സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍നിന്നുള്ള പിക്‌സി കര്‍ട്ടിസിന് പ്രായം വെറും പത്തു വയസാണ്. കോടികള്‍ വരുമാനമുള്ള രണ്ടു കമ്പനികളുടെ ഉടമസ്ഥയാണ് ഈ കൊച്ചുമിടുക്കി. പിക്‌സി വളരുന്നതിനേക്കാള്‍ വേഗത്തിലാണു ഈ രണ്ടു കമ്പനികളും വളരുന്നത്. സ്വന്തം സമ്പാദ്യം നൂറു കോടി രൂപയിലധികമാണ്.
പിക്സീസ് ബൗവ്സ് എന്നാണ് പിക്സി നേതൃത്വം കൊടുക്കുന്ന കമ്പനിയുടെ പേര്. 2014-ല്‍ പിക്സിക്ക് രണ്ട് വയസുള്ളപ്പോഴാണ് അവളുടെ അമ്മ റോക്‌സി ജാസെന്‍കോ ഹെയര്‍ ആക്സസറീസ് ബിസിനസ് ആരംഭിച്ചത്. പിന്നീട് പിക്‌സിയുടെ പേരിലേക്കു മാറ്റുകയായിരുന്നു. കുട്ടികളുടെ തലമുടി അലങ്കരിക്കാനുപയോഗിക്കുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഈ കമ്പനി കുറച്ചുകാലം കൊണ്ട് വലിയ ലാഭം സ്വന്തമാക്കി. ഇതിനു പിന്നാലെ രണ്ടാമത്തെ കമ്പനിക്കും പിക്‌സി തുടക്കമിട്ടു.
പിക്‌സീസ് ഫിജറ്റ്‌സ് എന്ന കളിപ്പാട്ടക്കമ്പനി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ചു. ഓണ്‍ലൈനായി ലോഞ്ച് ചെയ്ത് ആദ്യ 48 മണിക്കൂറിനുള്ളില്‍ കളിപ്പാട്ടങ്ങള്‍ വിറ്റഴിച്ച് കമ്പനി വലിയ ലാഭമുണ്ടാക്കി. ഈ രണ്ടുകമ്പനികളും ഒന്നിച്ച് പിക്സീസ് പിക്സ് എന്ന ബ്രാന്‍ഡിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
ബിസിനസിന്റെ ബാലപാഠങ്ങള്‍ പിക്‌സിയെ പഠിപ്പിച്ചതും അമ്മ റോക്‌സിയാണ് എന്നാല്‍ എക്കാലവും മകള്‍ ഒരു സംരംഭകയായി നില്‍ക്കണമെന്നു തനിക്കു നിര്‍ബന്ധമില്ലെന്നും പിക്‌സിക്കു താല്‍പര്യമുണ്ടെങ്കില്‍ പതിനഞ്ചാം വയസില്‍ തന്നെ വിരമിക്കാമെന്നും റോക്‌സി പറയുന്നു.
വളരെ വിജയകരമായ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പിക്‌സിയുടെ പേരിലുണ്ട്. 2014-ല്‍ റോക്‌സിയാണ് ഇതു തുടങ്ങിയത്. പിക്‌സീസിന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ഈ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ സഹായകമായി. കുരുന്ന് സെലിബ്രിറ്റികളായ ട്രൂ തോംസണ്‍, സൂരി ക്രൂയിസ് തുടങ്ങിയവര്‍ ഇതു ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചതും പിക്‌സീസിനു വലിയ പിന്തുണ നല്‍കി. കഴിഞ്ഞ ക്രിസ്മസ് സീസണില്‍ പിക്‌സീസ് പുറത്തിറക്കിയ സമ്മാനങ്ങള്‍ മാത്രം ഓസ്‌ട്രേലിയയില്‍ വിറ്റ് പോയത് 60000 ഡോളറുകള്‍ക്കാണ്. പിക്‌സിയും കുടുംബവും ബിസിനസില്‍ നിന്നു ലഭിച്ച ലാഭത്തില്‍ നിന്ന് മൂന്നുകോടി രൂപ വില വരുന്ന പ്രീമിയം കാറും വാങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.