സംസ്ഥാനത്തെ കോളേജുകളില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസം; ഷിബു ബേബി ജോണ്‍

സംസ്ഥാനത്തെ കോളേജുകളില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസം; ഷിബു ബേബി ജോണ്‍

തിരുവനന്തപുരം: കേരളത്തിലെ കോളേജുകളില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസമെന്ന് രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ഷിബു ബേബി ജോണ്‍. കഴിഞ്ഞദിവസം ശാസ്താംകോട്ട കോളേജിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മറവില്‍ വ്യാപക ആക്രമണമാണ് എസ്എഫ്‌ഐ വേഷമണിഞ്ഞ ഗുണ്ടകള്‍ അഴിച്ചുവിടുന്നതെന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പ്രതികരിച്ചു.

'കലാലയങ്ങളില്‍ രാഷ്ട്രീയം ഇല്ലാത്തതിന്റെ പോരായ്മകള്‍ കര്‍ണാടകയില്‍ ദൃശ്യമാകുമ്പോള്‍, കേരളത്തിലെ കലാലയ രാഷ്ട്രീയത്തിലെ ദൂഷ്യവശങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ക്യാമ്പസുകളില്‍ കാണാന്‍ കഴിയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ ചവറയില്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള കോളേജിന്റെ മുന്‍വശത്തെ ഗേറ്റില്‍ പൊലീസ് കാവല്‍ നില്‍ക്കുമ്പോള്‍, എംഎല്‍എയുടെ വീടിനോട് ചേര്‍ന്നുള്ള ഗേറ്റ് തുറന്നു കൊടുത്ത് അക്രമികളെ അകത്തേക്ക് കയറ്റി തങ്ങള്‍ക്കെതിരെ മത്സരിച്ചവരെയെല്ലാം തല്ലിച്ചതയ്ക്കുന്ന കാഴ്ച്ചയാണ് കണ്ടത്. കുന്നത്തൂരിലും ചവറയിലും നടന്ന ആക്രമണത്തിനു പിന്നാലെ അന്തരിച്ച മുന്‍ എംഎല്‍എ തോപ്പില്‍ രവിയുടെ കൊല്ലത്തെ സ്മാരക സ്തൂപവും കഴിഞ്ഞ രാത്രി ഇരുട്ടിന്റെ മറവില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.

കര്‍ണാടകത്തില്‍ ബിജെപി ഭരണകൂടം വര്‍ഗീയ ഫാസിസത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ കേരളത്തിലെ സിപിഎം അത് രാഷ്ട്രീയ ഫാസിസം ആയി രൂപപ്പെടുത്തുന്നു. കലാലയങ്ങള്‍ സര്‍ഗ്ഗപ്രതിഭകളെ വാര്‍ത്തെടുക്കുന്ന കേന്ദ്രങ്ങളായി പണ്ട് മാറിയിരുന്നെങ്കില്‍ ഇന്നത് അക്രമികളെ രൂപപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ ആയി മാറ്റുകയാണ് സംസ്ഥാനം ഭരിയ്ക്കുന്ന ഭരണകൂടം.’ ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ജനാധിപത്യ ബോധത്തിന്റെ അവസാനകണിക പോലും നശിച്ച നിലയിലേക്ക് ഇവിടത്തെ കലാലയ രാഷ്ട്രീയത്തെ കൊണ്ടെത്തിച്ചതാരാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ഗവര്‍ണറെയും വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയിരുന്നു. ജനാധിപത്യ കേരളത്തിലെ ഹാസ്യ കഥാപാത്രങ്ങളായി മുഖ്യമന്ത്രിയും ഗവര്‍ണറും മാറിയിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.