രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുകയാണ്. 1948 ജനുവരി 30 വെള്ളിയാഴ്ചയാണ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടത്.ഡല്‍യിലെ ബിര്‍ള ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാര്‍ത്ഥനക്കെത്തിയവര്‍ക്കും അനുയായികള്‍ക്കുമിടയില്‍ വെച്ച് കൈയ്യെത്തും ദൂരത്തു നിന്നു നാഥുറാം വിനായക് ഗോഡ്സേ അദ്ദേഹത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
സാധാരണയായി വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനാ യോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖ സംഭാഷണത്താല്‍ അന്നു വൈകിയിരുന്നു. അഞ്ച് മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോഴാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. ഉടന്‍തന്നെ സംഭാഷണം നിര്‍ത്തി ഗാന്ധിജി പ്രാര്‍ത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാര്‍ത്ഥനയ്ക്കായി അനുയായികള്‍ കാത്തിരിക്കുന്ന പ്രാര്‍ത്ഥനാമൈതാനത്തിന് നടുവിലൂടെ വേദിയിലേയ്ക്ക് പോകുവാനാണ് ഗാന്ധിജി തീരുമാനിച്ചത്.
ഈ സമയം ജനങ്ങള്‍ക്കിടയില്‍ നിന്നിരുന്ന ഗോഡ്സേ കരുതിയിരുന്ന ബെറെറ്റ പിസ്റ്റള്‍ ഇരുകൈയ്യുകള്‍ക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: 'നമസ്തേ ഗാന്ധിജി'. ഗാന്ധിജിയുടെ പാദം ചുംബിക്കുവാന്‍ അയാള്‍ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്സേയെ വിലക്കി. എന്നാല്‍ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതു കൈയ്യിലിരുന്ന പിസ്റ്റള്‍ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിര്‍ത്തു. ഗാന്ധിജിയുടെ നെഞ്ചില്‍ തന്നെ മൂന്ന് വെടികളും തുളച്ചുകയറി. 'ഹേ റാം, ഹേ റാം' എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.
ഗാന്ധിജിയുടെ ജീവന്‍ അപഹരിച്ച നാഥൂറാം ഗോഡ്സെയെ ബിര്‍ല ഹൗസിലെ പൂന്തോട്ട കാവല്‍ക്കാരനായിരുന്ന രഘു നായക് പിന്തുടര്‍ന്ന് കീഴടക്കി. ഡല്‍ഹിയിലെ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനില്‍ തയ്യാറാക്കിയ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ ഗോഡ്സെയെ അറസ്റ്റു ചെയ്തു. 1948 മേയ് 27 ന് വിചാരണ ആരംഭിക്കുകയും 1949 ഫെബ്രുവരി പത്തിന് അവസാനിക്കുകയും ചെയ്തു. ഈ വിചാരണ കാമറയില്‍ പകര്‍ത്തിയിരുന്നു. ഗോഡ്സെയെയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന നാരായണ്‍ ആപ്തെയെയും വധശിക്ഷയ്ക്ക് വിധിച്ചു.
നാഥൂറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെ ഉള്‍പ്പെടെ സഹായികളായിരുന്ന മറ്റു ആറു പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും തള്ളപ്പെട്ടു. 1949 നവംബര്‍ 15 ന് ഗോഡ്സെയെയും അപ്തെയെയും പഞ്ചാബിലെ അംബാല ജയിലില്‍ തൂക്കിലേറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.