ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന: ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന: ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

കൊച്ചി: ദിലീപിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. സൂര്യ ഹോട്ടല്‍ ഉടമയായ ശരത്തിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ്. കേസില്‍ ശരത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ദിലീപ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന എഫ്.ഐ.ആറുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.

ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശരത്. മുന്‍പ് ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് അറസ്റ്റിലായത്. അന്ന് അറസ്റ്റ് ചെയ്ത് ആലുവ പൊലീസ് ക്ലബ്ബില്‍ എത്തിക്കുമ്പോള്‍ വാഹനത്തില്‍ ശരത്തും ഉണ്ടായിരുന്നു.

ദിലീപിന്റെ വീട്ടില്‍ പരിശോധന നടന്നതിന് ശേഷം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ശരത് ഹാജരായില്ല. കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറണ്ടുമായിട്ടാണ് സംഘം ഇപ്പോള്‍ എത്തിയത്. അതിനിടെ മുന്‍കൂര്‍ ജാമ്യം തേടി ശരത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും തനിക്ക് ഒരു ബന്ധവുമില്ലാത്ത കേസാണെന്നും വാദിച്ചാണ് ശരത് മുന്‍കൂര്‍ ജാമ്യം തേടിയത്.

കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് ആരോപിക്കുന്നു. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ശരത് ഫോണ്‍ ഓഫാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ചൊവ്വാഴ്ചയാണ് ശരത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. നാളെ ഈ കേസ് പരിഗണിക്കാനിരിക്കെയാണ് പരിശോധന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.