അമേരിക്കയിൽ താമര വിരിഞ്ഞു; കമലാദേവി ഹാരിസ് നിയുക്ത വൈസ് പ്രസിഡണ്ട്

അമേരിക്കയിൽ താമര വിരിഞ്ഞു; കമലാദേവി ഹാരിസ് നിയുക്ത വൈസ് പ്രസിഡണ്ട്

വാഷിങ്ടൺ:  അമേരിക്കയുടെ വൈസ് പ്രസിഡണ്ട് പദത്തിലെത്തുന്ന ആദ്യ വനിതയായി ഇന്ത്യൻ വംശജയായ കമല ഹാരിസ്. ഇന്ത്യൻ, ജമൈക്കൻ കുടിയേറ്റക്കാരുടെ മകളായ കമല ദേവി ഹാരിസ് രാജ്യത്തിന്റെ 244 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പദവിയിലേക്കെത്തുന്ന വനിതയായി മാറാൻ ഒരുങ്ങുകയാണ്. ഭാവിയിലെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിയായി കമലാ ഹാരിസ് മാറാനുള്ള സാധ്യതയും ഇതോടെ വർധിച്ചിരിക്കുകയാണ്. 2024 അല്ലെങ്കില്‍ 2028 വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സ്വാഭാവിക സ്ഥാനാര്‍ഥിയായി കമല ഹാരിസ് വന്നേക്കാം.

2016ലാണ് സെനറ്റിലേക്ക് കമല ഹാരിസ് തെരഞ്ഞെടുക്കപ്പെടുന്നത്. പുതുമുഖമാണെങ്കിലും ട്രംപ് ഭരണകൂടത്തെ കടുത്ത ഭാഷയിൽവിമർശിച്ചിരുന്ന വ്യക്തിയായിരുന്നു കമല. അടുത്ത കാലത്തായി, ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ഇടതുപക്ഷവുമായി കൂടുതൽ അടുത്ത് നിൽക്കാൻ അവർ ശ്രമിച്ചു. ഫെഡറൽ മിനിമം വേതനം മണിക്കൂറിന് 15 ഡോളറായി ഉയർത്താനും രാജ്യത്തിന്റെ ജാമ്യ വ്യവസ്ഥ പരിഷ്കരിക്കാനുമുള്ള നിർദേശങ്ങളെയും അവർ പിന്തുണച്ചിട്ടുണ്ട്.

അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജ കൂടിയാണ് കമല. രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് കമല ഹാരിസിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ജോ ബൈഡൻ പ്രതികരിച്ചത്.

1964 ഒക്ടോബര്‍ ഇരുപതിനാണ് കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിൽ കമലയുടെ ജനനം. ജമൈക്കക്കാരനായ പിതാവ് ഡൊണാൾഡ് ഹാരിസ് സാമ്പത്തിക ശാസ്ത്ര പ്രൊഫസർ. തമിഴ്നാട്ടുകാരിയായ ശ്യാമള ഗോപാലനാണ് മാതാവ്. അറുപതുകളിൽ പഠനാവശ്യത്തിനായി അമേരിക്കയിലേക്ക് പോയ ശ്യാമള പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇതിനിടയിലാണ് ഡൊണാൾഡ് ഹാരിസുമായുള്ള വിവാഹം. സ്തനാർബുദ ഗവേഷകയായ ശ്യാമള കുറച്ച് വർഷം മുമ്പാണ് മരിച്ചത്.

കമലയ്ക്ക് അഞ്ചുവയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. പിന്നീട് കമലയും സഹോദരി മായയും അമ്മയ്‌ക്കൊപ്പമായിരുന്നു. തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയായിട്ടാണ് കമല അമ്മയെ കാണുന്നത്. സഹോദരി മായ അഭിഭാഷകയാണ്.

അഭിഭാഷകനും ജൂത വംശജനുമായ ഡഗ്ളസ് എം ഹോഫാണ് കമലയുടെ ഭർത്താവ്. 2014 ലായിരുന്നു ഇവരുടെ വിവാഹം.  കമലയുടെ അമ്മായിയമ്മ ആദ്യം തന്നെ കണ്ടപ്പോൾ പ്രതികരിച്ചത് 'ടിവിയിൽ കാണുന്നതിനേക്കാൾ എത്രയോ സുന്ദരിയാണ് നീ നേരിട്ട് കാണാൻ" എന്നായിരുന്നു എന്ന് അവതാരികയെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കമല പറഞ്ഞിട്ടുണ്ട്.

(ജെ കെ )

(കമലയും ഭർത്തവും)

(കമലയും അമ്മയും)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.