ഇമ ചിമ്മാതെ ഒരു കോടി കണ്ണുകള്‍

 ഇമ ചിമ്മാതെ ഒരു കോടി കണ്ണുകള്‍

'ഞാന്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കും സൈനിക നിയമത്തിനും അനുസരിച്ച് സത്യസന്ധമായും വിശ്വസ്തതയോടെയും അഖണ്ഡ ഭാരതത്തെ സേവിച്ചു കൊള്ളാം. ഇന്ത്യന്‍ പ്രസിഡന്റിന്റെ കല്‍പ്പ ന അനുസരിച്ചും എന്റെ മേലധികാരിയുടെ ആജ്ഞകള്‍ക്കു വിധേയമായും ആകാശത്തിലോ ഭൂമിയിലോ കടലിലോ എവിടെയായാലും എന്റെ ജീവനര്‍പ്പിച്ചും ഞാന്‍ രാജ്യരക്ഷ നിര്‍വഹിച്ചുകൊള്ളാം.'' 66 വര്‍ഷമായി ഭാരതത്തിന്റെ സൈന്യ വ്യൂഹം വലതുകൈ മാതൃഭൂമിയുടെ ഹൃദയത്തിലേക്കു നീട്ടിപ്പിടിച്ച് ഓരോ പ്രഭാതത്തിലും ഉദീരണം ചെയ്യുന്ന ഉജ്വലമായ ഈ പ്രതിജ്ഞയുടെ ഉള്‍ത്തുടിപ്പുകളാണ് ഇന്ത്യയുടെ ചുറ്റുമതില്‍ തീര്‍ക്കുന്നത്.

ആകാശത്തിലും ഭൂമിയിലും കടലിലുമായി 95,36,814 കണ്ണുകള്‍ ഇമപൂട്ടാതെ കാവലിരിക്കുന്ന ഒരു രാജ്യം! സ്വന്തം നെഞ്ചിടിപ്പു പോലും മാതൃഭൂമിയുടെ സുരക്ഷയ്ക്കായി പൂര്‍ണ സമര്‍പ്പണം ചെയ്ത 4768407 പട്ടാളക്കാരുടെ കരവലയത്തില്‍ സുരക്ഷയുടെ സുഖം നുണയുന്നതു 130 കോടി ജനങ്ങള്‍.

ആഭ്യന്തരവും ബാഹ്യവുമായ അരക്ഷിതാവസ്ഥകളില്‍ നിന്ന് ജന്മനാടിനെ രക്ഷിക്കാന്‍ ആയുധങ്ങള്‍ കൈയിലേന്തുന്ന ഇന്ത്യന്‍ പട്ടാളക്കാരെ ഇന്ത്യാ മഹാരാജ്യം ആദരവോടെ നമിക്കുന്ന സുദിനമാണ് ജനുവരി 15 ഇന്ത്യന്‍ സേനാദിനം.

1947വരെ ഇന്ത്യയുടെ ഭരണം നടത്തിയ ബ്രട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനിക ശൈലി തന്നെയാണ് ഇന്ത്യന്‍ സൈനിക രൂപീകരണത്തിനും അടിസ്ഥാനമായത്. ആരംഭത്തില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യമായിരുന്നത് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ ആര്‍മിയായി പരിണമിക്കുകയായിരുന്നു.

ഇന്ത്യന്‍ സേനയുടെ പ്രാഥമിക ദൗത്യം ഇന്ത്യയുടെ ഐക്യവും സുരക്ഷയുമാണ്. പുറം രാജ്യങ്ങളുടെ ഭീഷണിയും നുഴഞ്ഞ ുകയറ്റവും മണത്തറിഞ്ഞ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നാല് അതിരുകളിലും കണ്ണില്‍ എണ്ണയൊഴിച്ചു കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ തന്നെയാണ് ജനങ്ങള്‍ നേരിടുന്ന പ്രകൃതി ദുരന്തങ്ങളിലും ആഭ്യന്തര കലാപങ്ങളിലും ജനങ്ങളുടെ രക്ഷയ്‌ക്കെത്തുന്നത്.

ഇന്ത്യന്‍ സൈനൃത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫായ ഇന്ത്യന്‍ പ്രസിഡന്റു തന്നെയാണ് ഇന്ത്യയുടെ കരസേനയും വ്യോമസേനയും നാവിക സേനയും നിയന്ത്രിക്കുന്നത്. 34 ഡിവിഷനുകളില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സൈന്യം ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയാണ്. ചൈനയ്ക്കും പാക്കിസ്ഥാനുമെതിരെ രണ്ടു വീതം നാല് യുദ്ധങ്ങളും ആഭ്യന്തരവും ബാഹ്യവുമായ നിരവധി സുരക്ഷാ ഓപ്പറേഷനുകളും നടത്തി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ കരുത്തുറ്റ ചുറ്റുമതിലായി ഉയര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ സേന.

