വിവാഹ പ്രായം ഉള്‍പ്പെടെയുള്ള നാല് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു; ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും

വിവാഹ പ്രായം ഉള്‍പ്പെടെയുള്ള നാല് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു; ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും

ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും. അജണ്ടയിലെ നിയമനിര്‍മാണ നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് സഭ നേരത്തെ പിരിയുന്നത്. വിവാഹ പ്രായം ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള നാല് ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഇനി ജനുവരി അവസാന വാരം ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റ് സമ്മേളിക്കും.

പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടയിലും നിരവധി ബില്ലുകളാണ് അവതരിപ്പിച്ചത്. അവസാനമായി 2021 തെരഞ്ഞെടുപ്പ് ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കി. ഈ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്. എങ്കിലും ശബ്ദവോട്ടിലൂടെ പാര്‍ലമെന്റില്‍ ഈ ബില്‍ പാസാക്കുകയായിരുന്നു.

വ്യാജ വോട്ടുകള്‍ ഇല്ലാതാക്കുന്നതിന് വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നതാണ് ബില്‍. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ട് വിഭജനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ശബ്ദ വോട്ടോടെ തള്ളുകയായിരുന്നു.

സ്ത്രീകള്‍ക്ക് വിവാഹിതരാകാനുള്ള നിയമപരമായ കുറഞ്ഞ പ്രായം 21 വയസായി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന ശൈശവ വിവാഹ നിരോധന ഭേദഗതി ബില്‍ 2021 ഉം അവതരിപ്പിച്ചു. ഈ ബില്‍ എല്ലാ മതക്കാര്‍ക്കും ബാധകമാണെന്നും വിവാഹവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ആചാരമോ ഉപയോഗമോ സമ്പ്രദായമോ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ നിയമങ്ങളെയും അസാധുവാക്കാനും ബില്‍ ശ്രമിക്കുന്നുണ്ടെന്ന് സമൃതി ഇറാനി ബില്‍ അവതരിപ്പിച്ചു കൊണ്ട് പറഞ്ഞു. വിശദമായ പരിശോധനയ്ക്കായി ബില്‍ പാര്‍ലമെന്ററി പാനലിന് കൈമാറി. ലഖിംപൂര്‍ ഖേരി കൊലപാതകം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ അംഗങ്ങളുടെ തുടര്‍ച്ചയായ പ്രതിഷേധത്തിനിടെ സഭ അടുത്ത ദിവസത്തേക്ക് പിരിയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.