കോയമ്പത്തൂര്‍: സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലന പരിപാടി നടത്തുന്നതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. തമിഴ്നാട് വിലങ്കുറിച്ചിയിലെ ഒരു സ്‌കൂളിലാണ് ആര്‍എസ്എസ് പരിശീലന ക്യാമ്പ് നടത്തിയത്. ഇതിനെതിരെ നാം തമിളര്‍ കച്ചി പാര്‍ട്ടി സ്‌കൂളിന് പുറത്ത് പ്രതിഷേധം നടത്തിയതോടെ പൊലീസ് എത്തുകയായിരുന്നു. ഡിസംബര്‍ 31നാണ് പ്രതിഷേധം നടന്നത്.
സ്ഥലത്തെത്തിയ പൊലീസുകാരെ സ്‌കൂള്‍ പരിസരത്തേക്ക് പ്രവേശിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കോയമ്പത്തൂര്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി ജയചന്ദ്രനെ അടക്കം പ്രവത്തകര്‍ തടയുന്നത് വീഡിയോയില്‍ കാണാം. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആര്‍എസ്എസ് പ്രവര്‍ത്തകരിലൊരാള്‍ ശക്തമായി തള്ളി വീഴ്ത്തുന്നതും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. ഇതേ തുടര്‍ന്ന് നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറിക്കുമെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം നേരത്തേ പരിശീലനത്തിനെതിരെ പ്രതിഷേധിച്ച നാം തമിളര്‍ കച്ചി, തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം എന്നിവരുടെ അംഗങ്ങളെ പൊലീസ് പിടികൂടിയിരുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തുന്ന പരിശീലന ക്യാമ്പുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.