മേജര്‍ ജനറലിന്റെ റാങ്കിലുള്ള കമാന്റിംങ് ജനറല്‍ ഓഫീസര്‍മാര്‍ നയിക്കുന്ന പ്രിഗേഡ്, ബറ്റാലിയന്‍, കമ്പനി, പ്ലാറ്റൂണ്‍, സെക്ഷന്‍ എന്നിങ്ങനെ നമ്മുടെ സൈനിക ഘടനയ്ക്ക് വിവിധ ഭാഗങ്ങളുണ്ട്. അമേരിക്കയ്ക്ക് 23 ലക്ഷവും ചൈനയ്ക്ക് 19 ലക്ഷവും ഇറാന്‍ 23 ലക്ഷവും പട്ടാളക്കാരുള്ളപ്പോഴാണ് റിസര്‍വ് മിലിറ്ററിയും പാരാമിലിറ്ററിയും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 48 ലക്ഷത്തോളം പട്ടാളക്കാര്‍ ഉള്ളത്. ഓരോ ഭാരത പൗരന്റെയും അടിസ്ഥാന ദൗത്യമാണ് രാജ്യസുരക്ഷയ്ക്കായി ജീവനര്‍പ്പി ക്കുക എന്നുള്ളത്. നാമെല്ലാവരും പട്ടാളക്കാര്‍ ആയില്ലെങ്കിലും നമ്മുടെ ജീവിതം കൊണ്ട് മാതൃ രാജ്യത്തോടുള്ള വിശ്വസ്തതയും സ്‌നേഹവും പ്രകടിപ്പിക്കാം. ഇന്ത്യന്‍ സൈനിക ദിനത്തില്‍ എല്ലാ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കാം.

ഒരു നല്ല മനുഷ്യന്‍-ഒരു നല്ല പൗരന്‍-ഒരു നല്ല യോദ്ധാവ്

ഒരു രാഷ്ട്രത്തിന്റെ സുരക്ഷിതത്വം ഉത്തരവാദിത്തമുള്ള പൗരബോധമാണ് നിര്‍ണയിക്കുന്നത്. ഗള്‍ഫിലെ ഖത്തര്‍ ഗവണ്‍മെന്റിന്റെ പ്രതിരോധ മന്ത്രാലയത്തിനു മുന്നില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. 'സെക്യൂരിറ്റി ഈസ് ജോയിന്റ് റെസ്‌പോണ്‍സിബിലിറ്റി' സുരക്ഷിതത്വം എന്നാല്‍ കൂട്ടുത്തരവാദിത്തമാണ്.

ഓരോ രാജ്യവും അതിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയ്ക്കായി വ്യത്യസ്തമായ സേനാ വിഭാഗങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്. രാജ്യ സുരക്ഷയാണ് പട്ടാളക്കാരുടെ ജീവിത വ്രതം. മാതൃ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ശത്രു രാജ്യത്തോടു പൊരുതി ജീവന്‍ വെടിഞ്ഞ ധീര രക്തസാക്ഷികളുടെ ധന്യസ്മരണയില്‍ മനസു നട്ടുകൊണ്ടാണ് ജനുവരി 15ന് ഭാരതം കരസേനാ ദിനം ആചരിക്കുന്നത്.

ഇന്ത്യക്ക് കരസേന, നാവികസേന, വ്യോമസേന എന്നിങ്ങനെ മൂന്നു പ്രതിരോധ വിഭാഗങ്ങളുണ്ട്. ഇതില്‍ രാജ്യത്തിന്റെ ഭൂതല സൈനിക പ്രവര്‍ത്ത നങ്ങളുടെ ചുമതലയുള്ള സേനാ വിഭാഗമാണ് ഇന്ത്യന്‍ കരസേന. 25 ലക്ഷത്തോളം അംഗബലമുള്ള ഇന്ത്യന്‍ കരസേന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ്. അതിര്‍ത്തി കാത്തു സൂക്ഷിക്കുക, രാജ്യത്തെ സമാധാന പാലനത്തിനും സുരക്ഷയ്ക്കു വേണ്ടിയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക, അടിയന്തിര ഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയാണ് കരസേനയുടെ പ്രധാന ധര്‍മ്മങ്ങള്‍.

ബി.സി 326ല്‍ ഗ്രീക്ക് രാജാവായ അലക്സാണ്ടര്‍ ച്രക്രവര്‍ത്തി ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തെ എതിര്‍ത്ത പോറസിന്റെ സേന ഒരു ലക്ഷത്തിലധികം ഉണ്ടായിരുന്നുവത്രേ. മുഗള്‍ സാമ്രാജ്യകാലത്തില്‍, അശ്വസേനയും പീരങ്കിപ്പടയും ഉണ്ടായിരുന്നു. ടിപ്പു സുല്‍ത്താന്റെ യുദ്ധമുറകളും ബ്രിട്ടീഷുകാരുമായി നടത്തിയ യുദ്ധങ്ങളും പഠനാര്‍ഹങ്ങളാണ്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭ ദശയില്‍ രൂപപ്പെട്ട ഇന്ത്യന്‍ കരസേനയില്‍ ഇന്ത്യക്കാരോടൊപ്പം (ബിട്ടീഷുകാരും ഉണ്ടായിരുന്നു. ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ കരസേനയുടെ ഒരു ഭാഗം പാക്കിസ്ഥാനു വിട്ടുകൊടുത്തു. 1948ല്‍ ഇന്ത്യക്കാരനായ കെ.എം കരിയപ്പ മേധാവിയായ തോടെയാണ് ഇന്ത്യന്‍ കരസേന പൂര്‍ണമായും ഇന്ത്യനായത്.

