തിരഞ്ഞെടുപ്പ് ദിവസം രാവിലെ ജോ ബൈഡൻ തന്റെ വീടിനടുത്തുള്ള ഡെലവെയറിലെ കത്തോലിക്കാ പള്ളിയിൽ പോയി ദിവ്യ ബലിയിൽ സംബന്ധിച്ച് പ്രാർത്ഥിച്ചതായി അമേരിക്കൻ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കൻ പ്രസിഡണ്ട് പദവിയിൽ എത്തുന്ന രണ്ടാമത്തെ കത്തോലിക്കാ വിശ്വാസിയാണ് അദ്ദേഹം.
തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം ഊന്നിപ്പറയുകയും പരസ്യങ്ങളിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള തന്റെ രണ്ട് കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ ഉപയോഗിക്കുകയും ചെയ്തിരുന്നു.
എന്നാൽ കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടുകൾക്കും പ്രഖ്യാപിത നിലപാടുകൾക്കും നേർ വിപരീതമാണ് അദ്ദേഹം അനുവർത്തിക്കുന്ന രാഷ്ട്രീയനിലപാടുകൾ. ഗർഭച്ഛിദ്രത്തെയും, സ്വവർഗ്ഗ വിവാഹത്തെയും അനുകൂലിക്കുകയും, മതപരമായ സ്ഥാപനങ്ങൾക്ക് നൽകുന്ന പ്രത്യേക സംരക്ഷണത്തെ അദ്ദേഹം എതിർക്കുകയും ചെയ്തിരുന്നു.
“നോക്കൂ, എന്റെ വിശ്വാസത്തിന്റെ വലിയ നേട്ടം, എന്ന് പറയുന്നത് കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളും , എന്റെ രാഷ്ട്രീയ വീക്ഷണങ്ങളും ഒരുമിക്കുന്നു എന്നതാണ് ,” ബൈഡൻ തിങ്കളാഴ്ച രാവിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് തന്നോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു എന്നും അദ്ദേഹം അവകാശപ്പെടുന്നു.
തന്നെ വേദപാഠം പഠിപ്പിച്ചിരുന്ന ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി എന്ന സന്യാസ സഭയിലെ കന്യാസ്ത്രികൾ തന്റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പലപ്പോഴും അദ്ദേഹം അവകാശപ്പെടാറുണ്ടായിരുന്നു.
അമേരിക്കയിലെ കത്തോലിക്കാ സഭ അദ്ദേഹത്തെ അനുകൂലിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളോടുള്ള പ്രസിഡണ്ട് ട്രംപിന്റെ നിലപാടുകളിലും അദ്ദേഹത്തിന്റെ മതിലുകെട്ട് വിവാദത്തെയും ഫ്രാൻസിസ് മാർപ്പാപ്പ എതിർത്തിരുന്നു. തന്റെ ഏറ്റവും പുതിയ ചാക്രിക ലേഖനമായ ഫ്രത്തെല്ലി തുത്തിയിലും മതിൽക്കെട്ടുകൾ മനുഷ്യർ തമ്മിലുള്ള അകലം വർദ്ധിപ്പിക്കും എന്ന് ഫ്രാൻസിസ് മാർപ്പാപ്പ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ട്രംപിന്റെ മറ്റ് പല നയങ്ങളോടും ( ഗർഭഛിദ്രം ഉൾപ്പടെ) കത്തോലിക്കാ സഭാ വിശ്വാസികൾക്ക് അനുകൂല നിലപാടുകളായിരുന്നു ഉണ്ടായിരുന്നത്.
അമേരിക്കൻ മെത്രാൻ സമിതിയുടെ മുൻ ഉപദേഷ്ടകനായ ഈശോ സഭ വൈദികൻ ജോൺ കാർ അദ്ദേഹത്തിന്റെ ലേഖനത്തിൽ ഇപ്രകാരം കുറിച്ചു , " കത്തോലിക്കാ സഭയുടെ സാമൂഹിക നീതിയോട് വളരെയധികം അനുഭാവം പുലർത്തുന്നവരാണ് ഡെമോക്രറ്റിക്കുകൾ, എന്നാൽ അബോർഷൻ ഉൾപ്പെടെയുള്ള നയങ്ങളോട് ചേർന്ന് നിൽക്കുന്നവരാണ് റിപ്പബ്ലിക്കൻസ്.
ഏതായാലും വത്തിക്കാനും അറബ് രാജ്യങ്ങളും ഉൾപ്പടെയുള്ള രാജ്യങ്ങളോടുള്ള സമീപനങ്ങളിൽ മാറ്റമുണ്ടാക്കാൻ ഒരു നയതന്ത്രജ്ഞൻ കൂടിയായ ജോ ബൈഡന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.