റെയില്‍ പാളത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ പൈലറ്റിനെ ട്രെയിന്‍ ഇടിക്കാതെ രക്ഷിച്ചത് തലനാരിഴയ്ക്ക്

  റെയില്‍ പാളത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ പൈലറ്റിനെ ട്രെയിന്‍ ഇടിക്കാതെ രക്ഷിച്ചത് തലനാരിഴയ്ക്ക്


ലോസ് ഏഞ്ചല്‍സ്: റെയില്‍ പാളത്തില്‍ ക്രാഷ് ലാന്‍ഡ് ചെയ്ത ചെറു വിമാനത്തിന്റെ പൈലറ്റ് ട്രെയിന്‍ കയറാതെ മരണത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സിന് സമീപം പകോയ്മയിലുള്ള വൈറ്റ്മാന്‍ വിമാനത്താവളത്തിനടുത്തുള്ള റെയില്‍വേ പാളത്തിലായിരുന്നു നിയന്ത്രണം വിട്ടതോടെ വിമാനം ഇടിച്ചിറക്കിയത്.

അപകടം നടക്കുന്ന സമയത്ത് പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മിനിറ്റിനുള്ളില്‍ പോലീസ് രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഇതേസമയം ട്രാക്കിലൂടെ മെട്രോലിങ്ക് ട്രെയിന്‍ വരുന്നുണ്ടായിരുന്നു. ഇത് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ സാഹസികമായാണ് മിന്നല്‍ വേഗത്തില്‍ പൈലറ്റിനെ കോക്ക്പിറ്റില്‍ നിന്നു പുറത്തേക്ക് മാറ്റിയത്. നിമിഷങ്ങള്‍ക്കകം ട്രാക്കിലൂടെ വന്ന ട്രെയിന്‍ വിമാനത്തെ ഇടിച്ച് തെറിപ്പിച്ചു.

ഈ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സമയോചിതമായി ഇടപെട്ട ഉദ്യോഗസ്ഥര്‍ പൈലറ്റിന്റെ ജീവന്‍ രക്ഷിച്ചു എന്നുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പോലീസിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി.21 കാരനായ സംഗീത കമ്പോസര്‍ ലൂയിസ് ജിമെനെസ് ആണ് വീഡിയോ ചിത്രീകരിച്ചത്. വിമാനത്തെ ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചപ്പോള്‍ പറന്ന അവശിഷ്ടം തന്റെ മേല്‍ പതിച്ചെന്ന് ലൂയിസ് പറഞ്ഞു.

ലോസ് ഏഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഫൂട്ടേജില്‍ ഉദ്യോഗസ്ഥര്‍ രക്തം വാര്‍ന്നു കിടക്കുന്ന പൈലറ്റിനെ വിമാനത്തില്‍ നിന്ന് വലിച്ചെടുക്കുന്നതിന്റെ ബോഡിക്യാം ദൃശ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.


https://youtu.be/hg5Zi2AqTXE


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.