വാഷിംഗ്ടണ്‍: ക്രിസ്മസ് ദിനങ്ങള്‍ വിട പറഞ്ഞു നീങ്ങി; ഇനി പുതുവല്‍സരാഘോഷം. സമ്മിശ്ര വികാരങ്ങളുടെ അകമ്പടിയോടെ ക്രിസ്മസ് ട്രീയും ക്രിബും മറ്റ് അലങ്കാരങ്ങളും നീക്കം ചെയ്യാനുള്ള ദിനങ്ങളും വന്നെത്തി. പരിസ്ഥിതി സൗഹൃദമാകണം ഈ പ്രക്രിയയെന്ന പൊതുബോധം മിക്ക രാജ്യങ്ങളിലും പൊതുവേ ശക്തമായിക്കഴിഞ്ഞു.
ക്രിസ്മസ് ട്രീ വാങ്ങിയവര്‍ക്ക്, മലിനീകരണ ശല്യമില്ലാതെ അത് ഒഴിവാക്കാനുള്ള സൗകര്യം അമേരിക്കയില്‍ വ്യാപകം. പുനരുപയോഗം കൂടുതല്‍ പരിസ്ഥിതി സൗഹൃദമാണെന്ന സന്ദേശവുമായാണ് ക്രിസ്മസ് ട്രീയും ക്രിബും മറ്റ് അലങ്കാരങ്ങളും ശേഖരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇപ്രകാരം പുനരുപയോഗം ചെയ്യുന്നവ കമ്മ്യൂണിറ്റി പാര്‍ക്കുകളില്‍ പുതയിടുന്നതിനും ആവാസ വ്യവസ്ഥകള്‍ സൃഷ്ടിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഉപയോഗിക്കുന്നു. കമ്പോസ്റ്റ് വളമാക്കാനുള്ള സംവിധാനവുമുണ്ട് പലയിടത്തും. വിവിധ ആവശ്യങ്ങള്‍ക്കായി മരങ്ങള്‍ കഷണങ്ങളാക്കുന്നുമുണ്ട്. സംഭാവന വാങ്ങിയാണ് ക്രിസ്മസ് ട്രീകളുടെ പരിസ്ഥിതി സൗഹൃദ സംസ്‌കരണം നടക്കുന്നത്.
ക്രിസ്മസ് ട്രീ വ്യവസായം ഓരോ വര്‍ഷം ചെല്ലുന്തോറും വിപുലമായി വരികയാണ് അമേരിക്കയില്‍. വൈവിധ്യമാര്‍ന്ന വനങ്ങളാല്‍ സമ്പന്നമായ മിനസോട്ടയില്‍ പ്രതിവര്‍ഷം 30 മില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കുന്ന വന്‍ ബിസിനസായിട്ടുണ്ട് ഇതെന്ന് സംസ്ഥാനത്തെ ഫോറസ്റ്റ് റിസോഴ്‌സസ് വകുപ്പില്‍ ജോലി ചെയ്യുന്ന അസോസിയേറ്റ് പ്രൊഫസറും എക്സ്റ്റന്‍ഷന്‍ സ്‌പെഷ്യലിസ്റ്റുമായ മാറ്റ് റസ്സല്‍ പറയുന്നു.മിനസോട്ട സര്‍വകലാശാലയിലെ പ്രകൃതിവിഭവ ശാസ്ത്രത്തിനും മാനേജ്മെന്റിനുമുള്ള ബിരുദ പഠനത്തിന്റെ ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം.
മിനസോട്ട സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ മേഖലയാണ് ഫോറസ്ട്രി. മിനസോട്ടക്കാര്‍ക്ക് വനം മേഖല വിശാലമായ ജോലികള്‍ വാഗ്ദാനം ചെയ്യുന്നു. ക്രിസ്മസ് ട്രീ വില്‍പ്പനയുടെ കുത്തൊഴുക്ക് കാരണം വ്യവസായം അവധിക്കാലത്തേക്ക് നീങ്ങുമ്പോള്‍ ആ തൊഴിലവസരങ്ങള്‍ വളരുന്നു.'സംസ്ഥാനത്ത് ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തോളം ക്രിസ്മസ് മരങ്ങള്‍ പാകമാകുന്നു, ഇത് സമ്പദ്വ്യവസ്ഥയെ ശക്തമാക്കുന്നു.'- റസ്സല്‍ പറഞ്ഞു.
