കൊളറാഡോയില്‍ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ കാട്ടുതീ; 6,000 ഏക്കറില്‍ വീടുകള്‍ അഗ്‌നിക്കിരയായി

കൊളറാഡോയില്‍ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ കാട്ടുതീ; 6,000 ഏക്കറില്‍ വീടുകള്‍ അഗ്‌നിക്കിരയായി

ഡെന്‍വര്‍: യു.എസ് സംസ്ഥാനമായ കൊളറാഡോയിലെ ബൗള്‍ഡര്‍ കൗണ്ടിയിലുണ്ടായ കാട്ടുതീയില്‍ ആയിരത്തോളം വീടുകള്‍ കത്തിനശിച്ചു. 25,000 പേരാണ് മേഖലയില്‍നിന്നു പലായനം ചെയ്തത്. തീ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. 6,000 ഏക്കറിലെ വീടുകളും കെട്ടിടങ്ങളും അഗ്‌നിക്കിരയായി. കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ തീ പിടിത്തമാണിത്.

തലസ്ഥാനമായ ഡെന്‍വറിനു വടക്ക് ബൗള്‍ഡര്‍ കൗണ്ടിയിലാണ് കാട്ടുതീ വന്‍ ദുരിതം വിതച്ചത്. ലൂയിസ് വില്ലിയിലെയും സൂപീരിയറിലെയും മുപ്പതിനായിരത്തോളം ആളുകളോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 169 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ അതിവേഗത്തിലാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്. ആളുകള്‍ ജീവനും കൊണ്ടു പരക്കം പായുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോകളാണ് പുറത്തുവരുന്നത്.

കണ്ണ് ചിമ്മി തുറക്കുന്നതിനു മുന്‍പാണ് ഓരോ പ്രദേശവും കത്തിയമരുന്നതെന്ന് കൊളറാഡോ ഗവര്‍ണര്‍ ജാരെദ് പോളിസ് പറഞ്ഞു. മേഖലയില്‍ വ്യോമ നിരീക്ഷണം നടത്തിയതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഗവര്‍ണറുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.

കാട്ടുതീയില്‍ 26,000-ത്തോളം പേര്‍ക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു. തീ പിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതാനും വളര്‍ത്തുമൃഗങ്ങള്‍ ചത്തിട്ടുണ്ട്. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ തകരുകയും ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലാവുകയും ചെയ്തു. വ്യാഴാഴ്ച്ച രാവിലെ പത്തരയോടെയാണ് തീ പടരാന്‍ ആരംഭിച്ചത്. തീ നിയന്ത്രണ വിധേയമായതായി അധികൃതര്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കൊളറാഡോ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീപിടിത്തം രൂക്ഷമാക്കിയത്. കലിഫോര്‍ണിയയില്‍ മാത്രം കഴിഞ്ഞ വര്‍ഷം 2.5 മില്യണ്‍ ഏക്കര്‍ കത്തിനശിച്ചെന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.