കേരള ബജറ്റില്‍ കര്‍ഷകരുടെയും കൃഷിഭൂമിയുടെയും സംരക്ഷണമുറപ്പാക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കേരള ബജറ്റില്‍ കര്‍ഷകരുടെയും കൃഷിഭൂമിയുടെയും സംരക്ഷണമുറപ്പാക്കണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: സര്‍ക്കാര്‍ മാര്‍ച്ച് 11ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കര്‍ഷകരുടെയും കൃഷിഭൂമിയുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്തും കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില പ്രഖ്യാപിച്ചും വന്യമൃഗ അക്രമത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കിയും കര്‍ഷകരുടെയും കൃഷിഭൂമിയുടെയും നിലനില്‍പ്പിനായുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളും സാമ്പത്തിക പാക്കേജുകളും സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടണം. 


ഭരണനിര്‍വ്വഹണത്തിനായി കടമെടുത്തും സാധാരണജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ചുമുള്ള സാമ്പത്തികസങ്കീര്‍ണ്ണമായ അവസ്ഥ മാറണമെങ്കില്‍ ഭരണച്ചെലവ് വെട്ടിച്ചുരുക്കണം. പദ്ധതികളുടെ പ്രഖ്യാപനങ്ങളല്ല നടപടികളാണ് ജനം നോക്കിക്കാണുന്നത്.

രാജ്യാന്തര തലത്തിലുള്ള കാര്‍ഷികമാറ്റങ്ങള്‍ക്ക് സംസ്ഥാനം വിധേയമാകുന്നില്ലെങ്കില്‍ കേരളത്തില്‍ കൃഷി പുറകോട്ടടിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് അടിസ്ഥാന മാറ്റം വേണ്ടത് ഏഴുപതിറ്റാണ്ട് പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ ഭൂനിയമങ്ങള്‍ പൊളിച്ചെഴുതുകയാണ്. 

മാറിയ കാലാവസ്ഥയില്‍ വിളമാറ്റകൃഷിക്ക് തടസ്സം നില്‍ക്കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതണം. പഴവര്‍ഗ്ഗകൃഷിക്ക് അനുകൂലമായി തോട്ടങ്ങള്‍ പരിവര്‍ത്തനം ചെയ്യപ്പെടണം. 


വന്യമൃഗ അക്രമം അതിരൂക്ഷമായിട്ടും പ്രഖ്യാപനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കുമപ്പുറം നടപടികളില്ലാത്തത് ദുഃഖകരമാണ്. കേന്ദ്രസര്‍ക്കാരിനെ മാത്രം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് ഭരണനേതൃത്വങ്ങള്‍ക്ക് ഭൂഷണമല്ല. ജനവാസമേഖലയിലിറങ്ങിയ ആന ചെരിഞ്ഞപ്പോള്‍ ആക്രോശിച്ചവര്‍ ആന ചവിട്ടിയരച്ച് മനുഷ്യജീവനെടുക്കുമ്പോള്‍ നിശബ്ദരാകുന്ന ക്രൂരതയ്ക്ക് അവസാനമുണ്ടാകണം. മനുഷ്യജീവനും കൃഷിഭൂമിയും സംരക്ഷിക്കാനും വിവിധ പെന്‍ഷന്‍ സമ്പ്രദായങ്ങളില്‍ സമ്പൂര്‍ണ്ണ പൊളിച്ചെഴുത്തിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാവണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.