കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 15)

കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 15)

മകനേ, ഞാൻ പറയുന്നത് ഹൃദയപൂർവ്വം കേൾക്കുക; എന്റെ മാർഗ്ഗം അനുവർത്തിക്കുക. സുഭാഷിതങ്ങൾ 23:24

രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാജ്ഞലിയിൽ ഒരു ഭിക്ഷക്കാരന്റെ രസകരമായ കഥയുണ്ട്. വീടുതോറും ഭിക്ഷയാചിച്ചു ഗ്രാമത്തിന്റെ ഇടവഴിയിലൂടെ നടക്കുമ്പോൾ അയാൾ സ്വപ്നത്തിലെന്നപോലെ ഒരു ദൃശ്യം കണ്ടു.

ആകാശത്തിലൂടെ തന്റെ നേരെ സ്വർണ്ണത്തേരിൽ അതാ ഒരു രാജാവ്. ഭിക്ഷക്കാരന്റെ പ്രതീക്ഷകൾക്ക് ചിറകുമുളച്ചു. എന്റെ കഷ്ടകാലം അവസാനിക്കാൻ പോകുന്നു. ഞാൻ ചോദിക്കാതെതന്നെ രാജാവ് എനിക്ക് വേണ്ടതെല്ലാം തരും അയാൾ സ്വപ്നം കണ്ടു. രാജാവിന്റെ തേര് മുന്നിൽ വന്നു നിന്നു. തേരിൽനിന്നിറങ്ങിയ രാജാവ് ഭിക്ഷുവിന്റെ അടുക്കലേക്കു വന്നു. ഭിക്ഷുവിൽ സന്തോഷം അലതല്ലി. പെട്ടന്ന്, തനിക്കു ദാനം തരുന്നതിന്നു പകരം രാജാവ് ഭിക്ഷുവിന്ന് മുന്നിൽ ഭിക്ഷക്കായി കൈനീട്ടിനിന്നു. ഇതെന്ത് തമാശ, രാജാവ് ഭിക്ഷക്കാരനോട് ഭിക്ഷചോദിക്കുകയോ! ഭിക്ഷക്കാരന് അത്ഭുതമായി. തെല്ലുനേരം എന്തുചെയ്യണം എന്നറിയാതെ നിന്നശേഷം അയാൾ തന്റെ ഭാണ്ഡത്തിൽ കൈയിട്ട് ഒരു ധാന്യമണി പുറത്തെടുത്തു. അത് രാജാവിനു നൽകി. രാജാവ് സന്തോഷത്തോടെ അതുവാങ്ങി തന്റെ തേരിൽക്കയറി യാത്ര തുടർന്നു. ആ ദിവസത്തെപ്പഴിച്ച ഭിക്ഷക്കാരനും തന്റെ പ്രയാണം തുടർന്നു. വൈകുന്നേരം തനിക്കുകിട്ടിയ ഭിക്ഷയെല്ലാം തറയിൽ കുടഞ്ഞിട്ടത്തിൽ ഒരു സ്വർണ ധാന്യം. നിറമിഴികളോടെ അദ്ദേഹം ഓർത്തു. എനിക്കുള്ളതെല്ലാം രാജാവിന് സമർപ്പിക്കാനുള്ള ഹൃദയ വിശാലത എനിക്കുണ്ടായിരുന്നെങ്കിൽ.

ദൈവം എങ്ങനെ നമ്മുടെ ജീവിതത്തിൽ ഇടപെടുന്നു എന്നുള്ളതിന് ഉത്തമ ഉദാഹരണമാണിത്. നാം പൂർണമായി നമ്മളെ സമർപ്പിക്കാതെ ദൈവം പൂർണമായി നമ്മിൽ ഇടപെടില്ല. നമ്മുടെ വിചാരം നമ്മൾ പള്ളികൾ തോറും പോയാൽ അല്ലെങ്കിൽ, കുറച്ചു സമയം പ്രാർത്ഥിച്ചാൽ എല്ലാമായി എന്നാണ്. എന്നാൽ ദൈവം ആഗ്രഹിക്കുന്നത് പൂർണ്ണമായ സമർപ്പണമാണ്. നമ്മൾ എങ്ങനെ ഉള്ളവരെന്നല്ല മറിച്ച്, നമ്മൾ എത്ര ആത്മാർത്ഥതയോടെ ദൈവത്തിന്നു സമർപ്പിക്കുന്നു എന്നതനുസരിച്ചാണ് ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത്. നമ്മുടെ സമർപ്പണം പൂർണമെങ്കിൽ നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലും മഹത്തരമാകും. ക്രിസ്തീയ ജീവിതത്തിന്റെ പൂർണ്ണത നാം നമ്മളെ പൂർണ്ണമായും ദൈവത്തിന്നു സമർപ്പിക്കുന്നതിലാണ്.

സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവൻ നഷ്ട്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും. ലൂക്കാ 9 :24


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.