സമ്പദ്വ്യവസ്ഥയുടെ ഉത്തേജനം മാത്രമല്ല ക്രിസ്മസ് മരങ്ങളിലൂടെ സംഭവിക്കുന്നത്. ഈ മരങ്ങള്‍ സംസ്ഥാനത്തിന്റെ പരിസ്ഥിതിയില്‍ നല്ല സ്വാധീനം ചെലുത്തുന്നു. ക്രിസ്മസ് ട്രീകള്‍ പ്രകാശസംശ്ലേഷണത്തിലൂടെ അന്തരീക്ഷത്തില്‍ നിന്ന് വന്‍ തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വേര്‍തിരിച്ചെടുക്കുന്നുണ്ട്. 'ഒരു ക്രിസ്മസ് ട്രീ സീസണില്‍ മുറിക്കുന്നതിന് മുമ്പ് എട്ട് വര്‍ഷത്തോളം വളരുന്നു. ആ എട്ട് വര്‍ഷങ്ങളില്‍, ക്രിസ്മസ് ട്രീ വായുവില്‍ നിന്ന് ഏകദേശം 1 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വേര്‍തിരിച്ചെടുക്കുന്നുണ്ട്. അവധിക്കാലം അവസാനിച്ച് ക്രിസ്മസ് ട്രീ നീക്കം ചെയ്യാനുള്ള സമയമായാല്‍, അത് റീസൈക്കിള്‍ ചെയ്ത് ഭൂമിയിലേക്ക് തിരികെ നല്‍കാം. മിനസോട്ട സര്‍വകലാശാലയുടെ അഭിപ്രായത്തില്‍, അവധിക്കാലത്ത് വാങ്ങിയ ക്രിസ്മസ് ട്രീകളില്‍ 93% പുനരുല്‍പ്പാദിപ്പിക്കാവുന്നതാണ്. അവ പ്രകൃതി ദത്ത വിഭവമായി തിരിച്ചുവരുന്നു.'- റസ്സല്‍ വ്യക്തമാക്കി.
മിക്ക അമേരിക്കക്കാര്‍ക്കും ക്രിസ്മസ് ആഘോഷത്തിന്റെ അവിഭാജ്യ ഘടകമാണ് ട്രീ. വൈറ്റ് ഹൗസിന്റെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തം. ഇരുപതാം നൂറ്റാണ്ടിന് മുമ്പ് വൈറ്റ് ഹൗസിലെ ക്രിസ്മസ് ആചരണം ഒരു ഔദ്യോഗിക സംഭവമായിരുന്നില്ല. ആദ്യ കാലങ്ങളില്‍ പ്രസിഡന്റിന്റെ കുടുംബാംഗങ്ങള്‍ വീട് എളിമയോടെ പച്ചിലകളാല്‍ അലങ്കരിക്കുകയും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സ്വകാര്യമായി ആഘോഷിക്കുകയും ചെയ്തു.
മെഴുകുതിരികളും കളിപ്പാട്ടങ്ങളും കൊണ്ട് അലങ്കരിച്ച ആദ്യത്തെ വൈറ്റ് ഹൗസ് ക്രിസ്മസ് ട്രീ, രണ്ടാം നിലയിലെ ഓവല്‍ മുറിയില്‍ സ്ഥാപിച്ചത് 1889-ല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ ഹാരിസണും കുടുംബവുമാണ്. 1894 ലെ ക്രിസ്മസ് കാലത്ത്, വൈറ്റ് ഹൗസില്‍ വൈദ്യുതി എത്തി മൂന്ന് വര്‍ഷത്തിന് ശേഷം, ഒരു മരത്തില്‍ ആദ്യമായി വൈദ്യുത വിളക്കുകള്‍ ഘടിപ്പിച്ചത് പ്രസിഡന്റ് ഗ്രോവര്‍ ക്ലീവ്ലാന്‍ഡിന്റെ പുത്രിമാരെ സന്തോഷിപ്പിച്ചു. 1912-ല്‍, പ്രസിഡന്റ് വില്യം എച്ച്. ടാഫ്റ്റിന്റെ കുട്ടികള്‍ ബ്ലൂ റൂമില്‍ ആദ്യത്തെ മരം അലങ്കരിക്കാന്‍ സഹായിച്ചു.
