കാന്‍ബറ: സമുദ്രത്തിനടിയിലുണ്ടായ വന്‍ അഗ്‌നിപര്‍വ്വത സ്ഫോടനത്തെതുടര്‍ന്ന് സുനാമിയുണ്ടായ പസഫിക് ദ്വീപ് രാഷ്ട്രമായ ടോംഗയിലെ നാശനഷ്ടം വിലയിരുത്താനും രക്ഷാപ്രവര്‍ത്തനത്തിനും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും വിമാനങ്ങള്‍ അയച്ചു. പ്രകൃതി ക്ഷോഭമുണ്ടായ തീരപ്രദേശങ്ങളിലെ നാശനഷ്ടമോ മരണമോ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഓസ്ട്രേലിയയിലെ ടോംഗ ഹൈക്കമ്മിഷന്‍ അറിയിച്ചു. നിരവധി വീടുകളിലേക്കും ഒരു പള്ളിയിലേക്കും ഉള്‍പ്പെടെ വന്‍ സുനാമിത്തിരകള്‍ ആഞ്ഞടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
തിരമാലകള്‍ ആഞ്ഞടിച്ച ടോംഗയിലെ തീരപ്രദേശങ്ങളുമായും ചെറിയ ദ്വീപുകളുമായും അധികൃതര്‍ക്ക് ഇതുവരെ സമ്പര്‍ക്കം പുലര്‍ത്താനായിട്ടില്ല. തീരപ്രദേശത്തെ ബോട്ടുകള്‍ക്കും കടകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായതായി വ്യക്തമായിട്ടുണ്ട്.
പ്രദേശത്തുണ്ടായ പ്രാരംഭ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഇന്നു രാവിലെയാണ് ന്യൂസിലന്‍ഡിലെ ഓക്ലന്‍ഡില്‍ നിന്ന് ഓറിയോണ്‍ വിമാനം പുറപ്പെട്ടതെന്ന് പ്രതിരോധ സേന ട്വീറ്റ് ചെയ്തു. അതേസമയം റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സ് പ്രശ്‌നബാധിത പ്രദേശത്ത് വ്യോമനിരീക്ഷണം ഇതിനകം ആരംഭിച്ചതായി വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.
ക്യൂന്‍സ് ലന്‍ഡിലെ ആംബര്‍ലിയിലെ എയര്‍ഫോഴ്സ് ബേസില്‍ നിന്ന് ആദ്യം ഒരു നിരീക്ഷണ വിമാനവും സി 130 ഹെര്‍ക്കുലീസ് വിമാനവും ടോംഗയിലേക്കു പുറപ്പെട്ടിരുന്നു. ഇതുകൂടാതെ മാനുഷിക സഹായവും അയയ്ക്കാന്‍ ഓസ്ട്രേലിയ തയാറെടുക്കുകയാണെന്നും എച്ച്എംഎഎസ് അഡ്ലെയ്ഡ് എന്ന കപ്പലും വിന്യസിക്കുമെന്നും മാരിസ് പെയ്ന്‍ പറഞ്ഞു.
ശനിയാഴ്ച ടോംഗയുടെ തലസ്ഥാനത്ത് നിന്ന് 65 കിലോമീറ്റര്‍ വടക്കായി കടലില്‍ സ്ഥിതിചെയ്യുന്ന ഹംഗ ടോംഗ-ഹംഗ ഹാപായി അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. തലസ്ഥാനമായ നുകുഅലോഫയില്‍ ചാരം വീഴുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്കു മാറി. അയല്‍ രാജ്യമായ ജപ്പാനിലും ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, യു.എസ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജപ്പാനില്‍ നിരവധി പേര്‍ക്ക് ഒഴിഞ്ഞു പോകാനും നിര്‍ദേശം നല്‍കി.
സ്ഫോടനത്തെതുടര്‍ന്ന് ടോംഗയിലെ ഇന്റര്‍നെറ്റ് ബന്ധം തകരാറിലായി. ഇവിടുത്തെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും തല്‍സ്ഥിതി അറിയാതെ ലോകമെമ്പാടുമുള്ള നിരവധി പേര്‍ ആശങ്കയിലാണ്. ഇവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ടോംഗയെ മറ്റ് ലോക രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കടലിനടിയിലെ കേബിളുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
സര്‍ക്കാര്‍ വകുപ്പുകളും മറ്റ് ഔദ്യോഗിക ഉറവിടങ്ങളും സുനാമി ബാധിച്ച പ്രദേശങ്ങളിലെ തല്‍സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
സുനാമിയില്‍ ടോംഗ തീരപ്രദേശങ്ങളില്‍ വലിയ നാശനഷ്ടങ്ങളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഓസ്ട്രേലിയയിലെ ടോംഗന്‍ ഹൈക്കമ്മീഷന്‍ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ കര്‍ട്ടിസ് തുഇഹാലന്‍ഗി പറഞ്ഞു. എന്നാല്‍ ചില തീരപ്രദേശങ്ങളുമായും ചെറിയ ദ്വീപുകളുമായും അധികൃതര്‍ക്ക് ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ഈ ആഴ്ച തന്നെ ടോംഗയുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തുഇഹാലന്‍ഗി പറഞ്ഞു.
അഗ്‌നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് തലസ്ഥാനമായ നുകൂഅലോഫ ചാരവും വാതകവും കൊണ്ടു മൂടിയതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡന്‍ പറഞ്ഞു. ജലാശയങ്ങള്‍ മലിനമാക്കപ്പെട്ടതോടെ ശുദ്ധജലത്തിന് ക്ഷാമം അനുഭവപ്പെടുകയാണ്. ജനങ്ങളോട് മാസ്‌ക് ധരിക്കാനും കുപ്പിവെള്ളം കുടിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.
ചാരം 19,000 മീറ്റര്‍ വരെ ഉയര്‍ന്നതിനാല്‍ ഞായറാഴ്ച ടോംഗയ്ക്ക് മുകളിലൂടെ വിമാനത്തിന് നിരീക്ഷണം നടത്താന്‍ കഴിഞ്ഞില്ലെന്ന് ജസീന്ദ ആര്‍ഡന്‍ പറഞ്ഞു.
കോവിഡ് പൊട്ടിപ്പുറപ്പെടുന്നത് പ്രതിരോധിക്കാന്‍ ടോംഗയ്ക്ക് ഇതുവരെ കഴിഞ്ഞിരുന്നു. അന്താരാഷ്ട്ര സഹായമെത്തിക്കുമ്പോള്‍
കോവിഡ് വ്യാപനമുണ്ടാകുമോ എന്ന ആശങ്കയുമുണ്ട്.
ന്യൂസിലന്‍ഡിലെ സൈനിക ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്നും ടോംഗയിലെ പ്രോട്ടോക്കോളുകള്‍ പിന്തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.