ലണ്ടന്‍: കോവിഡ് കാലം പലര്‍ക്കും ആശങ്കയുടേതും ഒറ്റപ്പെടലിന്റേതുമായിരുന്നു. പ്രത്യേകിച്ച് വയോധികര്‍ക്ക്. എല്ലായിടത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പലര്‍ക്കും സാമൂഹിക ബന്ധങ്ങള്‍ നഷ്ടപ്പെട്ടു. വീട്ടില്‍ അടച്ചു പൂട്ടിയിരിക്കേണ്ടി വന്നു. ദൂരെയുള്ള മക്കളെ കാണാന്‍ സാധിക്കാതെയായി.
വൃദ്ധസദനങ്ങളില്‍ കഴിയുന്ന വയോധികരുടെ അവസ്ഥയും സമാനമായിരുന്നു. രോഗനിയന്ത്രണത്തിനായി സന്ദര്‍ശകരെ വിലക്കിയതോടെ സന്തോഷം കണ്ടെത്താനുള്ള സാധ്യതകള്‍ വിരളമായി. ഇതിനൊരു പരിഹാരമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് യുകെയിലെ ഓക്സ്ഫോര്‍ഡ്ഷയറിലെ ഒരു കെയര്‍ ഹോമില്‍ അധികൃതര്‍ അന്തേവാസികള്‍ക്കായി ഒരു സര്‍പ്രൈസ് ഒരുക്കിയത്.
ഓക്സ്ഫോര്‍ഡ്ഷയറിലെ കെയര്‍ ഹോമില്‍ എത്തിയ പെന്‍ഗ്വിന്‍ വയോധികയ്‌ക്കൊപ്പം
രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനമുണ്ടായതോടെ കെയര്‍ഹോമില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ ക്രിസ്മസ് കാലത്ത് അന്തേവാസികളെ സന്തോഷിപ്പിക്കാനായി രണ്ടു സ്‌പെഷല്‍ അതിഥികള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചു. ചാര്‍ളി, പ്രിംഗിള്‍ എന്ന് പേരുള്ള രണ്ട് ഹംബോള്‍ട്ട് പെന്‍ഗ്വിനുകളാണ് ഇവിടെ സര്‍പ്രൈസായി എത്തിയത്.
ഇരുപത്തിനാലും ഒന്‍പതും വയസുള്ള ചാര്‍ളിയും പ്രിങ്കിളും യു.കെയിലെ കെയര്‍ ഹോമുകളില്‍ അപരിചിതരല്ല. ഇംഗ്ലണ്ടിലുടനീളം അവ കെയര്‍ ഹോമുകള്‍ പതിവായി സന്ദര്‍ശിക്കാറുണ്ട്. ഓക്സ്ഫോര്‍ഡ്ഷയറിലെ ഹെയ്ത്രോപ്പ് മൃഗശാലയില്‍നിന്നാണ് ചാര്‍ലിയെയും പ്രിങ്കിളിനെയും എത്തിച്ചത്.
അവ അന്തേവാസികളുടെ മടിയില്‍ ഇരുന്നും കസേരകളില്‍ കയറി ഫോട്ടോയ്ക്ക് പോസ് ചെയ്തും ചിരിയുടെ നിമിഷങ്ങള്‍ സമ്മാനിച്ചു. മുതിര്‍ന്ന താമസക്കാര്‍ക്കുള്ള ഒരു ചികിത്സാരീതിയായാണ് ഇവയുടെ സന്ദര്‍ശനങ്ങളെ കാണുന്നത്.
പെറു, ചിലി സ്വദേശികളായ പെന്‍ഗ്വിനുകള്‍ക്ക് ഇത്തരം യാത്രകള്‍ ഏറെ പരിചിതമാണ്. ആളുകളുമായി മികച്ച രീതിയിലാണ് ഇവ പെരുമാറുന്നതെന്ന് മൃഗശാലാ വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.