ക്രിസ്മസിന് വൈറ്റ് ഹൗസ് പരമ്പരാഗതമായി പ്രസിഡന്റുമാരുടെ കുട്ടികള്‍ക്ക് മാന്ത്രിക സ്ഥലമാണ്. പ്രസിഡന്റിന്റെ മക്കള്‍ക്കോ കൊച്ചുമക്കള്‍ക്കോ വേണ്ടി അവിസ്മരണീയമായ പാര്‍ട്ടികള്‍ ആദ്യകാലം മുതല്‍ക്കേ നടന്നു. 1835-ല്‍ പ്രസിഡന്റ് ആന്‍ഡ്രൂ ജാക്സണ്‍ തന്റെ കുട്ടികള്‍ക്കായി നടത്തിയ മേള അഭൂതപൂര്‍വമായിരുന്നു. ഈ പാര്‍ട്ടിയില്‍ ഗെയിമുകള്‍, നൃത്തം, ഒരു മഹാവിരുന്ന് എന്നിവ ഉള്‍പ്പെട്ടു, കൂടാതെ പ്രത്യേകം നിര്‍മ്മിച്ച കോട്ടണ്‍ ബോളുകള്‍ ഉപയോഗിച്ച് ഒരു ഇന്‍ഡോര്‍ 'സ്‌നോബോള്‍ പോരാട്ട'വും.
പ്രസിഡന്റ് തിയോഡോറും പ്രഥമ വനിത എഡിത്ത് റൂസ്വെല്‍റ്റും 1903-ലെ ക്രിസ്മസ് സീസണില്‍ 500 കുട്ടികള്‍ക്കായി അത്താഴം, നൃത്തം, സംഗീത സദസ് എന്നിവ സംഘടിപ്പിച്ചു. സാന്തായുടെയും മറ്റും രൂപത്തിലുള്ള ഐസ്‌ക്രീമിന്റെ പ്രത്യേക ട്രീറ്റ് ഉള്‍പ്പെട്ടതായിരുന്നു 'കാര്‍ണിവല്‍' . അതേസമയം, തിയോഡോര്‍ റൂസ്വെല്‍റ്റ് വൈറ്റ് ഹൗസില്‍ ക്രിസ്മസ് ട്രീകള്‍ 'നിരോധിച്ചു' എന്ന തെറ്റിദ്ധാരണ പരക്കേയുണ്ട്. എന്നാല്‍ റൂസ്വെല്‍റ്റ്ആഘോഷത്തിനായി മരം സ്ഥാപിച്ചില്ല എന്നതിനപ്പുറം ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഇല്ല.
പക്ഷേ, 1902-ല്‍ മകന്‍ ആര്‍ച്ചി റൂസ്വെല്‍റ്റ് ഒരു ചെറിയ മരം വൈറ്റ് ഹൗസിലേക്ക് കടത്തി മുകള്‍നിലയില്‍ ഒളിപ്പിച്ചു. ഒരു പുതിയ കുടുംബ പാരമ്പര്യത്തിന് തുടക്കമിട്ടുകൊണ്ട് അദ്ദേഹം പിന്നീട് അലങ്കരിച്ച മരം കുടുംബത്തിന് മുന്നില്‍ വെളിപ്പെടുത്തി. കുടുംബം വൈറ്റ് ഹൗസില്‍ താമസിക്കുന്നിടത്തോളം കാലം പ്രസിഡന്റ് ക്രിസ്മസ് കാലത്ത് അത് തുടരാന്‍ അനുവദിക്കുകയും ചെയ്തു. റൂസ്വെല്‍റ്റ്് കുടുംബം പരമ്പരാഗതമായി ട്രീ സഹിതം ക്രിസ്മസ് ആഘോഷിക്കാത്തത് അക്കാലത്ത് അത് അത്ര വ്യാപകമായിരുന്നില്ല എന്നതിനാലാണ് എന്ന് പറയപ്പെടുന്നു. എല്ലാ വീട്ടിലും ഒരു 'ക്രിസ്മസ് ട്രീ' എന്ന ആചാരം താരതമ്യേന ആധുനികമാണ്.
1961-ല്‍ പ്രഥമവനിത ജാക്വലിന്‍ കെന്നഡി ഔദ്യോഗിക വൈറ്റ് ഹൗസ് ക്രിസ്മസ് ട്രീക്കായി ഒരു തീം തിരഞ്ഞെടുക്കുന്ന പാരമ്പര്യം ആരംഭിച്ചു. പ്യോട്ടര്‍ ചൈക്കോവ്‌സ്‌കിയുടെ 'നട്ട്ക്രാക്കര്‍' ബാലെയുടെ മാതൃകയില്‍ അലങ്കാര കളിപ്പാട്ടങ്ങള്‍, പക്ഷികള്‍, മാലാഖമാര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു 'നട്ട്ക്രാക്കര്‍ സ്യൂട്ട്' തീം ജാക്കി തിരഞ്ഞെടുത്തു. അമേരിക്കയിലുടനീളമുള്ള വികലാംഗരായ സന്നദ്ധപ്രവര്‍ത്തകരും മുതിര്‍ന്ന പൗരന്മാരും ചേര്‍ന്നാണ് ആഭരണങ്ങള്‍ നിര്‍മ്മിച്ചത്.
