ അധിനിവേശ ഭീഷണി നേരിടുന്ന ഉക്രെയ്നിന്റെ പ്രതിരോധ സേനയ്ക്ക് കുറഞ്ഞത് 75 മില്യണ്‍ ഡോളര്‍ നല്‍കും.'ഉക്രെയ്‌നു നേരെയുള്ള റഷ്യന്‍ അധിനിവേശത്തെ നേരിടാന്‍ വര്‍ഷങ്ങളായി പണം ചെലവഴിച്ചു. എന്നിട്ടും ഭീഷണി ഒഴിവാകുന്നില്ല.എങ്കിലും റഷ്യന്‍ ആക്രമണത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഈ സ്വതന്ത്ര രാഷ്ട്രത്തിന്റെ ശ്രമങ്ങളെ നമ്മള്‍ പിന്തുണയ്ക്കണം'- സൗത്ത് ഡെക്കോട്ട റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ തുണ്‍ പറഞ്ഞു.

2001 മുതല്‍ 2021 വരെയുള്ള അഫ്ഗാനിസ്ഥാന്‍ യുദ്ധത്തെക്കുറിച്ച് പഠിക്കാന്‍ 16 അംഗ സ്വതന്ത്ര കമ്മീഷന്‍ രൂപീകരിക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ലൈംഗികാതിക്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുള്‍പ്പെടെ 11 ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രോസിക്യൂട്ടോറിയല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കമാന്‍ഡര്‍മാരുടെ അധികാരം നീക്കം ചെയ്തുകൊണ്ട് സൈനിക-നീതി വ്യവസ്ഥയെ പുതിയ നിയമം മാറ്റിയെഴുതുന്നു.

സൈനിക-നീതി വ്യവസ്ഥ ചരിത്രപരമാണെന്ന് സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിയുടെ ചെയര്‍മാന്‍ റോഡ് ഐലന്റ് ഡെമോക്രാറ്റിക് സെനറ്റര്‍ ജാക്ക് റീഡ് പറഞ്ഞു. സൈന്യത്തിലെ ലൈംഗികാതിക്രമങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില കുറ്റകൃത്യങ്ങളില്‍ പ്രോസിക്യൂഷന്‍ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അധികാരമുള്ള ഉയര്‍ന്ന സ്പെഷ്യലൈസ്ഡ് പ്രോസിക്യൂട്ടര്‍മാരുടെ ഒരു ഓഫീസ് പുതിയ നിയമം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.'ഇത് സൈനിക നീതിന്യായ വ്യവസ്ഥയുടെ വലിയ മാറ്റമാണ്'.

എന്നാല്‍ ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റിക് സെനറ്റര്‍ കിര്‍സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ് മാറ്റങ്ങള്‍ അപര്യാപ്തമാണെന്ന് വിമര്‍ശിച്ചു. പ്രതിഷേധ സൂചകമായി ബില്ലിനെതിരെ വോട്ട് ചെയ്തു. ഗില്ലിബ്രാന്‍ഡും അയോവയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണി ഏണസ്റ്റും 11 കുറ്റകൃത്യങ്ങള്‍ എന്നത് വിപുലീകരിച്ച് 38 കുറ്റകൃത്യങ്ങള്‍ നിയമത്തിനുകീഴില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.