മലയാളി പാട്ടും പാടി വെറ്റില അന്വേഷിച്ച് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. 'തളിര്‍വെറ്റിലയുണ്ടോ, വരദക്ഷിണ വയ്ക്കാന്‍...' ഇപ്പോള്‍ എല്ലാം പാട്ടും കഥകളുമായി ഒതുങ്ങിയിരിക്കുന്നു. ആവശ്യക്കാരും ഇല്ല, വിലയും വിപണിയും ഇല്ലാതായിരിക്കുന്നു. കാലം മാറിയപ്പോള്‍ മലയാളിയായ അജിത് കുമാര്‍ വെറ്റിലയുമായുള്ള പാരമ്പര്യ ബന്ധം അവസാനിപ്പിക്കുകയാണ്. 
പ്രളയം തകര്‍ത്തപ്പോഴും അണ്ണല്ലൂര്‍ കൈതവളപ്പിലെ 55-കാരനായ അജിത് വെറ്റില കൃഷി കൈവിട്ടില്ല. എന്നാല്‍ ആര്‍ക്കും വേണ്ടാതായപ്പോള്‍ വെറ്റില കൃഷി ഉപേക്ഷിച്ച് ആ സ്ഥലത്ത് ചേനയും ചേമ്പും നടാനുള്ള തീരുമാനത്തിലാണ്. മുത്തച്ഛനില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണ് മൂന്നാം തലമുറയില്‍ എത്തിയ വെറ്റില കൃഷി. ചാലക്കുടി, കോട്ടപ്പുറം, ഇരിങ്ങാലക്കുട മാര്‍ക്കറ്റുകളില്‍ നിന്ന് വെറ്റില പുറത്തായതോടെ അതിജീവനം സാധ്യമല്ലാതായി. ഒരേക്കറോളം സ്ഥലത്ത് മൂവായിരത്തോളം കാലുകളിലാണ് വെറ്റിലകൃഷി ഉണ്ടായിരുന്നത്. എന്നാല്‍ പ്രളയത്തില്‍ എല്ലാം നശിച്ചു.
പിന്നീട് വീണ്ടെടുപ്പിന്റെ ഭാഗമായി 300 കാലുകളില്‍ വരെ കൃഷി എത്തിച്ചെങ്കിലും വിപണി കൈവിടുകയായിരുന്നു. 12 വയസ് മുതല്‍ അച്ഛനൊപ്പം മാര്‍ക്കറ്റില്‍ പോയിരുന്ന അജിത്കുമാറിന്റെ മുഖ്യതൊഴില്‍ വെറ്റില കൃഷിയായിരുന്നു. പ്രളയത്തിന് മുമ്പ് സ്ഥിരമായി മാര്‍ക്കറ്റില്‍ ഒരു കൈ വെറ്റിലയ്ക്ക് (80 മുതല്‍ 150 എണ്ണം വരെ) 350 മുതല്‍ 400 രൂപ വരെ വിലയുണ്ടായിരുന്നു. അക്കാലത്ത് പ്രതിമാസം 70,000 രൂപയുടെ വെറ്റിലയെങ്കിലും ലഭിക്കുമായിരുന്നു. 
ഓരോ ചെടിയിലും 15 ദിവസം കൂടുമ്പോഴായിരുന്നു വിളവെടുപ്പ്. ഇന്ന് മൊത്തക്കച്ചവടക്കാര്‍ ആരെങ്കിലും വല്ലപ്പോഴും കൊണ്ടുപോകുന്നത് 100 മുതല്‍ 150 രൂപ വരെ നല്‍കിയാണ്. കൂലി പോലും കിട്ടാത്ത സ്ഥിതി. ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ വെറ്റില നശിച്ചു പോകുന്ന അവസ്ഥയിലാണ് മറ്റു കൃഷിയിലേക്ക് കടക്കുന്നത്. പാരമ്പര്യം നിലനിര്‍ത്തുന്നതിനൊപ്പം മുഖ്യ തൊഴിലും വരുമാന മാര്‍ഗവും വെറ്റില കൃഷിയായിരുന്നു. ലക്ഷദ്വീപിലേക്ക് വരെ ലേലത്തില്‍ നല്ല വിലയില്‍ വെറ്റില കയറ്റി അയച്ചിരുന്ന കാലമുണ്ടായിരുന്നുവെന്ന് അജിത് കുമാര്‍ പറയുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.