1923-ല്‍ ദേശീയ ക്രിസ്മസ് ട്രീ പ്രകാശിപ്പിച്ചുകൊണ്ട് ക്രിസ്മസ് അവധി ദിനങ്ങളുടെ പൊതു ആഘോഷത്തിന് നേതൃത്വം നല്‍കിയ ആദ്യത്തെ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു പ്രസിഡന്റ്് കാല്‍വിന്‍ കൂളിഡ്ജ്.പിന്നീട് 1954 മുതല്‍ എലിപ്പസില്‍ ദേശീയ ക്രിസ്മസ് ട്രീയുടെ പ്രകാശനം വലിയ ആഘോഷമായി.
മുന്‍ പ്രസിഡന്റുമാരുടെ കാലത്ത് ക്രിസ്മസ് ട്രീ വീടിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രഥമ വനിത മാമി ഐസന്‍ഹോവറാണ് ബ്ലൂ റൂമില്‍ ക്രിസ്മസ് ട്രീ സ്ഥാപിച്ചുതുടങ്ങിയത്. പ്രഥമ വനിത ജാക്വലിന്‍ കെന്നഡി 1961-ല്‍ ബ്ലൂ റൂമില്‍ ഔദ്യോഗിക വൈറ്റ് ഹൗസ് ക്രിസ്മസ് ട്രീക്കായി തീം തിരഞ്ഞെടുക്കുന്ന പാരമ്പര്യവും ആരംഭിച്ചു. ബ്ലൂ റൂമില്‍ ഔദ്യോഗിക ക്രിസ്മസ് ട്രീ സ്ഥാപിക്കുന്ന പാരമ്പര്യം രണ്ടു തവണ തടസ്സപ്പെട്ടു. 1962-ല്‍, നവീകരണ ജോലികള്‍ കാരണം മരം പ്രവേശന ഹാളിലാണ് പ്രദര്‍ശിപ്പിച്ചത്. 1969-ല്‍, പ്രഥമവനിത പട്രീഷ്യ നിക്‌സണ്‍ എന്‍ട്രന്‍സ് ഹാള്‍ തിരഞ്ഞെടുത്തു. അത് ഫ്‌ളോറിഡയിലെ വികലാംഗരായ തൊഴിലാളികള്‍ നിര്‍മ്മിച്ച വെല്‍വെറ്റും സാറ്റിന്‍ ബോളുകളും കൊണ്ട് അലങ്കരിച്ചിരുന്നു, ഓരോ സംസ്ഥാനത്തിന്റെയും ഔദ്യോഗിക പുഷ്പവും ഉള്‍പ്പെടുത്തി.
തന്റെ എട്ട് വൈറ്റ് ഹൗസ് അവധിക്കാല സീസണുകളില്‍, പ്രഥമ വനിത ഹിലരി ക്ലിന്റണ്‍ അമേരിക്കയിലെ വിവിധ കമ്മ്യൂണിറ്റികളുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍കയ്യെടുത്തു. പ്രഥമ വനിത ലോറ ബുഷ്, മൃഗസ്നേഹം പ്രകടമാക്കുന്ന തീമുകള്‍ ജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളോടെ സ്വീകരിച്ചു. മിഷേല്‍ ഒബാമയുടെ 2010 ലെ വൈറ്റ് ഹൗസ് ക്രിസ്മസ് തീം 'ലളിതമായ സമ്മാനങ്ങള്‍' ആയിരുന്നു. അതേപ്പറ്റിയുള്ള വിശദീകരണം: ' ഒരു വിലയും നല്‍കാതുള്ളതാണ് എല്ലാവരുടെയും ഏറ്റവും വലിയ അനുഗ്രഹങ്ങള്‍ : നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം ചെലവഴിക്കുന്ന സമയം, അമേരിക്കക്കാരെന്ന നിലയില്‍ നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യം, ആവശ്യമുള്ളവരെ സമീപിക്കുന്നതില്‍ നിന്ന് നമ്മള്‍ അനുഭവിക്കുന്ന സന്തോഷം.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.