ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമ്മുക്ക് സാധിക്കുകയില്ല. 1 തീമോത്തേയോസ് 6: 6 -7
ഒരുനാൾ ദരിദ്രനായ ഒരാൾ കാട്ടിൽ വിറകുവെട്ടാൻ പോയി. അധ്വാനിച്ചു തളർന്നപ്പോൾ അദ്ദേഹം ഒരു മരത്തണലിൽ ഇരുന്നു. ആ മരത്തിന്ന് ആഗ്രഹങ്ങൾ സാക്ഷാത്കരിച്ചുനൽകാനുള്ള ഒരു വിശേഷ സിദ്ധിയുണ്ടായിരുന്നു. ഇതറിയാതെ മരംവെട്ടുകാരൻ സ്വൽപ്പം ജലം കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിച്ചതും അതാ തൊട്ടുമുന്നിൽ ജലം. തനിക്ക് എന്തോ മാന്ത്രികസിദ്ധിലഭിച്ചു എന്നുകരുതി അദ്ദേഹം വിഭവസമൃദ്ധമായ ഭക്ഷണം ആഗ്രഹിച്ചു, തുടർന്ന് വീടും, സുന്ദരിയായ ഭാര്യയും എല്ലാം. എല്ലാം മുന്നിൽ വന്നതും അയാൾ ചിന്തിച്ചു ഇതെല്ലാം സത്യമാകാൻമാത്രം ഞാൻ ഭാഗ്യവാനാവാൻ വഴിയില്ല. ഇതു ചിന്തിച്ചതും എല്ലാം അപ്രത്യക്ഷമായി.
അപ്പോൾ അദ്ദേഹം പറഞ്ഞു "എനിക്കറിയാമായിരുന്നു ഇങ്ങനെയെ സംഭവിക്കൂ എന്ന്." ഇതു പറഞ്ഞു അദ്ദഹം വീണ്ടും വിറകുവെട്ടാൻ ആരംഭിച്ചു.
ജീവിതത്തിൽ സങ്കടങ്ങളും, പ്രയാസങ്ങളും ഒന്നൊന്നായി വരുമ്പോൾ നാം ചിന്തിക്കുന്നു. ഞാൻ ദുഃഖങ്ങൾ അനുഭവിക്കാൻവേണ്ടിമാത്രം വിധിക്കപ്പെട്ടവനാണ് എന്ന്. ജീവിതത്തിൽ നന്മകൾ സംഭവിച്ചാൽപ്പോലും നാം അത് മുഖവിലക്കെടുക്കാൻ കൂട്ടാക്കാറില്ല. നമ്മൾ പലരീതിയിലും ഭാഗ്യവാന്മാർ അല്ലെ? നമ്മൾ നമ്മളെക്കാൾ താഴ്ന്ന സ്ഥിതിയിലുള്ളവരുമായി തുലനം ചെയ്താൽ നമ്മൾ എത്ര ഭാഗ്യവാന്മാർ ആണ് എന്ന് മനസിലാകും. പലപ്പോഴും നമ്മൾ താരതമ്യം ചെയ്യുന്നത് നമ്മളെക്കാൾ മെച്ചപ്പെട്ട അവസ്ഥയിലുള്ളവുരുമായി ആണ് അതാണ് നമ്മളെ നിരാശരാക്കുന്നത്. ആയിരിക്കുന്ന അവസ്ഥയിൽ സന്തോഷം കണ്ടെത്താനായാൽ ജീവിതം ആസ്വാദ്യകരമായി മുന്നോട്ടുകൊണ്ടുപോകാനാകും. നമുക്ക് ദൈവം നൽകിയ നന്മകളെ പരിപോഷിപ്പിച്ചു സന്തോഷത്തോടെ മുന്നോട്ടുപോകുക.
നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകുവാനും സൽകൃത്യങ്ങൾ ധാരാളമായ് ചെയ്യുവാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നൽകാൻ കഴിവുറ്റവനാണ് ദൈവം. 2 കോറിന്തോസ് 9: 8 -9
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.