70 വര്‍ഷമായി ഒരു ലീവ് പോലുമെടുക്കാതെ ഒരേ കമ്പനിയില്‍ ജോലി; 83-ാം വയസിലും കര്‍മനിരതന്‍

70 വര്‍ഷമായി ഒരു ലീവ് പോലുമെടുക്കാതെ ഒരേ കമ്പനിയില്‍ ജോലി; 83-ാം വയസിലും കര്‍മനിരതന്‍

കഴിഞ്ഞ 70 വര്‍ഷമായി ഒരേ കമ്പനിയില്‍ ജോലി. എത്ര പേര്‍ക്ക് ഇതു സാധിക്കും. ജോലി ചെയ്യുന്നത് പോയിട്ട് ചിന്തിക്കാന്‍ പോലും ബഹുഭൂരിപക്ഷം ആളുകള്‍ക്കും സാധിക്കില്ല. എന്നാല്‍ അങ്ങനെ ജോലി ചെയ്യുന്ന ഒരാള്‍ യു.കെയിലുണ്ട്. ബ്രയാന്‍ ചോര്‍ലി എന്ന എണ്‍പത്തിമൂന്നുകാരന്‍. നീണ്ട 70 വര്‍ഷമായി ഒരേ കമ്പനിയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഇത്രയും വര്‍ഷമായിട്ട് ഒരു ലീവ് പോലും അദ്ദേഹം എടുത്തിട്ടില്ല എന്നതാണ് ഇതിലെ ഏറ്റവും കൗതുകമുണര്‍ത്തുന്ന വസ്തുത.

ബ്രയാന്‍ ചോര്‍ലി 1953-ലാണ് ക്ലാര്‍ക്സ് ഷൂ ഫാക്ടറിയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്. അന്ന് അദ്ദേഹത്തിന് 15 വയസാണ്. 83 വയസ് പിന്നിട്ടിട്ടും ഈ കമ്പനിയില്‍നിന്നും വിരമിക്കാന്‍ ഇദ്ദേഹം ഉദ്ദേശിക്കുന്നില്ല.

സ്‌കൂള്‍ അവധിക്കാലത്ത് തന്റെ കുടുംബത്തിന് വേണ്ടി സമ്പാദിക്കാന്‍ ബ്രയാന്‍ ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലെ ക്ലാര്‍ക്ക് ഫാക്ടറിയില്‍ ജോലി ചെയ്തു. ആഴ്ചയില്‍ 45 മണിക്കൂര്‍ ജോലി ചെയ്ത ശേഷം ബ്രയാന്‍ തന്റെ ആദ്യ ശമ്പളം നേടിയത് രണ്ട് പൗണ്ടും മൂന്ന് ഷില്ലിംഗുമാണ്. അതില്‍നിന്ന് ഒരു പൗണ്ട് അമ്മയ്ക്ക് കൊടുത്തു.

1980 വരെ ബ്രയാന്‍ ഈ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് യഥാര്‍ത്ഥ ഫാക്ടറി അടച്ച് പ്രീമിയം ക്ലാര്‍ക്‌സ് വില്ലേജ് ഷോപ്പിംഗ് ഔട്ട്ലെറ്റായി പുനര്‍വികസിപ്പിച്ചു. 1993-ല്‍ ഷോപ്പിംഗ് സെന്റര്‍ തുറന്നപ്പോള്‍ അദ്ദേഹം അവിടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

'എട്ടു വര്‍ഷം മുമ്പ് എനിക്ക് ഭാര്യയെ നഷ്ടപ്പെട്ടു, അതിനാല്‍ വീട്ടില്‍ കാത്തിരിക്കാന്‍ ആരുമില്ല. എനിക്ക് പുറത്തുപോകണം, ആളുകളെ കാണണം, ഒരു കസേരയില്‍ വെറുതെ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് വിരസമാണ്. ഞാന്‍ എപ്പോഴും ജോലിക്കായി കാത്തിരിക്കുകയാണ്.-ബ്രയാന്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.