'ബോംബ് സൈക്ലോണ്‍': കിഴക്കന്‍ യു.എസില്‍ ശീതകാല കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും കനത്തു; ജീവിതം ദുസ്സഹം

 'ബോംബ് സൈക്ലോണ്‍': കിഴക്കന്‍ യു.എസില്‍ ശീതകാല കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും കനത്തു; ജീവിതം ദുസ്സഹം


ന്യൂയോര്‍ക്ക്:യു.എസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിക്കുന്ന കനത്ത ശീതകാല കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും മേഖലയെ തുടര്‍ച്ചയായി വിറപ്പിക്കുന്നു. ജനജീവിതം ദുസ്സഹമായി; ഗതാഗതവും തകരാറിലാണ്.വാരന്ത്യത്തില്‍ 6000 വിമാന സര്‍വീസുകള്‍ റദ്ദാക്കി.അന്തരീക്ഷമര്‍ദ്ദത്തില്‍ ദ്രുതഗതിയില്‍ വ്യത്യാസം വരുത്തിയതിനാല്‍ കാലാവസ്ഥയെ 'ബോംബ് സൈക്ലോണ്‍' എന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം വിശേഷിപ്പിച്ചത്.

പതിനായിരക്കണക്കിനു വീടുകളില്‍ വൈദ്യുതി വിതരണം തകരാറിലായിരിക്കുകയാണ്.മേരിലാന്‍ഡ്, മസാച്യുസെറ്റ്സ്, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, റോഡ് ഐലന്‍ഡ് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കിഴക്കന്‍ അമേരിക്കയില്‍ ശനിയാഴ്ച അനുഭവപ്പെട്ടത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഏറ്റവും ശക്തമായ ശൈത്യ കൊടുങ്കാറ്റാണെന്നാണ് റിപ്പോര്‍ട്ട്.മസാച്യുസെറ്റ്സ് സംസ്ഥാനത്ത് 113,000-ലധികം ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായതായി ട്രാക്കിംഗ് വെബ്സൈറ്റായ പവര്‍ഔട്ടേജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശീതകാല കൊടുങ്കാറ്റ് ശല്യമുണ്ടാക്കിവരുന്നു. തീരപ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച കനത്തു. വള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കൊടുങ്കാറ്റ് മൂലം വ്യാപകമായി ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. ഈസ്റ്റ് കോസ്റ്റിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ളതാണ് ഇതില്‍ സിംഹഭാഗവുമെന്ന് ഫ്‌ളൈറ്റ്-ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ളൈറ്റ്അവെയര്‍ അറിയിച്ചു.ന്യൂയോര്‍ക്ക് സിറ്റിയിലെ ലാഗ്വാര്‍ഡിയ എയര്‍പോര്‍ട്ട് ശനിയാഴ്ച ഷെഡ്യൂള്‍ ചെയ്ത 98 ശതമാനം വിമാനങ്ങളും റദ്ദാക്കി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ജെഎഫ്കെ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകളുടെയും 80 ശതമാനം റദ്ദാക്കിയപ്പോള്‍ അയല്‍ സംസ്ഥാനമായ ന്യൂജേഴ്സിയിലെ നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ 90 ശതമാനവും റദ്ദാക്കി.ബോസ്റ്റണിലെ ലോഗന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 91 ശതമാനവും റദ്ദാക്കിയതായി ട്രാക്കര്‍ പറയുന്നു.



ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെടുന്ന റോഡ് ഐലന്‍ഡ് മുതല്‍ നോര്‍ത്ത് കരോലിന വരെ വരുന്ന ന്യൂ ഇംഗ്ലണ്ട് മേഖലയുടെ ചില ഭാഗങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 97 കിലോമീറ്ററിലധികം വരെ ഉയരുന്നു. ന്യൂജേഴ്സിയിലെ ബേവില്ലെ നഗരത്തില്‍ 75 സെന്റീമീറ്റര്‍ (രണ്ടര അടി) കനത്തില്‍ വരെയാണ് മഞ്ഞ്. ന്യൂയോര്‍ക്കിലെ ബേ ഷോറിനു തെക്ക് ഭാഗത്തും ഇതേ അളവിലാണ് കാണപ്പെടുന്നത്.

മെയ്‌നില്‍ ചുഴലിക്കാറ്റ് ആവര്‍ത്തിക്കുന്നതിനാല്‍ ഈ മേഖലയില്‍ മഞ്ഞുവീഴ്ച നിലനില്‍ക്കുമെന്ന ആശങ്കയാണുള്ളത്. ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും കിഴക്കന്‍ മെയ്‌നിലും മഞ്ഞ് നിരക്ക് മണിക്കൂറില്‍ 1.1 മുതല്‍ 1.5 സെന്റീമീറ്റര്‍ വരെ (3 മുതല്‍ 4 ഇഞ്ച് വരെ) എത്തുന്നു.മേരിലാന്‍ഡ് ഗവര്‍ണര്‍ ലാറി ഹോഗന്‍ ദേശീയ ഗാര്‍ഡിലെ 125 പേരെ അണിനിരത്തി, കിഴക്കന്‍ തീരത്തും തെക്കന്‍ മേരിലാന്‍ഡിലും നിയോഗിച്ചു.

ഏകദേശം 70 ദശലക്ഷം ആളുകള്‍ താമസിക്കുന്ന പ്രദേശത്താണ് അതിശൈത്യവും ശീതകൊടുങ്കാറ്റും തീവ്രം. മധ്യ അറ്റ്ലാന്റിക് മുതല്‍ ന്യൂഇംഗ്ലണ്ട് വരെ നീളുന്ന മേഖലയിലെ ഏതാണ്ട് 55 ദശലക്ഷം ജനങ്ങള്‍ ശക്തമായ കാലാവസ്ഥാ ഭീഷണിയാണു നേരിടുന്നത്. മധ്യ അറ്റ്ലാന്റിക്കിലും 2-6 ഇഞ്ച് കനത്തില്‍ മഞ്ഞുവീഴ്ച ശനിയാഴ്ച രേഖപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.