കര്‍ണാടകയില്‍ കോളജുകള്‍ തുറന്നു; ഉഡുപ്പിയില്‍ നിരോധനാജ്ഞ

 കര്‍ണാടകയില്‍ കോളജുകള്‍ തുറന്നു; ഉഡുപ്പിയില്‍ നിരോധനാജ്ഞ

ബെംഗ്‌ളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കോളേജുകള്‍ തുറന്നു. കനത്ത സുരക്ഷയോടെയാണ് കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉഡുപ്പി നഗരത്തില്‍ പൂര്‍ണമായും, മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റര്‍ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ചില കുട്ടികള്‍ ഹിജാബ് ധരിച്ചു തന്നെയാണ് കോളജില്‍ പ്രവേശിച്ചത്. ചിലര്‍ അഴിച്ചു മാറ്റാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ചിലര്‍ അധ്യാപകരോട് തര്‍ക്കിക്കുന്ന സാഹചര്യവും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പ്രശ്‌നം ഉടലെടുത്തതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച ഉഡുപ്പിയിലെ കോളേജിലെ ആറ് വിദ്യാര്‍ഥികള്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് വിവരം.

ക്ലാസ് മുറിയില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവര്‍ത്തിച്ചാണ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ശിരോവസ്ത്രം ധരിക്കുന്നത് മതപരമായ സ്വത്വം പ്രകടിപ്പിക്കുന്നതു മാത്രമല്ലെന്നും വിശ്വാസത്തിന്റെ പേരിലുള്ള നിഷ്‌കളങ്കമായ ആചാരമാണെന്നും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു.

അതേസമയം കര്‍ണാടകയില്‍ സ്‌കൂളുകള്‍ തുറന്നതിന്റെ രണ്ടാം ദിവസവും ചില സ്‌കൂളുകളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസ് മുടങ്ങുന്ന സാഹചര്യവും ഉണ്ടായി. ചിക്കമംഗളൂരു ഇന്ദവാരയിലെ ഗവ. ഹൈസ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറാന്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് രക്ഷിതാക്കളും അധ്യാപകരും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവില്‍ സ്‌കൂളിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു.

എസ്.എസ്.എല്‍.സി മാതൃകാ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. മൈസൂരു ജില്ലയിലെ വിവിധ സ്‌കൂളുകളിലായി ഹിജാബ് ധരിച്ചെത്തിയ 43 വിദ്യാര്‍ഥിനികള്‍ക്ക് എസ്.എസ്.എല്‍.സി മാതൃകാ പരീക്ഷയില്‍ ഹാജരാകാനായില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുടകിലെ നെല്ലിഹുഡിഗേരി സ്‌കൂളിലെ ഏതാനും വിദ്യാര്‍ഥിനികള്‍ ഹിജാബ് ഒഴിവാക്കാന്‍ വിസമ്മതിച്ച് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഹിജാബ് വിഷയത്തില്‍ വിധി വരും വരെ കോളജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തില്‍ അടച്ചു പൂട്ടിയ കോളജുകള്‍ തുറക്കണമെന്നും കര്‍ണാടക ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ണാടക സര്‍ക്കാര്‍ കോളജുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.