ജീവിത പങ്കാളിയുടെ പെട്ടെന്നുള്ള മരണം ആ സ്ത്രീയെ വല്ലാതെ നൊമ്പരപ്പെടുത്തി. നേരിട്ടും ഫോണിലൂടെയും പലരും ആശ്വസിപ്പിച്ചെങ്കിലും അവളുടെ വേദനയും ഒറ്റപ്പെടലും ഒട്ടും കുറഞ്ഞില്ല. മൃതസംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബന്ധുക്കളെല്ലാം യാത്രയായി. മക്കൾ സ്കൂളിൽ പോയിക്കഴിയുമ്പോൾ അനുഭവിക്കുന്ന ഏകാന്തത അവളുടെ ദു:ഖം വർദ്ധിപ്പിച്ചു. എന്നും പള്ളിയിൽ പോയിരുന്ന അവൾ വിശുദ്ധ കുർബാനയ്ക്കുശേഷം സെമിത്തേരിയിൽ നിന്ന് കരയുന്നത് ഒരു സിസ്റ്ററിന്റെ ശ്രദ്ധയിൽപ്പെട്ടു.
ആ കന്യാസ്ത്രി അവരോട് പറഞ്ഞു: "നിങ്ങളെ ആശ്വസിപ്പിക്കാൻ മനുഷ്യരുടെ വാക്കുകൾക്ക് പരിമിതികളുണ്ട്. സമയം കിട്ടുമ്പോൾ അല്പ സമയം ദൈവാലയത്തിൽ ചെലവഴിക്കുക. തനിച്ചിരുന്ന് പ്രാർത്ഥിക്കുക. ദൈവം ആശ്വസിപ്പിക്കും." അന്നുമുതൽ ആ സ്ത്രീ ദൈവാലയത്തിൽ കുറച്ചു സമയമെങ്കിലും പ്രാർത്ഥിക്കാൻ സമയം കണ്ടെത്തുമായിരുന്നു. വീട്ടിൽ തനിച്ചാകുമ്പോൾ വചനം വായിക്കാനും ജപമാല ചൊല്ലി പ്രാർത്ഥിക്കാനും തുടങ്ങി. പതിയെപ്പതിയെ അവരുടെ ദു:ഖവും ഏകാന്തതയും കുറഞ്ഞു വന്നു.
ഒരു പക്ഷേ സമാനമായ വിരഹത്തിന്റെ അനുഭവങ്ങളിലൂടെ നമ്മളെല്ലാം കടന്നുപോയിരിക്കാം. മനുഷ്യരുടെ ആശ്വാസ വാക്കുകൾക്ക് പരിമിതികൾ ഉണ്ടെന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. യഥാർത്ഥ സമാധാനവും സന്തോഷവും നൽകുന്നത് ദൈവമാണെന്ന സത്യം നമ്മൾ മറക്കരുത്. അതുകൊണ്ടാണ് ക്രിസ്തു ഇങ്ങനെ പറഞ്ഞത്: "എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ" (യോഹ 14 :27).
നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും കുറയുന്നെങ്കിൽ ഇനിയും നമ്മൾ ദൈവത്തിലേക്ക് അടുക്കേണ്ടതുണ്ടെന്ന് തിരിച്ചറിയുക. അവിടുത്തോട് എത്രമാത്രം അടുക്കുന്നുവോ അതനുസരിച്ച് നമ്മുടെ മനവും കാഴ്ചപ്പാടും ശാന്തമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26