അല്ലയോ മുഖ്യമന്ത്രീ... അങ്ങ് ഓര്‍ക്കുന്നുണ്ടാകുമല്ലോ അല്ലേ? രണ്ടാമതും കേരളത്തിന്റെ ഭരണാധികാരിയായി ചുമതലയേറ്റ ശേഷം സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ യോഗത്തില്‍ അങ്ങ് പറഞ്ഞ നെടുവരിയന്‍ ഡയലോക്... 'ഓരോ ഫയലും ഓരോ ജീവിതമാണ്. അതില്‍ തീരുമാനം വച്ചു താമസിപ്പിക്കരുത്' എന്ന്.
അങ്ങയുടെ നിര്‍ദേശം അവര്‍ 'അക്ഷരംപ്രതി പാലിച്ചു' വരുന്നത് പ്രജകളായ ഞങ്ങള്‍ പിന്നീട് കാണുകയും അനുഭവിച്ച് വരികയുമായിരുന്നു. ആ 'സര്‍ക്കാര്‍ സേവന'ത്തിന്റെ അവസാനത്തെ ഇരയാണ് ഇന്ന് വടക്കന്‍ പറവൂര്‍ മാല്ല്യങ്കരയിലെ വീട്ടുവളപ്പില്‍ ആറടിയില്‍ എരിഞ്ഞടങ്ങിയ കോയിക്കല്‍ സജീവന്‍ (57) എന്ന മത്സ്യ തൊഴിലാളിയായ കുടുംബനാഥന്‍. സേവനം വല്ലാതായപ്പോള്‍ വീട്ടുവളപ്പില്‍ താന്‍ നട്ടു വളര്‍ത്തിയ നെല്ലിമരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു ആ 'ഫയലിന്റെ ഉടമ'.
അധികാര ഗര്‍വ്വിന്റെ ആവേശത്തള്ളലില്‍ താങ്കള്‍ പറയുന്ന ഡയലോഗുകള്‍ ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസായും പത്രങ്ങളുടെ ഒന്നാം പേജില്‍ മുഖ്യ വാര്‍ത്തയായും വന്നുപോകും എന്നതൊഴിച്ചാല്‍ ജനങ്ങള്‍ക്ക് വലിയ പ്രയോജനമുള്ളതായി പലപ്പോഴും അതനുഭവപ്പെട്ടിട്ടില്ല.
താങ്കള്‍ ആദ്യവട്ടം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം നടത്തിയ പ്രഥമ വാര്‍ത്താ സമ്മേളനത്തില്‍ അധികാര കേന്ദ്രങ്ങള്‍ക്കു ചുറ്റും ചില അവതാരങ്ങള്‍ എത്തുമെന്നും അവരെ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നല്ലോ. സ്വപ്‌ന സുന്ദരിയെപ്പോലെ എത്രയെത്ര അവതാരങ്ങളെയാണ് പിന്നീട് അധികാരത്തിന്റെ ഇടനാഴികളില്‍ ജനങ്ങള്‍ സ്ഥിരമായി കണ്ടത്.
നിയമപരമായി അവകാശം ഉണ്ടെന്നിരിക്കെ തന്റെ നാല് സെന്റ് സ്ഥലത്തിന്റെ തരം മാറ്റുന്നതിനായി ആ പാവം മനുഷ്യന്‍ നടന്നു തളര്‍ന്നത് ഒന്നര വര്‍ഷമാണ്! എന്നിട്ടും സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഒരല്‍പ്പം കനിവ് കാണിച്ചില്ല. കൈയ്യൊപ്പു ചാര്‍ത്താന്‍ കൈമടക്ക് വേണമെന്ന് വാശി പിടിച്ചവരോട് കൈ മലര്‍ത്തി കാണിക്കുവാന്‍ മാത്രമേ വെറുമൊരു മീന്‍ പിടുത്തക്കാരനായ അദ്ദേഹത്തിന്
കഴിയുമായിരുന്നൊള്ളൂ.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ എത്ര സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ആ മനുഷ്യന്‍ തന്റെ ചങ്ക് തുറന്ന് കാണിച്ചിട്ടുണ്ടാകുമെന്ന് താങ്കള്‍ അന്വേഷിക്കണം. നിലമായി കിടക്കുന്ന നാല് സെന്റ് സ്ഥലം പുരയിടമാക്കി മാറ്റാന്‍ സജീവന്‍ കയറിയിറങ്ങിയത് മൂത്തകുന്നം വില്ലേജ് ഓഫീസ്, പറവൂര്‍ താലൂക്ക് ഓഫീസ്, ഫോര്‍ട്ട്കൊച്ചി ആര്‍.ഡി. ഓഫീസ് എന്നിവിടങ്ങളിലാണ്. ഒന്നല്ല, ചെറിയ വരുമാനമുള്ള തൊഴില്‍ മുടക്കി പലവട്ടം.
