പൊലീസ് വിളയാട്ടത്തിനെതിരെ വ്യാപക പരാതി: ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

പൊലീസ് വിളയാട്ടത്തിനെതിരെ വ്യാപക പരാതി: ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നു വൈകുന്നേരം മൂന്നിന് 
ക്ലിഫ് ഹൗസിലാണ് യോഗം.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊലീസ് സേനയ്‌ക്കെതിരെ നിരവധി പരാതികളാണ് പൊതു ജനങ്ങളില്‍ നിന്നുണ്ടാകുന്നത്. ഏറ്റവും ഒടുവിലായി മാവേലി എക്സ്പ്രസ് ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ച് യാത്രക്കാരനെ എഎസ്ഐ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്ന് പുറത്തു വന്നു. സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ടിടിഇക്കൊപ്പം പരിശോധനയ്ക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു.

സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്.

തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തെന്നും യാത്രക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോവളത്ത് വിദേശ പൗരനെ തടഞ്ഞ് മദ്യം ഒഴിപ്പിച്ചു കളയിച്ച സംഭവവും ഏറെ വിവാദമായിരുന്നു.

ഇതില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉണ്ടായത്. പൊലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നും സിപിഎം സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ പ്രതിപക്ഷവും രംഗത്തു വന്നിരുന്നു. ഇതോടെയാണ് പൊലീസ് ഉന്നതരുടെ യോഗം വിളിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.