റാലി (നോര്‍ത്ത് കരോലിന): മതേതര വാദത്തിനു പിന്നിലെ ശാഠ്യത്തിനു വഴങ്ങി നീക്കേണ്ടതല്ല സര്‍ക്കാര്‍ ഓഫീസ് ഭിത്തിയിലെ ബൈബിള്‍ ഉദ്ധരണിയെന്ന ശക്തമായ നിലപാട് വ്യക്തമാക്കി നോര്‍ത്ത് കരോലിനയിലെ കൊളംബസ് കൗണ്ടി ഷെരീഫ് ജോഡി ഗ്രീന്‍. 'എന്നെ ശക്തനാക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും( ഫിലിപ്പിയര്‍ 4:13)' എന്ന ഈ ഉദ്ധരണി ഉദ്യോഗസ്ഥര്‍ക്ക് ജനോപകാരപ്രദമായി പ്രവര്‍ത്തിക്കാന്‍ പ്രചോദനമേകുന്നതാണെന്ന് തുറന്നുപറയാനും തയ്യാറായി അദ്ദേഹം. ഇതു നീക്കം ചെയ്യണമെന്ന ആവശ്യം ഷെരീഫ് തള്ളി.
കൊളംബസ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് ഫേസ്ബുക്ക് പേജില്‍ പങ്കിട്ട നിരവധി ഫോട്ടോകളില്‍ ഈ ബൈബിള്‍ വാചകം പ്രത്യക്ഷപ്പെട്ടതോടെയാണ് മതത്തെയും ഭരണകൂടത്തെയും വേര്‍തിരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ദേശീയ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ അതു നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.'മത സന്ദേശങ്ങളുടെ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പ്' ഭരണഘടനാ വിരുദ്ധമാണെന്ന വാദവും സംഘടന ഉയര്‍ത്തി.
'കൊളംബസ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് ക്രിസ്ത്യാനികളെ ആയാലും അല്ലാത്തവരെ ആയാലും എല്ലാ പൗരന്മാരെയും തുല്യമായി സേവിക്കണം,' ഫൗണ്ടേഷന്‍ പ്രസിഡന്റ് ആനി ലോറി ഗെയ്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. ചില വിഭാഗങ്ങള്‍ക്കു മതിയായ പരിഗണന കിട്ടില്ലെന്ന സന്ദേശം നല്‍കാനിടയാക്കും ഒരു നിയമപാലക വിഭാഗത്തിലെ സുവ്യക്ത ക്രിസ്ത്യന്‍ സന്ദേശമെന്ന് ഗെയ്ലര്‍ അഭിപ്രായപ്പെട്ടു.ഭരണഘടനാ വിരുദ്ധ നിലപാടാണെന്ന വാദമുയര്‍ത്തി ഫൗണ്ടേഷന്റെ അഭിഭാഷകന്‍ ക്രിസ് ലൈന്‍.
പക്ഷേ, ഷെരീഫ് ജോഡി ഗ്രീന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ഈ ആവശ്യങ്ങളുടെ നിരര്‍ത്ഥകത വ്യക്തമാക്കി. 'ഈ വാക്യം എന്റെ പ്രിയപ്പെട്ട ബൈബിള്‍ വാക്യങ്ങളില്‍ ഒന്നാണ്; എനിക്ക് സഹിക്കേണ്ടി വന്ന എല്ലാ പ്രതികൂല സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ ഇത് ഏറ്റവും അനുയോജ്യമാണെന്ന് തോന്നി'-ഗ്രീന്‍ എഴുതി. ഉദ്യോഗസ്ഥര്‍ സെര്‍ച്ച് വാറണ്ട് നല്‍കുന്നതുള്‍പ്പെടെ ആളുകളെ വിഷമത്തിലാക്കുന്ന ഏതെങ്കിലും നടപടിയെടുക്കുന്നതിനു മുമ്പ് എപ്പോഴും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന കാര്യവും ഷെരീഫ് ചൂണ്ടിക്കാട്ടി.
'ഞാന്‍ പള്ളിയിലാണ് വളര്‍ന്നത്. മുപ്പത് വര്‍ഷത്തിലേറെയായി നിയമപാലക ജോലി ചെയ്യുന്നു. ദൈവത്തെയും കുടുംബത്തെയും രാജ്യത്തെയും വിലമതിക്കാനുള്ള പരിശീലനമാണ് എനിക്കു ലഭിച്ചിട്ടുള്ളത് .കമ്പനികള്‍ മോട്ടിവേഷണല്‍ ക്ലാസുകള്‍ക്കായി ആയിരക്കണക്കിന് ഡോളറുകള്‍ ചെലവഴിക്കുന്നു, പ്രചോദനാത്മക മുദ്രാവാക്യങ്ങള്‍ കൊണ്ടുവരുന്നു. എന്റെ പ്രചോദനകന്‍ എക്കാലത്തെയും മികച്ച മോട്ടിവേഷണല്‍ സ്പീക്കറായ യേശു ക്രിസ്തുവാണ്.'
സ്വകാര്യ പണം ഉപയോഗിച്ചാണ് ഭിത്തിയില്‍ ഉദ്ധരണി രേഖപ്പെടുത്തിയത്. അത് അവിടെ തന്നെ തുടരണമെന്നതാണ് തന്റെ തീരുമാനമെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.'ഞാന്‍ ഇത്തരം എതിര്‍ നീക്കങ്ങളെ ഭയപ്പെടുന്നില്ല, പക്ഷേ നരകത്തെ ഭയപ്പെടുന്നു,' ഗ്രീന്‍ എഴുതി. 'ഞാന്‍ വ്യക്തമായി പറയട്ടെ, എന്റെ നിലപാടുകളിലും ക്രിസ്ത്യന്‍ വിശ്വാസങ്ങളിലും ഞാന്‍ വിട്ടുവീഴ്ച ചെയ്യില്ല.' ഷെരീഫിന്റെ പോസ്റ്റിന് ആയിരക്കണക്കിന് അനുകൂല പ്രതികരണങ്ങളും അഭിപ്രായങ്ങളും ലഭിച്ചു. വിശ്വാസത്തിനായി നിലകൊണ്ടതിന് ഗ്രീനിനും ഡിപ്പാര്‍ട്ട്മെന്റിനും നന്ദി രേഖപ്പെടുത്തി ഒട്ടേറെ പേര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.