നിയമ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎ ഇ

നിയമ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎ ഇ

യുഎഇ: യുഎഇയിൽ നിയമ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് ശൈഖ് ഖലീഫയാണ് രാജ്യത്ത് നിയമമാറ്റങ്ങൾ പ്രഖ്യാപിച്ചത്. പുതിയ നിയമപ്രകാരം യുഎഇയിൽ കഴിയുന്ന പ്രവാസികൾക്ക് അവരുടെ രാജ്യത്തെ നിയമപ്രകാരം സ്വത്ത് അനന്തരാവകാശികൾക്ക് വീതം വെക്കാം. വിവാഹം, വിവാഹമോചനം എന്നിവക്ക് അത് നിർവഹിക്കപ്പെട്ട രാജ്യത്തെ നിയമം ബാധകമാക്കാം.

പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമപ്രകാരം യുഎഇയിൽ ഇനി ശിക്ഷാർഹമായിരിക്കില്ല. എന്നാൽ, മാനസികരോഗികളുമായും പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധത്തിന് വധശിക്ഷ വരെ ലഭിക്കും. ബലംപ്രയോഗിച്ചും സമ്മർദത്തിലാക്കിയും നിഷ്കളങ്കത മുതലെടുത്തും സംഭവിക്കുന്ന ലൈംഗിക ബന്ധങ്ങൾ കുറ്റകരമായിരിക്കും.

മദ്യപിക്കാൻ അനുവദിച്ച സ്ഥലങ്ങളിൽ 21 വയസ് പിന്നിട്ടവർ മദ്യപിക്കുന്നതിന് നിയമ നടപടിയുണ്ടാവില്ല. ദുരഭിമാനകൊലകൾക്ക് അഭിമാനം സംരക്ഷിക്കാൻ നടത്തിയ കൊലപാതകം എന്ന പരിരക്ഷ ഉണ്ടാവില്ല. അത് കൊലപാതകമായി തന്നെ പരിഗണിക്കപ്പെടും. ആത്മഹത്യാശ്രമത്തിന് ഇനി ശിക്ഷക്ക് പകരം മാനസിക ചികിൽസയായിരിക്കും രാജ്യത്തെ നിയമം. എന്നാൽ ഒരാളെ ആത്മഹത്യക്ക് സഹായിച്ചാൽ തടവ് ശിക്ഷ ലഭിക്കും.

പൊതുസ്ഥലത്തെ സഭ്യതാ നിയമലംഘനങ്ങൾക്ക് ഇനി പിഴ മാത്രമായിരിക്കും ശിക്ഷയെന്നും പുതിയ നിയമഭേദഗതികൾ വ്യക്തമാക്കുന്നു. വിവിധ രാജ്യക്കാരുടെ സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് ശിക്ഷാ നിയമത്തിലും മറ്റും മാറ്റം വരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.