യു.എ.ഇയില്‍ വത്തിക്കാന്‍ എംബസി തുറന്നു; ആര്‍ച്ച് ബിഷപ്പ് എഡ്ഗര്‍ പെന അപ്പോസ്‌തോലിക് നൂണ്‍ഷ്യോ

യു.എ.ഇയില്‍ വത്തിക്കാന്‍ എംബസി തുറന്നു; ആര്‍ച്ച് ബിഷപ്പ് എഡ്ഗര്‍ പെന അപ്പോസ്‌തോലിക് നൂണ്‍ഷ്യോ

അബുദാബി: ആര്‍ച്ച് ബിഷപ്പ് എഡ്ഗര്‍ പെന പരയെ യു.എ.ഇയിലെ വത്തിക്കാന്‍ സ്ഥാനപതിയായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ആദ്യമായിട്ടാണ് വത്തിക്കാന്റെ ഔദ്യോഗിക അംബാസിഡറായി യു.എ.ഇയില്‍ നൂണ്‍ഷ്യോയെ നിയമിക്കുന്നത്. യു.എ.ഇ തലസ്ഥാനമായ അബുദാബിയിലാണ് വത്തിക്കാന്റെ എംബസി (അപ്പോസ്‌തോലിക് ന്യൂണ്‍ഷിയേച്ചര്‍) പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവഴി യു.എ.ഇയുമായുള്ള വത്തിക്കാന്റെ ഊഷ്മളമായ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും അവിടെയുള്ള കത്തോലിക്ക സഭാ വിശ്വാസികളോടുള്ള മാര്‍പാപ്പയുടെ കരുതലിന്റെ അടയാളമായാണ് എംബസി തുറക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് എഡ്ഗര്‍ പെന പറഞ്ഞു.

വെള്ളിയാഴ്ച്ച യു.എ.ഇയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് എഡ്ഗര്‍ പെന പുതിയ അപ്പോസ്‌തോലിക് നൂണ്‍ഷ്യോ ആയി ചുമതലയേറ്റു.

മൂന്നു വര്‍ഷം മുന്‍പ് മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനത്തോടനുബന്ധിച്ച് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ചരിത്ര രേഖ ഒപ്പുവെച്ചിരുന്നു. ഇതിന്റെ അനുസ്മരണമായി ഫെബ്രുവരി നാലിന് അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായി ആചരിക്കുന്നു. ഈ ദിനത്തിലാണ് പുതിയ നൂണ്‍ഷ്യോ ചുമതലേയറ്റതെന്ന പ്രത്യേകതയുമുണ്ട്. ചുമതല ഏെറ്റടുത്തശേഷം ആര്‍ച്ച് ബിഷപ്പ് എഡ്ഗര്‍ പെന ഫ്രാന്‍സിസ് പാപ്പയുടെ യു.എ.ഇയോടുള്ള ആധ്യാത്മിക ബന്ധം വ്യക്തമാക്കിയുള്ള ആശംസകള്‍ നേര്‍ന്നു.

രാജ്യം സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്കും മാര്‍പാപ്പ ആശംസ നേര്‍ന്നു. തന്റെ നിയമനം വഴി യു.എ.ഇയുമായുള്ള വത്തിക്കാന്റെ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് ആര്‍ച്ച് ബിഷപ്പ് എഡ്ഗര്‍ പെന പറഞ്ഞു.

യു.എ.ഇയുമായി നയതന്ത്ര ബന്ധം തുടങ്ങിയതിന്റെ 15-ാം വാര്‍ഷികം കൂടിയാണിത്. സമൂഹത്തില്‍ വിശ്വാസത്തില്‍ അധിഷ്ഠിതമായ മതാത്മകത എത്രത്തോളം പ്രധാനപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞാണ് നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെടുകയും ശക്തമാക്കുകയും ചെയ്യുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

2019-ല്‍ അല്‍-അസ്ഹറിലെ വലിയ ഇമാമായ അഹ്‌മദ് അല്‍ തയെബുമായി ചേര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാനുഷിക സാഹോദര്യവുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഒപ്പുവച്ചത്. ക്രൈസ്തവരെയും ഇസ്ലാം മത വിശ്വാസികളെയും ഒരുമിപ്പിക്കുന്ന ചരിത്രരേഖയായി കാലം ഇതിനെ അടയാളപ്പെടുത്തുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പുതിയ നിയമനം വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ബന്ധവും ഊട്ടിയുറപ്പിക്കപ്പെടും. ഭാവിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങളുടെ വേദി കൂടിയാകും എംബസി. യു.എ.ഇയിലെ കത്തോലിക്ക വിശ്വാസികളുമായുള്ള ബന്ധം മാര്‍പാപ്പ ഏറെ വിലമതിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

പുതിയ വത്തിക്കാന്‍ എംബസി തുറക്കാന്‍ സകല പിന്തുണയും നല്‍കിയ യു.എ.ഇ. വിദേശ കാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ എന്നിവര്‍ക്കുള്ള നന്ദിയും ആര്‍ച്ച് ബിഷപ്പ് പ്രകടിപ്പിച്ചു

ഇതിനിടെ മനുഷ്യസാഹോദര്യത്തിന്റെ അന്താരാഷ്ട്ര ദിനാചരണം ദുബായ് എക്‌സ്‌പോയില്‍ ആചരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍-അസ്ഹറിലെ വലിയ ഇമാമും തമ്മില്‍ ഒപ്പുവച്ച ഉടമ്പടിയുടെ ഓര്‍മദിനം കൂടിയാണിത്. ലോകത്തെ സ്വാധീനിച്ച കഴിഞ്ഞകാല നേതാക്കള്‍ തങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കുന്ന വീഡിയോയും പങ്കുവച്ചു. മഹാത്മാ ഗാന്ധി, മദര്‍ തെരേസ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് തുടങ്ങിയവരുടെ വീഡിയോകളും പ്രദര്‍ശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.