പി.സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍; സംഭവത്തിന് പിന്നില്‍ ബ്ലാക് മാസ് പ്രവര്‍ത്തകരെന്ന് പി.സി

 പി.സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍; സംഭവത്തിന് പിന്നില്‍ ബ്ലാക് മാസ് പ്രവര്‍ത്തകരെന്ന് പി.സി

ഈരാറ്റുപേട്ട: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിച്ചു. രാവിലെയാണ് ബിഷപ് പി.സി ജോര്‍ജിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് 10 മിനിറ്റോളം സംസാരിച്ചു. പി.സി ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ്, അരുവിത്തുറ പള്ളി വികാരി ഫാദര്‍ ഡോ. അഗസ്റ്റിന്‍ പാലക്കപ്പറമ്പില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പുറത്ത് കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ബിഷപ് കാര്യമായി പ്രതികരിച്ചില്ല. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന്, കേസ് തുടങ്ങിയപ്പോള്‍ മുതല്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. തുടര്‍ന്ന് കാറില്‍ കയറിയ ബിഷപ് അരുവിത്തുറ പള്ളിയിലെത്തി പ്രാര്‍ഥിച്ച ശേഷം മടങ്ങി.

ദൈവവിശ്വാസം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ഉണ്ടായതെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു. ലോകത്തു ശക്തി പ്രാപിക്കുന്ന ബ്ലാക് മാസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഒരു കത്തോലിക്കാ മെത്രാനെ പീഡനക്കേസില്‍ കുടുക്കിയാല്‍ സഭയുടെ പ്രവത്തനങ്ങളില്‍ വിള്ളല്‍ വീഴ്ത്താം എന്നതായിരുന്നു അവരുടെ ലഷ്യം. അതിനേറ്റ പ്രഹരമാണ് കോടതി വിധിയെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.