ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചന്നെ പരാതിയില്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ബിജെപി വിശദീകരണം നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി നേതാക്കള്‍ ഹരീഷ് റാവത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഹരീഷ് റാവത്ത് പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാളാണെന്ന് ചിത്രീകരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. ഇതിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഈ പരാതിയിലാണ് ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയത്.

പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണം, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഫെബ്രുവരി മൂന്നിനാണ് കോണ്‍ഗ്രസ് നേതാവായ ഹരീഷ് റാവത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. തുടര്‍ന്ന് ബിജെപി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

വിദ്വേഷം പടര്‍ത്താനാണ് ബിജെപിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. തൊട്ടുപിന്നാലെ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി സംസ്ഥാന ഘടകത്തോട് വിശദീകരണം ആരായുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.