തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ. ബി. അശോകനെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി സി.പി.എം തൊഴിലാളി സംഘടനയായ സി.ഐ.ടി.യു. ചെയര്‍മാന്‍ സര്‍ക്കാര്‍ നയം അട്ടിമറിക്കുകയാണെന്ന് ഓഫീസേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.
യൂണിയനുകള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്ന കെ.എസ്.ഇ.ബി ചെയര്‍മാന് ഗൂഢലക്ഷ്യമാണ്. അഴിമതി മൂടിവെയ്ക്കാനും രാഷ്ട്രീയ അജണ്ട നടപ്പാക്കാനുമാണ് ചെയര്‍മാന്‍ ശ്രമിക്കുന്നത്. ഇടത് യൂണിയനുകള്‍ അധികാര ദുരുപയോഗം നടത്തിയെന്ന കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സമരം ചെയ്യുന്ന സിഐടിയു നേതാക്കള്‍.
അശോക് ചെയര്‍മാനായി വന്നതിനു ശേഷം മേഖലയില്‍ അഴമതിക്കുള്ള കളമൊരുക്കുന്നുവെന്നാണ് മനസിലാക്കിയത്. അദ്ദേഹം ചെയര്‍മാനായി ശേഷം എടുത്ത ഏത് തീരുമാനം പരിശോധിച്ചാലും അധികാര, ധന ദുര്‍വിനിയോഗത്തിനുള്ള സാഹചര്യം കണ്ടതിനാലാണ് സിഐടിയു ഇടപെട്ടത്. ഇക്കാര്യം വൈദ്യുത മന്ത്രിയേയും അറിയിച്ചിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ച പല കാര്യങ്ങളും അദ്ദേഹത്തിന്റെ അധികാര കാലത്ത് കൂടിയാണ് നടന്നതെന്നും യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നുവെന്നായിരുന്നു ചെയര്‍മാന്‍ ഡോ. ബി. അശോകിന്റെ വിമര്‍ശനം. ബോര്‍ഡ് ആസ്ഥാനത്തെ സുരക്ഷയ്ക്ക് വ്യവസായ സുരക്ഷാ സേനയെ വിനിയോഗിച്ചതിനെതിരേ ഇടതു സംഘടനകള്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പഴയ ക്രമക്കേടുകള്‍ ആരോപിച്ച് 'കടയ്ക്കു തീ പിടിച്ചിട്ടില്ല; നാട്ടുകാര്‍ ഓടിവരേണ്ടതുമില്ല' എന്ന തലക്കെട്ടില്‍ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കഴിഞ്ഞ ശമ്പള പരിഷ്‌കരണം സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്നും ഇക്കാര്യം എ.ജി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
ഇതിനിടെ കെ.എസ്.ഇ.ബി ചെയര്‍മാന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം.എം മണിയും രംഗത്തെത്തി. തന്റെ ഭരണ കാലത്ത് എല്ലാം നിയമപരമായാണ് ചെയ്തത്. കൂടുതല്‍ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് പറയാം.
വൈദ്യുതി മന്ത്രി അറിഞ്ഞിട്ടാണോ ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും മണി ചോദിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡില്‍ പൊലീസ് സംരക്ഷണം വേണ്ടി വന്നില്ലെന്നും ഇപ്പോള്‍ വൈദ്യുതി ഭവനില്‍ പൊലീസിനെ കയറ്റേണ്ട നിലയുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടു നിന്നുവെന്നാണ് ചെയര്‍മാന്റെ പ്രധാന ആക്ഷേപം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.