സഹോദരർ ഏകമനസ്സായി ഒരുമിച്ചു വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്. സങ്കീർത്തനങ്ങൾ 133:1
ഒരിക്കൽ രണ്ട് സുഹൃത്തുക്കൾ മരുഭൂമിയിലൂടെ യാത്രചെയ്യുമ്പോൾ, സംസാരിക്കുന്നതിനിടക്ക് തമ്മിൽ പിണങ്ങി. ദേഷ്യം വന്നയാൾ കൂടെയുള്ള ചങ്ങാതിയുടെ കരണത്തടിച്ചു. അടികിട്ടിയതും സങ്കടത്താൽ അദ്ദേഹം മുന്നോട്ടുനടന്ന് ഇരുന്ന് മണലിൽ എഴുതി "ഇന്ന് എൻ്റെ പ്രിയ സുഹൃത്ത് എന്റെ കരണത്തടിച്ചു."
രണ്ടാളും യാത്ര തുടർന്നു. നടന്നു നടന്ന് അവർ ഒരു മരുപ്പച്ചയിൽ എത്തി. അവിടെ വിശ്രമിക്കുമ്പോൾ രണ്ടാളും കുളിക്കുവാൻ തീരുമാനിച്ചു. അടികിട്ടിയ ചങ്ങാതി കുളത്തിലിറങ്ങിയതും ചെളിയിൽ താഴാൻ തുടങ്ങി. അദ്ദേഹം സുഹൃത്തിനെ സഹായത്തിന്നു വിളിച്ചു. സുഹൃത്ത് ഓടിയെത്തി അവനെ രക്ഷിച്ചു.
ചെളിയിൽനിന്ന് രക്ഷപ്പെട്ട സുഹൃത്ത് അടുത്തുകണ്ട പാറയിൽ എഴുതി. "ഇന്ന് എൻ്റെ പ്രിയ സുഹൃത്ത് എൻ്റെ ജീവൻ രക്ഷിച്ചു." ഇതുകണ്ടുനിന്ന സുഹൃത്ത് കൂട്ടുകാരനോടുചോദിച്ചു "ഞാൻ നിന്നെ അടിച്ചപ്പോൾ നീ അത് മണലിലും, രക്ഷിച്ചപ്പോൾ നീ അത് പാറപ്പുറത്തും എഴുതി. എന്തേ അങ്ങനെ?" അപ്പോൾ സുഹൃത്ത് പറഞ്ഞു "ആരെങ്കിലും നമ്മെ വേദനിപ്പിക്കുമ്പോൾ നമ്മൾ അത് മണലിൽ എഴുതണം കാരണം ക്ഷമയുടെ കാറ്റിന് വേദനയുടെ നൊമ്പരത്തെ പെട്ടെന്ന് മായ്ക്കാനാകും. പക്ഷെ ഒരാൾ നമ്മുക്കുചെയ്യുന്ന നന്മകൾ കാലത്തിന്റെ കാറ്റിൽ മായാത്തവിധം എന്നും ഓർമിക്കാൻ പാറപ്പുറത്തെഴുതണം."
നമ്മുടെ നന്മകളും, നമ്മിലെ നന്മകളും, നമ്മുക്ക് മറ്റുള്ളവർ ചെയ്യുന്ന നന്മകളും നമ്മൾ മായാതെ കാക്കുക. നമ്മുക്ക് മറ്റുള്ളവർ നൽകുന്ന വേദനിപ്പിക്കുന്ന ഓർമകളും, നമ്മുടെ വേദനകളും നമ്മൾ പെട്ടന്ന് മറക്കാൻ മണലിൽ എന്നപോലെ മാത്രം സൂക്ഷിക്കുക. ഇത് വേദനകളും, വൈരാഗ്യവും എല്ലാം പെട്ടന്ന് മാഞ്ഞ് ജീവിതത്തിൽ സന്തോഷത്തോടും, പ്രത്യാശയോടും മുന്നോട്ടുപോകാൻ പ്രചോദനം നൽകും.
ഒരാൾക്ക് മറ്റൊരാളോട് പരിഭവമുണ്ടായാൽ പരസ്പരം ക്ഷമിച്ചു സഹിഷ്ണതയോടെ വർത്തിക്കുവിൻ. കൊളോസോസ് 3:13
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v