സെന്‍ട്രല്‍ പാര്‍ക്കില്‍ വന്‍ സുരക്ഷയോടെ പ്രദര്‍ശനത്തിനു വച്ച ഭീമന്‍ സ്വര്‍ണ്ണക്കട്ടി കണ്ടു ഞെട്ടി ജനം; മൂല്യം 11.7 മില്യണ്‍ ഡോളര്‍

 സെന്‍ട്രല്‍ പാര്‍ക്കില്‍ വന്‍ സുരക്ഷയോടെ പ്രദര്‍ശനത്തിനു വച്ച ഭീമന്‍ സ്വര്‍ണ്ണക്കട്ടി കണ്ടു ഞെട്ടി ജനം; മൂല്യം 11.7 മില്യണ്‍ ഡോളര്‍

ന്യൂയോര്‍ക്ക് : ജര്‍മ്മന്‍ കലാകാരന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ വാര്‍ത്തെടുത്ത 186 കിലോഗ്രാം ഭാരമുള്ള ഭീമന്‍ സ്വര്‍ണ്ണക്കട്ടി അതുല്യ ശില്‍പ്പമെന്ന നാട്യത്തില്‍ ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വന്‍ സുരക്ഷയോടെ പ്രദര്‍ശനത്തിനു വച്ചതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ കമന്റുകളുടെ പൂരം. 11.7 മില്യണ്‍ ഡോളര്‍ (87.35 കോടി രൂപ) വില വരുന്ന സ്വര്‍ണ്ണമുരുക്കി നിര്‍മ്മിച്ച ഈ ക്യൂബ് ഏകദിന പ്രദര്‍ശനത്തിനു വച്ചത് സെന്‍ട്രല്‍ പാര്‍ക്കിലെ നൗംബര്‍ഗ് ബാന്‍ഡ്‌ഷെല്‍ വേദിയുടെ മധ്യത്തിലായിരുന്നു.

അതിരാവിലെ ന്യൂയോര്‍ക്കിലെ പാര്‍ക്കില്‍ നടക്കാറിനിറങ്ങിയ ആളുകളാണ് ആ കാഴ്ച ആദ്യം കണ്ടത്; ഒരു ഭീമാകാരമായ ക്യൂബിന് കാവല്‍ നില്‍ക്കുന്ന വന്‍ സുരക്ഷാ സംഘം. കാര്യം തിരക്കിയതോടെ ആളുകള്‍ ഞെട്ടി. 186 കിലോഗ്രാം ഭാരമുള്ള ആ ഭീമന്‍ ക്യൂബ് ശുദ്ധമായ 24 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.നിക്ലാസ് കാസ്റ്റെല്ലോ എന്ന ജര്‍മ്മന്‍ കലാകാരനാണു ശില്‍പ്പി. മനുഷ്യരാശിയുടെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇത്രയധികം സ്വര്‍ണ്ണം ഒരൊറ്റ വസ്തുവിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടില്ലെന്നാണ് കലാ നിരൂപകര്‍ കണ്ടെത്തിയിട്ടുള്ളത്.

ഒരു ഔണ്‍സിന് 1,788 ഡോളര്‍ വീതം നല്‍കിയാണ് ക്യൂബ് നിര്‍മ്മാണത്തിനായി സ്വര്‍ണ്ണം വാങ്ങിയത്.ശില്‍പ്പം ഉരുവായത് സ്വിറ്റ്സര്‍ലന്‍ഡിലെ ആറൗവിലുള്ള ആര്‍ട്ട് ഫൗണ്ടറി എച്ച്. റൂറ്റ്സ്ചിയില്‍. ഒരു പ്രത്യേക ചൂള ക്യൂബ് നിര്‍മ്മാണത്തിനായി സൃഷ്ടിച്ചതായും കാസ്റ്റലിന്റെ ടീം പറഞ്ഞു. ചൂള 1,100 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയാണ് സ്വര്‍ണ്ണക്കട്ടികള്‍ ഉരുക്കിയത്.

സ്വര്‍ണ്ണം ശാശ്വതമായ ലോഹമാണെന്നും സൂര്യന്റെ, പ്രകാശത്തിന്റെ, നന്മയുടെ പ്രതീകമാണെന്നുമൊക്കെ വിശദീകരിക്കുന്നു ശില്‍പ്പി. അതേസമയം ഈ മാസം 21 നു പുറത്തിറക്കുന്ന തന്റെ ക്രിപ്റ്റോകോയിനിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനായാണ് 43 കാരനായ കാസ്റ്റെല്ലോ ഇത്തരമൊരു ക്യൂബ് നിര്‍മ്മിച്ചതെന്നു ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം ഉയരുന്നുണ്ട്, കലയെ 'ചൂതാട്ടസമാനമായ വമ്പന്‍ ബിസിനസു'മായി കലര്‍ത്തുന്നുവെന്ന കമന്റോടെ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.