ഫേസ്ബുക്കിനെ ഉപയോക്താക്കള്‍ കൈവിട്ടുതുടങ്ങി;ടിക് ടോക്കില്‍ നിന്ന് 'അടിയേറ്റു': മാര്‍ക്ക് സക്കര്‍ബര്‍ഗ്

 ഫേസ്ബുക്കിനെ ഉപയോക്താക്കള്‍ കൈവിട്ടുതുടങ്ങി;ടിക് ടോക്കില്‍ നിന്ന് 'അടിയേറ്റു': മാര്‍ക്ക് സക്കര്‍ബര്‍ഗ്


വാഷിംഗ്ടണ്‍:18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന ഉപയോക്താക്കള്‍ നഷ്ടമായതിന്റെ നൈരാശ്യവുമായി ഫേസ്ബുക്ക്. ടിക് ടോക്ക് കടന്നുകയറ്റമാണ് ഫേസ്ബുക്കിന് ആഘാതമായതെന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കരുതുന്നു.ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ ഉടമസ്ഥതയുള്ള കമ്പനിയായ മെറ്റ ടിക്ടോക്കുമായി മത്സരിക്കുന്നതിന് ഹ്രസ്വ-ഫോം വീഡിയോ റീലുകള്‍ വികസിപ്പിക്കാന്‍ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സോഷ്യല്‍ മീഡിയ ഭീമന്റെ അധഃപതന സൂചനയുള്ള വരുമാന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഫേസ്ബുക്ക് ഓഹരികള്‍ 20 ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപ്പില്‍ നിന്ന് 200 ബില്യണ്‍ ഡോളറിലധികം തുടച്ചുനീക്കപ്പെടുകയും സക്കര്‍ബര്‍ഗിന്റെ ആസ്തിയില്‍ നിന്ന് 29 ബില്യണ്‍ ഡോളര്‍ ഇല്ലാതാകുകയും ചെയ്തു.2021-ന്റെ അവസാന പാദത്തിലാണ് ഫേസ്ബുക്കിന് 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന ഉപയോക്താക്കളെ നഷ്ടമായത്.ഇപ്പോള്‍ പ്രതിദിനം 1.93 ബില്ല്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളാണ് ലോഗിന്‍ ചെയ്യുന്നത്.ഒരു ദശലക്ഷം പ്രതിദിന യൂസര്‍മാരെ നഷ്ടമായി.

2021-ന്റെ അവസാന മൂന്ന് മാസങ്ങളില്‍ ദിവസേനയുള്ള ലോഗിനുകളില്‍ ഏകദേശം 500,000 കുറവുണ്ടായതായാണ് റിപ്പോര്‍ട്ടിലുള്ളത്. 'ആളുകള്‍ക്ക് അവരുടെ സമയം എങ്ങനെ ചെലവഴിക്കണം എന്നതിന് ധാരാളം ചോയ്സുകള്‍ ഉണ്ട്, ടിക് ടോക്ക് പോലുള്ള ആപ്പുകള്‍ വളരെ വേഗത്തില്‍ വളരുകയാണ്,' സക്കര്‍ബര്‍ഗ് പറഞ്ഞതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ടാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടിക്ടോക്കുമായി മത്സരിക്കുന്നതിന് ഹ്രസ്വ-ഫോം വീഡിയോ റീലുകളിലേക്കുള്ള തങ്ങളുടെ ശ്രദ്ധ വളരെ പ്രധാനമായിരിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെറ്റാവേഴ്‌സ് പ്രോജക്റ്റിലെ അപ്രതീക്ഷിതമായ കനത്ത ചെലവ് മൂലം കമ്പനിയുടെ നാലാം പാദ ലാഭത്തില്‍ അപൂര്‍വമായ ഇടിവുണ്ടായതിനെത്തുടര്‍ന്നാണ് ഓഹരി വില 20 ശതമാനത്തിലധികം താഴ്ന്നത്. വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകളും ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയും ഉള്‍പ്പെടുന്ന റിയാലിറ്റി ലാബ്‌സ് വിഭാഗത്തില്‍ കമ്പനി വന്‍തോതിലാണ് നിക്ഷേപം നടത്തിയത്. 2021 അവസാന പാദത്തില്‍, ലാഭം കുറഞ്ഞതിന്റെ പ്രധാന കാരണമിതാണ്. ഇന്‍വെസ്റ്റോപീഡിയയുടെ കണക്കനുസരിച്ച്, ഏകദേശം 107 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സക്കര്‍ബര്‍ഗ്, 2020 അവസാനത്തോടെ മെറ്റായുടെ 398 ദശലക്ഷത്തിലധികം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.