ന്യുഡല്‍ഹി: ഈ വര്‍ഷത്തെ സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം ഇറക്കി. ഓണ്‍ലൈനായി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. ജൂണ്‍ അഞ്ചിനാണ് പ്രിലിമിനറി പരീക്ഷ. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഏകദേശം 861 ഒഴിവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് 34 ഒഴിവ്. ഒഴിവുകളുടെ എണ്ണത്തില്‍ മാറ്റം വരാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും. ഇവര്‍ മെയിന്‍ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം. മെഡിക്കല്‍ ബിരുദക്കാര്‍ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ സമയത്തു ഹാജരാക്കണം.
കൂടാതെ ബിരുദത്തിനു തുല്യമായ പ്രഫഷനല്‍/ടെക്‌നിക്കല്‍ യോഗ്യതയുള്ളവര്‍ക്കും പരീക്ഷയെഴുതാം. ആറ് തവണ പ്രിലിമിനറി എഴുതിയവര്‍ അപേക്ഷിക്കാന്‍ യോഗ്യരല്ല. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് ഇതു ബാധകമല്ല. മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും ഒന്‍പത് അവസരം ലഭിക്കും. പ്രായം, 2022 ഓഗസ്റ്റ് ഒന്നിന് 21-32 വയസ്. പട്ടിക വിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതര്‍ക്കു പത്തും വര്‍ഷം ഇളവുണ്ട്. വിമുക്തഭടന്‍മാര്‍ക്കും ഇളവുണ്ട്.
പ്രിലിമിനറി (ഒബ്ജക്ടീവ് പരീക്ഷ), മെയിന്‍ പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷയ്ക്കു കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും മെയിന്‍ പരീക്ഷയ്ക്ക് തിരുവനന്തപുരവുമാണ് കേന്ദ്രം.
200 മാര്‍ക്ക് വീതമുള്ള രണ്ടു ജനറല്‍ പേപ്പറുകളാണു പ്രിലിമിനറി പരീക്ഷയ്ക്ക്. ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ വീതം. നെഗറ്റീവ് മാര്‍ക്കുണ്ട്. രണ്ടാം പേപ്പര്‍ ക്വാളിഫയിങ് പേപ്പറാണ്. ഇതില്‍ 33 ശതമാനം മാര്‍ക്ക് നേടണം. മെയിന്‍ പരീക്ഷ ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലാണ്. പരീക്ഷയിലെയും അഭിമുഖത്തിലെയും മാര്‍ക്ക് പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുക.
ഫീസ് 100 രൂപ. ഓണ്‍ലൈനായും എസ്ബിഐ ശാഖകളിലും പണമടയ്ക്കാം. സ്ത്രീകള്‍ക്കും എസ്സി, എസ്ടി വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും ഫീസില്ല. upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. സിലബസ് ഉള്‍പ്പെടെ പരീക്ഷാക്രമവും മാര്‍ക്ക് വിവരങ്ങളും വിജ്ഞാപനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും upsc.gov.in എന്ന സൈറ്റില്‍ നിന്നും ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.