പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് യു.എസില്‍ പാലം തകര്‍ന്നു വീണ് 10 പേര്‍ക്കു പരിക്ക്; പഴയ പാലങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് ബൈഡന്‍

പ്രസിഡന്റിന്റെ സന്ദര്‍ശനത്തിനു മണിക്കൂറുകള്‍ക്കു മുന്‍പ് യു.എസില്‍ പാലം തകര്‍ന്നു വീണ് 10 പേര്‍ക്കു പരിക്ക്; പഴയ പാലങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് ബൈഡന്‍

പിറ്റ്‌സ്ബര്‍ഗ്: യു.എസിലെ പിറ്റ്‌സ്ബര്‍ഗില്‍ പ്രസിഡന്റ് ജോ ബൈഡന്‍ സന്ദര്‍ശിക്കാനിരുന്ന പാലം സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്കു മുമ്പ് തകര്‍ന്നു വീണ് പത്തു പേര്‍ക്കു പരുക്കേറ്റു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകരുന്ന സമയത്ത് ഒരു ബസ് ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ, പ്രാദേശിക സമയം ആറുമണിയോടെയാണ് സംഭവം. മഞ്ഞുമൂടിക്കിടന്ന, 50 വര്‍ഷം പഴക്കമുള്ള ഫോര്‍ബ്‌സ് അവന്യൂ പാലമാണ് തകര്‍ന്നുവീണത്. അപകട സ്ഥലം ജോ ബൈഡന്‍ സന്ദര്‍ശിച്ചു.

റോഡുകളും പാലങ്ങളും നന്നാക്കാന്‍ നവംബറില്‍ ഒപ്പുവച്ച ഒരു ട്രില്യണ്‍ ഡോളര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാക്കേജുമായി ബന്ധപ്പെട്ട കാര്യത്തിനായി ബൈഡന്‍ പെന്‍സില്‍വാനിയയിലേക്കു പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പാലം തകര്‍ന്ന് വീണത്. പാലത്തിനൊപ്പം വീണ ബസിലെ യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു.

പാലത്തിനടിയില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കാന്‍ യുഎസ് ആര്‍മി റിസര്‍വ് അംഗങ്ങള്‍ തിരച്ചല്‍ നടത്തി. പ്രദേശത്ത് വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതായും പിറ്റ്സ്ബര്‍ഗ് പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'ഇത്രയും വര്‍ഷങ്ങളായി രാജ്യം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലായിരുന്നു എന്ന യാഥാര്‍ത്ഥ്യം മനസിനെ അസ്വസ്ഥമാക്കുന്നതായി അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം ബൈഡന്‍ പറഞ്ഞു. അപകടാവസ്ഥയിലായ പഴയ പാലങ്ങള്‍ ഉടന്‍ പുനര്‍നിര്‍മിക്കാന്‍ തുക അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1970-ലാണ് പാലം നിര്‍മ്മിച്ചത്. 2019 ലെ ഒരു പരിശോധനയില്‍ പാലം മോശം അവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു.

യുഎസ് ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് പെന്‍സില്‍വാനിയയില്‍ 3,198 പാലങ്ങള്‍ മോശം അവസ്ഥയിലാണ്. പിറ്റ്സ്ബര്‍ഗിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യാനുസരണം പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വുള്‍ഫ് ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.