ഉക്രെയ്‌നില്‍ റഷ്യന്‍ അനുകൂല വിമതരുടെ ഷെല്ലാക്രമണം; രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ്

ഉക്രെയ്‌നില്‍  റഷ്യന്‍ അനുകൂല വിമതരുടെ ഷെല്ലാക്രമണം; രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ്

കീവ്: കിഴക്കന്‍ ഉക്രെയ്‌നില്‍ റഷ്യന്‍ പിന്തുണയുള്ള വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍ സേന. നാലു സൈനികര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിമതര്‍ 70 തവണ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതായും സേന ആരോപിച്ചു.

അതേസമയം, അതിര്‍ത്തിയില്‍ റഷ്യ നടത്തുന്ന പ്രകോപനങ്ങളോട് തങ്ങള്‍ പ്രതികരിക്കില്ലെന്നും എന്നാല്‍ റഷ്യ ആക്രമിച്ചാല്‍ പ്രത്യാക്രമണത്തിന് തയാറാണെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉക്രെയ്‌നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപനങ്ങളിലൂടെയും വെടിനിര്‍ത്തല്‍ ലംഘനങ്ങളിലൂടെയും മേഖലയില്‍ അരക്ഷിതാവസ്ഥ വ്യാജമായി നിര്‍മിച്ചെടുക്കാനും അതുവഴി ഉക്രെയ്‌നില്‍ ആക്രമണം നടത്താനും റഷ്യ പദ്ധതിയിടുകയാണെന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ആരോപിച്ചു. യൂറോപ്പില്‍ ഒരു വന്‍ യുദ്ധം സംഭവിക്കാന്‍ 1945 മുതല്‍ റഷ്യ ശ്രമിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കുറ്റപ്പെടുത്തി.

ഉക്രെയ്ന്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഷെല്ലാക്രമണമുണ്ടായതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉക്രെയ്ന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ ഡെനിസ് മൊണാസ്റ്റിര്‍സ്‌കി സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കവേയായിരുന്നു ആക്രമണം. ആര്‍ക്കും പരിക്കേറ്റില്ല. റഷ്യന്‍ പാരാമിലിട്ടറി സംഘമായ വാഗ്‌നര്‍ ടീം ഉക്രെയ്‌നില്‍ പ്രവേശിച്ചതായും വിമത പിന്തുണയോടെ അട്ടിമറിക്ക് ശ്രമം നടത്തുന്നതായും വിവരം ലഭിച്ചതായി മന്ത്രി പറഞ്ഞു.

റഷ്യന്‍ കടന്നുകയറ്റം ഏതു നിമിഷവും സംഭവിക്കാമെന്നാണ് യു.എസും പശ്ചാത്യ രാജ്യങ്ങളും മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. എന്നാല്‍, സൈനികരെ പിന്‍വലിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യ രംഗത്തെത്തിയിരുന്നു. ഇതിന് തെളിവായി സൈനികര്‍ മടങ്ങുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍, റഷ്യയെ വിശ്വാസത്തിലെടുക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ തയാറായിട്ടില്ല. ചെറിയ ആക്രമണങ്ങളിലൂടെ പ്രകോപനം സൃഷ്ടിക്കാനും തിരിച്ചടിയുണ്ടായാല്‍ ഉക്രെയ്‌നിലേക്ക് കടന്നുകയറാനുമാണ് റഷ്യ ശ്രമിക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

യുദ്ധസാധ്യത നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹാരത്തിനുള്ള ശ്രമവും സജീവമാണ്. യു.എസ്, റഷ്യന്‍ പ്രതിരോധ തലവന്മാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും ഈയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണവുമായി റഷ്യ

മേഖലയില്‍ പിരിമുറക്കും തുടരുന്നതിനിടെ വന്‍നാശം വിതക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം റഷ്യ നടത്തിയതും ആശങ്ക വര്‍ധിപ്പിച്ചു. ഹൈപ്പര്‍സോണിക്, ക്രൂയിസ്, ആണവവാഹിനിയായ ബാസിസ്റ്റിക് മിസൈലുകളാണ് കഴിഞ്ഞ ദിവസം റഷ്യ വിജയകരമായി പരീക്ഷിച്ചത്. റഷ്യന്‍ സൈനിക മേധാവി വലേറി ജെറാസിമോവ് ആണ് പരീക്ഷണവിവരം പുറത്തുവിട്ടത്.

പരീക്ഷണം നടത്തിയ എല്ലാ മിസൈലുകളും ലക്ഷ്യസ്ഥാനത്തു തന്നെ പതിച്ചെന്ന് ജെറാസിമോവ് അറിയിച്ചു. റഷ്യന്‍ സേനയുടെ പ്രകടനം കൂടുതല്‍ കാര്യക്ഷമമാക്കുകയായിരുന്നു മിസൈല്‍ പരീക്ഷണങ്ങളുടെ പ്രധാന ലക്ഷ്യം.

ബെലാറസിലെ റഷ്യന്‍ സൈനികതാവളത്തില്‍ വച്ചായിരുന്നു മിസൈല്‍ പരീക്ഷണം. ടിയൂ-95 ബോംബറുകളും അന്തര്‍വാഹിനികളുമെല്ലാം പരീക്ഷണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് റഷ്യ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നത്. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ സുലവാഷെങ്കോയ്ക്കൊപ്പമിരുന്ന് ജെറാസിമോവ് പരീക്ഷണദൃശ്യങ്ങള്‍ വീക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.