സിസ്‌റ്റൈന്‍ ചാപ്പലിലെ മൈക്കലാഞ്ചലോ മാസ്റ്റര്‍പീസ് സൃഷ്ടികള്‍ ആസ്വദിക്കാന്‍ ഡാലസില്‍ അവസരം

സിസ്‌റ്റൈന്‍ ചാപ്പലിലെ മൈക്കലാഞ്ചലോ മാസ്റ്റര്‍പീസ് സൃഷ്ടികള്‍ ആസ്വദിക്കാന്‍ ഡാലസില്‍ അവസരം

ഡാലസ്: വത്തിക്കാന്‍ സിറ്റിയിലെ സിസ്‌റ്റൈന്‍ ചാപ്പലിന്റെ സീലിംഗിലെ മൈക്കലാഞ്ചലോയുടെ അതിപ്രശസ്ത കലാസൃഷ്ടികള്‍ ആസ്വദിക്കാന്‍ ഡാലസിലും അവസരം. ഇര്‍വിംഗ് മാളില്‍ ആണ് 'മൈക്കലാഞ്ചലോയുടെ സിസ്‌റ്റൈന്‍ ചാപ്പല്‍' പ്രദര്‍ശനം ആരംഭിച്ചിട്ടുള്ളത്. ലോകോത്തര ചിത്രകാരന്റെ മാസ്റ്റര്‍പീസുകളുടെ പ്രപഞ്ചത്തിലേക്ക് ചുവടുവെക്കാന്‍ ആസ്വാദകരെ ക്ഷണിച്ചുകൊണ്ട് അതേ വലുപ്പത്തിലുള്ള പകര്‍പ്പുകളുടെ ശേഖരം കലാപരമായി ക്രമീകരിച്ചിരിക്കുന്നു.

ചരിത്രത്തിലെ ഏറ്റവും ആസ്വാദ്യകരവും സ്വാധീനം ചെലുത്തുന്നതുമായ കലാസൃഷ്ടി സഞ്ചയത്തിന്റെ അതുല്യതയും മഹിമയും ഡാലസില്‍ പരിചയപ്പെടാനുള്ള അവസരം മാര്‍ച്ച് 27 വരെയാകും. ബുധന്‍ മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ തുറന്നിരിക്കും.സീ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ആണ് എക്‌സിബിഷന്റെ സംഘാടകര്‍.

വത്തിക്കാന്‍ സിറ്റിയിലെ സിസ്‌റ്റൈന്‍ ചാപ്പലില്‍, പ്രതിദിനം ശരാശരി 20,000 സന്ദര്‍ശകരാണ് മൈക്കലാഞ്ചലോയുടെ മഹാപ്രതിഭ കണ്ടറിയാനെത്തുന്നത്. സിസ്‌റ്റൈന്‍ ചാപ്പലില്‍ കലാസൃഷ്ടികള്‍ ആസ്വദിക്കാന്‍ പോയപ്പോള്‍ ജനത്തിരക്കു മൂലം തങ്ങളുടെ സിഇഒ മാര്‍ട്ടിന്‍ ബിയാലസ്പയ്ക്ക് ഉണ്ടായ ദുരനുഭവമാണ് ഇത്തരത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ വഴി തെളിച്ചതെന്ന് സീ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ എക്‌സിബിഷന്‍ വക്താവ് മെലാനി നെല്‍സണ്‍ പറഞ്ഞു. 'ആളുകള്‍ വേണ്ടത്ര സമയമെടുത്ത് കലയുടെ ഭംഗി ആസ്വദിക്കാനാകണമെന്ന് അദ്ദേഹം കരുതി.യഥേഷ്ടം ചിത്രങ്ങളും എടുക്കാന്‍ കഴിയണം.'

'ആദാമിന്റേതുള്‍പ്പെടെയുള്ള വിശ്രുത പെയിന്റിംഗുകളും , ചാപ്പലിന്റെ അള്‍ത്താരയുടെ പിന്നിലെ 'അന്ത്യവിധി'യും തുടങ്ങി 34 ചിത്രങ്ങളുടെയും പുനര്‍നിര്‍മ്മാണങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.ആര്‍ട്ട് ലൈസന്‍സിംഗ് കമ്പനിയായ ബ്രിഡ്ജ്മാന്‍ ഇമേജസ് മുഖേന ചാപ്പലുമായി ബന്ധപ്പെട്ടാണ് ഓരോ കലാസൃഷ്ടിയും 10-അടി ക്യാന്‍വാസുകളില്‍ പുനരവതരിപ്പിച്ചത്. എല്ലാ പെയിന്റിംഗിന്റേയും ചരിത്രം, കലാപരമായ സ്വാധീനം എന്നിവയുടെ ഓഡിയോ വിവരണവുമുണ്ട്.സ്റ്റാര്‍ ട്രെക്ക്, കിംഗ് ട്യൂട്ട്, ടൈറ്റാനിക്, ഫ്രിഡ കഹ്ലോ, മൈക്കല്‍ ജാക്സണ്‍ തുടങ്ങിയ തീം എക്സിബിഷനുകളുടെ സംഘാടകരാണ് സീ ഗ്ലോബല്‍.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു പുനര്‍നിര്‍മ്മിച്ച മാസ്റ്റര്‍പീസുകള്‍ തറയില്‍ നിന്ന് സീലിംഗ് വരെ വിശാലമായി ക്രമീകരിച്ചിരിക്കുന്നു.എക്‌സിബിഷന്‍ സന്ദര്‍ശിച്ച കരോള്‍ട്ടണിലെ പാറ്റി വെതര്‍ഡ് പറഞ്ഞു:'ഞാന്‍ സിസ്‌റ്റൈന്‍ ചാപ്പലില്‍ പോയിട്ടുണ്ട്.പക്ഷേ, ശരിയായി ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഇത് അതിശയകരമാണ്. കൂടുതല്‍ വിശദാംശങ്ങളുണ്ട്. സീലിംഗ് വളരെ ഉയര്‍ന്നതായതിനാല്‍ നിങ്ങള്‍ക്ക് ചാപ്പലില്‍ ആയിരിക്കുമ്പോള്‍ വിശദാംശങ്ങള്‍ കാണാന്‍ കഴിയണമെന്നില്ല.'

'സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ എനിക്ക് മൈക്കലാഞ്ചലോയെ ഇഷ്ടമായിരുന്നു,' സ്മിത്ത്വില്ലില്‍ നിന്ന് പെയിന്റിംഗുകള്‍ കാണാന്‍ വന്ന ടീന ബര്‍ പറഞ്ഞു. ' എന്റെ പ്രിയപ്പെട്ട കലാകാരനാണദ്ദേഹം. ആ മാസ്റ്റര്‍പീസുകള്‍ അതേപോലെതന്നെ തൊട്ടടുത്ത് കാണാന്‍ കഴിയുന്നു. 'യഥാര്‍ത്ഥ പെയിന്റിംഗുകളല്ലെങ്കിലും, അവയുടെ കൃത്യ വലുപ്പവും ഭാവവും അതിശയിപ്പിക്കുന്നതാണ് - ഡാലസിലെ ടിം ബ്രണ്ണന്‍ ചൂണ്ടിക്കാട്ടി. സന്ദര്‍ശനത്തിന് ശരാശരി ഏകദേശം 60 മുതല്‍ 90 മിനിറ്റ് വരെ എടുക്കും.എല്ലാ പ്രായക്കാര്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.