പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തിലെ പാര്‍ക്കര്‍വില്ലില്‍ വന്‍ കാട്ടുതീ. അഗ്നിശമന സേനയുടെ കഠിന പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കെട്ടടങ്ങിയിട്ടില്ല. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് കാട്ടുതീ ആരംഭിച്ചത്.
ഷയര്‍ ഓഫ് മുണ്ടറിംഗില്‍ കൊപ്പിന്‍ റോഡിനും തോമസ് റോഡിനും സമീപമുള്ള ഇടതൂര്‍ന്ന കുറ്റിക്കാട്ടിലാണ് തീപിടിച്ചത്. വീടുകളും വ്യാപാര സ്ഥാപനങ്ങളും നിരവധിയുള്ള മേഖലയാണിത്. പ്രദേശവാസികള്‍ക്ക് ഭീഷണിയായി കാട്ടുതീ പടര്‍ന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തുനിന്ന് ഒഴിഞ്ഞു പോകാന്‍ അടിയന്തര മുന്നറിയിപ്പ് നല്‍കി.
അഗ്‌നിശമന സേനാംഗങ്ങള്‍ക്കു തീ നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ മുന്നറിപ്പിന്റെ തീവ്രത കുറച്ചു. കനലുകള്‍ അണയാതെ അവശേഷിക്കുന്നതിനാല്‍ തീ ആളിപ്പടരാനും ജീവനും വീടുകള്‍ക്കും ഭീഷണിയാകാനും സാധ്യതയുണ്ട്. 32-ലധികം അഗ്‌നിശമനാ വാഹനങ്ങള്‍ എത്തിയാണ് തീ അണച്ചത്. തീ നിയന്ത്രണവിധേയമായതായി ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് വിഭാഗം അറിയിച്ചു.
പെര്‍ത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 40 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപ്പെടുത്തിയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. രണ്ട് ദിവസം കൂടി താപനില 40 ഡിഗ്രിക്ക് മുകളിലായിരിക്കുമെന്നാണ് പ്രവചനം.
2014-ല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കാട്ടുതീയാണ് പാര്‍ക്കര്‍വില്ലെയിലുണ്ടായത്. ഒരു സ്വകാര്യ വസ്തുവിലെ വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണ് തീ പടര്‍ന്നതിനെതുടര്‍ന്ന് 57 വീടുകള്‍ കത്തിനശിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.