പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ താപനില നാല്‍പതു ഡിഗ്രിക്കു മുകളില്‍ രേഖപ്പെടുത്തി. കടുത്ത വേനല്‍ച്ചൂടാണ് മേഖലയില്‍ അനുഭവപ്പെടുന്നത്. പെര്‍ത്തില്‍ ചൊവ്വാഴ്ച മുതലാണ് താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയത്. ഇന്ന് ഉച്ചവരെയുള്ള താപനില 39.7 ഡിഗ്രിയാണ്. അതേസമയം ഞായറാഴ്ച ചൂട് 37 ഡിഗ്രിയായി കുറയുമെന്ന പ്രവചനം ആശ്വാസം പകരുന്നുണ്ട്.
പെര്‍ത്തില്‍ തുടര്‍ച്ചയായ നാലു ദിവസം ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്നത് റെക്കോര്‍ഡാണ്. ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം ഡിസംബറിലും 2016 ജനുവരിയിലും 1933-ലും സമാനമായ താപനില നാലു ദിവസം നീണ്ടുനിന്നിരുന്നു. കഴിഞ്ഞ മാസം, ജെറാള്‍ട്ടണ്‍ മേഖലയില്‍ തുടര്‍ച്ചയായി ആറ് ദിവസങ്ങളില്‍ താപനില 40 മുകളില്‍ രേഖപ്പെടുത്തി.
കഴിഞ്ഞ ഏഴ് ആഴ്ചകള്‍ക്കുള്ളില്‍ പെര്‍ത്ത് നഗരത്തില്‍ എട്ട് ദിവസങ്ങളില്‍ 40 ഡിഗ്രിക്ക് മുകളില്‍ താപനില രേഖപ്പെടുത്തി. 40.5 ഡിഗ്രി സെല്‍ഷ്യസാണ് കഴിഞ്ഞ വ്യാഴാഴ്ചത്തെ താപനില,
കാര്‍നാര്‍വോണ്‍ മുതല്‍ പെര്‍ത്ത്, അല്‍ബാനി വരെയുള്ള പ്രദേശങ്ങളിലാണ് ചൂടിന്റെ കാഠിന്യം വര്‍ധിക്കുമെന്ന മുന്നറിയിപ്പുളളത്.
ഓസ്ട്രേലിയയിലെ ചൂടു കൂടുന്നതു മൂലമുള്ള ഏറ്റവും വലിയ ഭീഷണി കാട്ടുതീയാണ്.
ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവയേക്കാള്‍ ആള്‍നാശമുണ്ടാക്കുന്നതാണ് ഉഷ്ണതരംഗം.
അതേസമയം താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സൂര്യാതപത്തിനെതിരെ ജാഗ്രത പാലിക്കണമെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു. താപനില ഉയരുന്നത് സൂര്യാതപം, നിര്‍ജ്ജലീകരണം, ക്ഷീണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കു നയിച്ചേക്കാം.
പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഈ വേനല്‍ക്കാലത്ത് ചൂട് അസാധാരണമാം വിധം നീണ്ടുനിന്നിട്ടുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച പില്‍ബാരയിലെ ഓണ്‍സ്ലോ നഗരത്തില്‍ രേഖപ്പെടുത്തിയത് 50.7 ഡിഗ്രി താപനിലയാണ്. ഇത് രാജ്യത്തെ റെക്കോര്‍ഡ് താപനിലയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26