ബുര്‍ക്കിന ഫാസോയില്‍ സൈനിക അട്ടിമറി; പ്രസിഡന്റിനെ തടവിലാക്കി സൈന്യം

ബുര്‍ക്കിന ഫാസോയില്‍ സൈനിക അട്ടിമറി; പ്രസിഡന്റിനെ തടവിലാക്കി സൈന്യം

ഔഗാദൂഗൂ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ സൈനിക അട്ടിമറി. തലസ്ഥാനമായ ഔഗദൂഗുവിന്റെ നിയന്ത്രണം കലാപത്തിനു നേതൃത്വം നല്‍കുന്ന സൈന്യം നിയന്ത്രണത്തിലാക്കിയതായാണ് വിവരം.

പ്രസിഡന്റ് റോച്ച് കാബോറിനെ സൈനികര്‍ തടവിലാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റോച്ച് കാബോറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വന്‍ പ്രതിഷേധങ്ങള്‍ക്കു പിറകെയാണ് ഒരു വിഭാഗം സൈന്യത്തിന്റെ നേതൃത്വത്തില്‍ അട്ടിമറിനീക്കം നടക്കുന്നത്. ഇന്നലെ തലസ്ഥാനത്ത് നടന്ന ജനകീയ പ്രക്ഷോഭത്തിനിടെ ആള്‍ക്കൂട്ടം പ്രസിഡന്റിന്റെ പാര്‍ട്ടി ആസ്ഥാനം തകര്‍ത്തിരുന്നു.

കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ആള്‍ക്കൂട്ടത്തെ സൈന്യം പിന്തിരിപ്പിച്ചത്.

പ്രാദേശിക സമയം ഇന്നലെ രാത്രിമുതല്‍ ഔഗാദൂഗുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് വന്‍ വെടിവയ്പ്പാണ് നടന്നത്. ഇതിനു പിന്നാലെയാണ് പ്രസിഡന്റിനെ കലാപകാരികളായ സൈനികര്‍ അറസ്റ്റ് ചെയ്തതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മുതല്‍ തീവ്രവാദ വിഭാഗങ്ങളെ നേരിടുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പ്രക്ഷോഭം ശക്തമായത്. പ്രസിഡന്റിനെതിരേ ജനങ്ങളും തെരുവിലിറങ്ങി.

ദിവസങ്ങള്‍ക്കുമുന്‍പ് അട്ടിമറിനീക്കം ആരോപിച്ച് 11 സൈനികര്‍ അറസ്റ്റിലായിരുന്നു. പിന്നാലെ പ്രക്ഷോഭം രൂക്ഷമാകുകയായിരുന്നു. ബുര്‍ക്കിനയില്‍നിന്നു വരുന്ന ദൃശ്യങ്ങളില്‍ ആയുധം നിറച്ച സൈനിക വാഹനങ്ങള്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണാം. പലയിടത്തും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. സര്‍ക്കാര്‍ ടെലിവിഷന്‍ ആസ്ഥാനവും കലാപകാരികളായ സൈന്യം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ചാനലിലെ തത്സമയ സംപ്രേഷണം നിലയ്ക്കുകയും ചെയ്തു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ അല്‍ഖായിദയും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനകള്‍ പിടിമുറുക്കിയതാണ് സംഘര്‍ഷത്തിന് പ്രധാനകാരണം. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. 15 ലക്ഷത്തോളം പേര്‍ക്ക് വീടു വിട്ടോടിപ്പോകേണ്ടിവന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.