ഇന്ത്യ-ചൈനാ യുദ്ധത്തിലും ഇന്ത്യ-പാക് യുദ്ധത്തിലും പൊരുതി വീണവരെ നമ്മള്‍ക്ക് പരിചയമുണ്ടാവില്ല. എന്നാല്‍ 1999-ലെ കാര്‍ഗില്‍ യുദ്ധം മുതലിങ്ങോട്ട്, മാതൃരാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവനര്‍പ്പിച്ച മലയാളിയായ സന്ദീപ് ഉണ്ണികൃഷ്ണനുള്‍പ്പെടെ നൂറുകണക്കിനു ജവാന്മാ രുടെ ജീവന്റെ വിലയാണ് നമ്മുടെ ജീവന്‍. നമ്മള്‍ ജീവിക്കാനായാണ് അവര്‍ ജീവിക്കുന്നതും മരിക്കുന്നതും.

അസാമാന്യമായ ധൈര്യത്തോടെ, ഉറച്ച നിശ്ചയദാര്‍ഢ്യത്തോടെ, നമ്മുടെ ധീരജവാന്മാര്‍ ശ്രതുവിന്റെ കരാള ഹസ്തങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നു. ഓരോ ചുവടുവയ്പ്പിലും അപകടം മണക്കുമ്പോഴും അപ്രതീക്ഷിതമായ വിപരീത കാലാവസ്ഥയിലും കാറ്റിലും മഴയിലും പൊരിവെയിലിലും മഹാപ്രളയത്തിലും ഉള്ളം കൈയില്‍ സ്വന്തം ജീവനുമായി രാജ്യത്തെ കാക്കുന്ന പട്ടാളക്കാര്‍ നമുക്ക് മാതൃകയും പ്രചോദനവുമാണ്.

നാടും വീടും കുടുംബവും കുട്ടികളും സ്വപ്‌നങ്ങളുമെല്ലാം രാജ്യസ്‌നേഹത്തിന്റെ യാഗാഗ്‌നിയില്‍ ബലി ചെയ്യുന്ന നമ്മുടെ പടയാളികളെ ആദരവോടെ സ്മരിക്കാം. ബിഎസ്എഫ് ഡപ്യൂട്ടി കമാന്‍ഡന്റ് സുക്ബീര്‍സിംങ് യാദവും ക്യാപ്റ്റന്‍ അമോല്‍ കൊലിയയും മുതല്‍ സ്‌ക്വാരഡണ്‍ ലീഡര്‍ അജയ് അഹൂജയും സര്‍ഫന്‍മാന്‍സിങും വരെയുള്ള കാര്‍ഗില്‍ രക്തസാക്ഷികളും മുംബൈ തീവ്രവാദി ആക്രമണത്തില്‍ ദേശസ്‌നേഹം മാത്രം സുരക്ഷാ കവചമാക്കി രാജ്യദ്രോഹികളുടെ തോക്കിന്‍ കുഴലിലേക്ക് വെടിയുണ്ട പോലെ പാഞ്ഞു കയറിയ ഹേമന്ദ് കര്‍ക്കറെയും ചലച്ചിത്രഭാഷ്യമായി ടെറിട്ടോറിയല്‍ ആര്‍മി കമാന്‍ഡറായ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലുമെല്ലാം വളരുന്ന തലമുറയായ നമ്മോട് നടത്തുന്ന മനമന്ത്രണം മറ്റൊന്നുമല്ല; ''മേരാ ഭാരത് മഹാന്‍'' എന്നത്രെ!

കരസേനയിലെ ആര്‍മി എഡ്യൂക്കേഷന്‍ കോര്‍ വിഭാഗത്തിന്റെ മുദ്രാവാക്യമാണ്, ''ഒരു നല്ല മനുഷ്യന്‍, ഒരു നല്ല പൗരന്‍, ഒരു നല്ല യോദ്ധാവ്'' എന്നത്. നമുക്ക് ദേശസ്‌നേഹത്താല്‍ ജ്വലിക്കാം. ദേശ ക്ഷേമത്തിനായി യത്‌നിക്കാം. ജയ് ഹിന്ദ്.

ഫാ. റോയ് സി കണ്ണംചിറ സിഎംഐ എഴുതിയ പ്രപഞ്ചമാനസം എന്ന ഗ്രന്ഥത്തില്‍ നിന്ന് എടുത്ത ഭാഗമാണിത്.
ഫാ. റോയി കണ്ണന്‍ചിറ സിഎംഐയുടെ കൂടുതല്‍ രചനകള്‍ വായിക്കുന്നതിന്: cnewslive.com



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.