ആകെയുള്ള ജീവിത സമ്പാദ്യമായ നാലു സെന്റ് വസ്തു ചിട്ടിക്കമ്പിനിയില്‍ പണയപ്പെടുത്തിയാണ് വീട് വയ്ക്കാന്‍ വായ്പ വാങ്ങിയത്. പ്രളയവും കോവിഡും മൂലം തിരിച്ചടവ് മുടങ്ങി. പലിശ കുന്നുകൂടിയപ്പോള്‍ പലരില്‍ നിന്നും പണം വാങ്ങി ചിട്ടിക്കമ്പനിയില്‍ അടച്ചു ആധാരം തിരികെ വാങ്ങി.
ആധാരം പിന്നീട് ബാങ്കില്‍ പണയപ്പെടുത്തി പണം കടം നല്‍കിയവര്‍ക്ക് തിരിച്ചു കൊടുക്കാമെന്നായിരുന്നു സജീവന്‍ കരുതിയത്. എന്നാല്‍ ബാങ്കില്‍ ബന്ധപ്പെട്ടപ്പോഴാണ് സ്വന്തമായുള്ള നാലു സെന്റ് ഭൂമി നിലമായാണ് രേഖകളില്‍ ഉള്ളതെന്നും അത് പുരയിടമാക്കിയാലേ വായ്പ കിട്ടുകയുള്ളു എന്നുമറിയുന്നത്. അതിനായാണ് ആ മനുഷ്യന്‍ ഇത്രയും കാലം കഷ്ടപ്പെട്ടത്.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ബുധനാഴ്ച ഫോര്‍ട്ടുകൊച്ചി ആര്‍.ഡി. ഓഫീസില്‍ പോയി നിരാശനായി മടങ്ങിയെത്തിയ അദ്ദേഹം വീട്ടു വളപ്പിലെ നെല്ലിമരച്ചില്ലയില്‍ ജീവിതം അവസാനിപ്പിച്ചു. ഭരണ പക്ഷത്തിന്റെ പതിവ് ഭാഷയില്‍ പറഞ്ഞാല്‍ 'ഒറ്റപ്പെട്ട മറ്റൊരു സംഭവം'. എന്തായാലും മാമൂല്‍ തെറ്റിച്ചില്ല. ഉന്നതതല അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്രേ. അതോടെ സജീവന്റെ വിധവയായ ഭാര്യയും മൂന്നു മക്കളും മിക്കവാറും 'രക്ഷപെടും'.
മുന്‍പൊരു കവി കുറിച്ച വരികള്‍ ഓര്‍ത്തു പോവുകയാണ്. 'വില്ലേജ് ഓഫീസിന്റെ നനഞ്ഞൊലിക്കുന്ന ചുവരില്‍ കുഞ്ഞപ്പന്‍ ഒരു ഒച്ചിനെ പോലെ ഒട്ടിപ്പിടിച്ച് ഇഴയുന്നു... ചെയിന്‍, സര്‍വ്വേ, ലിംഗ്സ്, കീഴാധാരം, മൂലാധാരം എന്നിവയിലൂടെ ഇഴഞ്ഞ്...ഇഴഞ്ഞ്'...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.